മുംബൈ: ബാർക്കിനെ വമ്പൻ പ്രതിസന്ധിയിലാക്കി മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലുകൾ. ടെലിവിഷൻ റേറ്റിങ് പോയിന്റ്‌സ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് എതിരെ പൊലീസ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ വെട്ടിലാകുന്നത് ബാർക്കാണ്.

ചാനലിന്റെ റേറ്റിങ് പെരുപ്പിച്ചു കാണിക്കാൻ അർണബ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയ്ക്ക് പല തവണ പണം നൽകിയെന്ന് പൊലീസ് ആരോപിക്കുന്നു. ഇതോടെ ഈ കേസിലും അർണാബിനെ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്. നേരത്തെ ആർക്കിടെക്കിന്റെ ആത്മഹത്യയിൽ അർണബിനെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 2017ൽ ദാസ്ഗുപ്തയ്ക്ക് 6,000 യുഎസ് ഡോളർ ലോവർ പരേലിലെ നക്ഷത്ര ഹോട്ടലിൽ അർണബ് കൈമാറിയെന്നാണ് പുതിയ ആരോപണം

ആ വർഷം തന്നെ കുടുംബത്തിനൊപ്പമുള്ള ദാസ്ഗുപ്തയുടെ സ്വിറ്റ്സർലൻഡ്, ഡെന്മാർക് യാത്രകളുടെ ചെലവു വഹിച്ചതും അർണബാണ്. 2018ൽ 20 ലക്ഷം രൂപയും 2019ൽ 10 ലക്ഷം രൂപയും കൊടുത്തു. ദാസ്ഗുപ്തയുടെ കസ്റ്റഡി 30 വരെ നീട്ടിയിട്ടുണ്ട്. റിപ്പബ്ലിക് ടിവി ഉൾപ്പെടെയുള്ള ചാനലുകൾ പണവും സ്വാധീനവും ഉപയോഗിച്ച് ചാനൽ റേറ്റിങിൽ കൃത്രിമം കാട്ടി പരസ്യവരുമാനം വർധിപ്പിക്കാൻ ശ്രമിച്ചു എന്ന കേസാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതുവരെ 15 പേർ അറസ്റ്റിലായി.

കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പാർത്തോ ദാസ് ഗുപ്തയാണ് സംഭവത്തിന്റെ സൂത്രധാരനെന്നും റേറ്റിങ് പോയിന്റിൽ കൃത്രിമം കാണിച്ച് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതൽ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ പാർത്തോ ദാസ് ഗുപ്തയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടിവിയുടെ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളുടെ ടിആർപിയിൽ കൃത്രിമത്വം കാണിക്കാൻ അർണബ് ഗോസ്വാമി പാർത്തോ ദാസ് ഗുപ്തയ്ക്കും മറ്റൊരു മുതിർന്ന ബാർക് ഉദ്യോഗസ്ഥനും പണം നൽകിയെന്നും കുറിപ്പിൽ ആരോപിക്കുന്നു. ബാർക്ക് മുൻ സി.ഒ.ഒ റോമിൽ രാംഗഢിയ ചില ചാനലുകൾക്ക് രഹസ്യ വിവരങ്ങൾ നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ആരോപണമുണ്ട്.

പാർത്തോ ദാസ് ഗുപ്ത തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും റിപ്പബ്ലിക് ഭാരത്, റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകളുടെ ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിക്കുകയു ചെയ്തു. അദ്ദേഹം ബാർക് സിഇഒ ആയിരിക്കെ, അർണബ് ഗോസ്വാമിക്കും മറ്റുള്ളവർക്കുമൊപ്പം ഗൂഢാലോചന നടത്തെയെന്നും റിമാൻഡ് റിപ്പോർട്ട് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ ആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചൻധാനി മുംബൈയിൽ അറസ്റ്റിലായിരുന്നു.

ഹൻസ റിസർച്ച് ഉദ്യോഗസ്ഥനായ നിതിൻ ദിയോക്കർ നൽകിയ പരാതിയെത്തുടർന്നാണ് മുംബൈ പൊലീസ് ഒക്ടോബർ ആറിന് എഫ്‌ഐആർ സമർപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. മഹാരാഷ്ട്ര പൊലീസ് മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ആരോപിച്ചിരുന്നു. റിപ്പബ്ലിക് ടിവിയെക്കൂടാതെ, രണ്ട് മറാഠി ചാനലുകളും ടിആർപി കൂട്ടാൻ അനധികൃതമായി പണം നൽകിയിരുന്നുവെന്നാണ് മുംബൈ പൊലീസിന്റെ കേസ്.

ഉയർന്ന ടിആർപി റേറ്റിങ് മൂലം പരസ്യങ്ങൾക്ക് അമിത നിരക്ക് ഈടാക്കാനാകും. അതേസമയം, കേസിൽ ഉൾപ്പെട്ട ചാനലുകൾ ആരോപണം നിഷേധിച്ചിട്ടുണ്ട്.