മുംബൈ: റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ജീവനൊടുക്കിയ കേസിൽ ജുഡീഷ്യൻ കസ്റ്റഡിയിൽ കഴിയുന്ന ചാനൽ ഉടമയും എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസ്വാമിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിൽ അസാധാരണ സാഹചര്യമില്ലെന്നും അർണബിനോടും ആരോപണവിധേയരായ മറ്റു രണ്ടു പേരോടും അലിബാഗ് സെഷൻസ് കോടതിയെ സമീപിക്കാനും കോടതി ഉത്തരവിട്ടു.

ഹർജിയിൽ നാല് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ബോംബെ ഹൈക്കോടതി നിർദേശിച്ചു. ഇതോടെ അർണബിന്റെ ജുഡീഷ്യൽ കസ്റ്റഡി ആറ് ദിവസം പിന്നിട്ടു. അതേസമയം ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അർണബിനെ അലിബാഗിലെ ജയിലിൽ നിന്നും തലേബാഗിലെ ജയിലിലേക്ക് മാറ്റിയിരുന്നു. ആത്മഹത്യാപ്രേരണക്കേസിൽ അർണബിനെ പ്രതിദിനം മൂന്ന് മണിക്കൂർ തലോജ ജയിലിൽ ചോദ്യം ചെയ്യാൻ അലിബാഗ് സെഷൻസ് കോടതി പൊലീസിന് അനുമതി നൽകിയതും അദ്ദേഹത്തിനു തിരിച്ചടിയായി.

പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ ഹർജിയിലാണ് നടപടി. തലേബാഗിലെ ജയിലിലേക്ക് മാറ്റുമ്പോൾ താൻ ജയിലിൽ മർദ്ദനത്തിന് ഇരയായതായും ജീവന് ആപത്തുണ്ടെന്നും കൂടി നിന്ന മാധ്യമങ്ങളോടായി അർണബ് വിളിച്ചു പറഞ്ഞു. അതിനിടെ, അർണബ് ഗോസ്വാമിയുടെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക അറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ ഫോണിൽ വിളിച്ചു.