തിരുവനന്തപുരം: ടൈംസ് നൗ വിട്ടിറങ്ങിയ അർണബ് ഗോസ്വാമി സ്വന്തം ചാനൽ റിപബ്ലിക് തുടങ്ങുന്നുമ്പോൾ എത്തുന്നത് മലയാൡയുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തേക്ക്. ഏഷ്യാനെറ്റ് ന്യൂസ് സർവീസിന്റെയും എആർജി ഔട്ട്‌ലെർ മീഡിയയുടെയും സംയുക്ത സംരംഭമാണ് റിപബ്ലിക് ടിവി എന്നു വ്യക്തമാക്കി അർണബിന്റെ ടീസർ വീഡിയോ പുറത്തുവന്നു. ഇതിലാണ് ഏഷ്യാനെറ്റിൽ അർണബിന്റെ ഇടം സംബന്ധിച്ചു വ്യക്തത വന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ ജൂപ്പിറ്റർ ഗ്രൂപ്പ് ചെയർമാനും ബിജെപിയുടെ രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖരനാണ് റിപബ്ലിക് ടിവിയുടെ സഹ സംരംഭകരായ എആർജി ഔട്ട്‌ലിയറിന്റെ പ്രധാന നിക്ഷേപകൻ.

കഴിഞ്ഞവർഷം ടൈംസ് നൗ ചാനലിന്റെ വാർത്താ വിഭാഗം വൈസ് പ്രസിഡന്റ് എഡിറ്റർ ഇൻ ചീഫ് സ്ഥാനങ്ങളിൽനിന്ന് രാജിവച്ചിറങ്ങിയ അർണബ് നവംബറിലാണ് പുതിയ ചാനൽ പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തെക്കുറിച്ചും പ്രഖ്യാപിച്ചിരുന്നു. സംഘപരിവാർ സഹയാത്രികനായ മാധ്യമപ്രവർത്തകൻ എന്ന പേരു സമ്പാദിച്ചിട്ടുള്ള അർണബ് ബിജെപി എംപിയായ രാജീവിനൊപ്പം ചേരുന്നത് വലിയ ചർച്ചയ്ക്കാണു വഴിവച്ചിരുന്നത്. അതിനു പിന്നാലെയാണു മലയാളത്തിലെ ഒന്നാം സ്ഥാനത്തുള്ള വാർത്താ ചാനലിന്റെ സംരംഭത്വത്തിലാണ് റിപബ്ലിക് ഓൺ എയർ ആകുന്നതെന്ന വിവരം പുറത്തുവരുന്നത്.

പ്രേക്ഷകർക്ക് ഒരു പോസ്റ്റ് കാർഡിൽ കത്തെഴുതുന്ന രീതിയിലാണു ടീസർ വീഡിയോ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ആരും ശ്രദ്ധിച്ചില്ലെന്നും ഉയർത്തിക്കൊണ്ടുവന്നില്ലെന്നുമാണ് ടീസറിലൂടെ അർണബ് പറയുന്നത്. രാപകലില്ലാതെ താനും തന്റെ ടീമും ജനങ്ങളുടേതായ മാധ്യമം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഈ സ്വപ്‌നം നിങ്ങളുടെ ഓരോരുത്തരേടുമാണ്. ഞാൻ തിരിച്ചുവരുന്നു. ഉടൻതന്നെ നമുക്കു കാണാം എന്നെഴുതിക്കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങൾ അവതരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പൂർണമായി സംഘപരിവാർ സ്വഭാവം കൊണ്ടുവരുന്നതാണ് അർണബിന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും നീക്കമെന്നാണു വ്യക്തമാകുന്നത്. ഏഷ്യാനെറ്റിന്റെ രാഷ്ട്രീയ നിലപാടുകൾ സംഘപരിവാറിനോട് അടുത്തുനിൽക്കുന്നതാണെന്നു കുറച്ചുകാലമായി ശക്തമായ അഭിപ്രായമുണ്ട്. അതുകൂടി ശരിവയ്ക്കുന്നതാണ് അർണബിന്റെ ടീസർ. 

 

ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെ തൻ ചെയർമാനായ മുഴുവൻ സ്ഥാപനങ്ങളിലും സംഘപരിവാർ ആശയമുള്ളവരെ മാത്രം ജോലിക്കു നിയമിച്ചാൽ മതിയെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശം കുറച്ചുനാളുകൾക്കു മുമ്പു വിവാദമായിരുന്നു. രാജീവിന്റെ നിർദ്ദേശപ്രകാരം ജൂപ്പിറ്റർ ഗ്രൂപ്പ് സിഇഒ അമിത് ഗുപ്തയാണ് എഡിറ്റോറിയൽ തലവന്മാർക്ക് ഇമെയിൽ അയച്ചത്. ഇതിനിടയിൽ, ജന്മഭൂമി എഡിറ്ററായിരുന്ന ഹരി എസ് കർത്തയെ എഡിറ്ററാക്കാനും നീക്കം നടന്നു. ഇതിന്റെ ജീവനക്കാർ പരാജയപ്പെടുത്തുകയായിരുന്നു. ഇടതു സഹയാത്രികനായ പ്രമുഖ മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണനാണ് ഇപ്പോൾ ചാനലിന്റെ എഡിറ്റർ. എം ജി രാധാകൃഷ്ണനെ നിലനിർത്തിക്കൊണ്ടുതന്നെ സംഘപരിവാർ ആശയങ്ങൾ ചാനലിലൂടെ നടപ്പാക്കാനാണ് ഇപ്പോൾ രാജീവ് ചന്ദ്രശേഖറിന്റെ നീക്കം. അതിനിടയിൽ, ഏഷ്യാനെറ്റ് ന്യൂസ് വിഭാഗത്തിൽനിന്ന് ഡിജിറ്റൽ മീഡിയാ വിഭാഗത്തെ അടർത്തി മാറ്റാനും ശ്രമം നടക്കുന്നുണ്ട്.

റിപബ്ലിക് ചാനൽ വരുന്നതോടെ ഒരൊറ്റ കുടക്കീഴിലേക്കു പുതിയ റിപബ്ലിക് ചാനലും ഏഷ്യാനെറ്റിന്റെ സർവ ചാനലുകളും ഇനി നിയന്ത്രിക്കുക അർണബായിരിക്കും. എം ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായി തുടരുമെങ്കിലും ഗ്രൂപ്പ്എഡിറ്റർ എന്ന നിലയിൽ അർണബിനായിരിക്കും പരിപൂർണ ചുമതലയും ഉത്തരവാദിത്തവും. അതായത്, കേരളത്തിലെ ഏഷ്യാനെറ്റിന്റെ വാർത്താവിഭാഗം തീരുമാനിക്കുന്നതിനേക്കാൾ വാർത്തകളിൽ നയം രൂപീകരിക്കുക അർണബ് തന്നെയായിരിക്കും. ഏഷ്യാനെറ്റ് ന്യൂസിൽ ഇപ്പോഴുള്ളതിൽ ഭൂരിഭാഗവും ഇടതുചിന്തയുള്ള മാധ്യമപ്രവർത്തകരാണ്. അർണബിന്റെ വരവിൽ ഇവർ അസ്വസ്ഥരാണെന്നാണ് സൂചന.