ന്യൂഡൽഹി: വാർത്തയിൽ നിഷ്പക്ഷത പാലിക്കാതെ പക്ഷം പിടിച്ച് തന്റെ വാദം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ മിടുക്കനാണ് അർണാബ് ഗോസ്വാമി. ജെഎൻയു വിഷയത്തിൽ അടക്കം ഇക്കാര്യം വ്യക്തമായി കണ്ടതാണ്. രാജ്യസ്‌നേഹി ചമഞ്ഞ് വിദ്യാർത്ഥികളെ അധിക്ഷേപിച്ച ടൈംസ് നൗ അവതാരകൻ ഏറെ നാണം കെടേണ്ടിയും വന്നു. ഇപ്പോഴിതാ സമാനമായി രീതിയിൽ അർണാബ് ഗോസ്വാമി വീണ്ടും വിവാദത്തിൽ ചാടിയിരിക്കുന്നു. വാർത്തയിൽ നിഷ്പക്ഷത പാലിക്കാതെ ചാനൽ ചർച്ചയിൽ അധിക്ഷേപം ചൊരിഞ്ഞതിന് അർണാബിന് അമ്പതിനായിരം രൂപ പിഴ ചുമത്തി.

നാഷണൽ ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ് അഥോറിറ്റിയാണ് പിഴ ചുമത്തിയത്. വിവാദമായ ജസ്ലീൻ കൗർ സംഭവത്തിൽ അർണാബ് നയിച്ച ചർച്ചയിൽ നിഷ്പക്ഷത പാലിച്ചില്ലെന്നാണ് പരാതി. ആം ആദ്മി പാർട്ടി പ്രവർത്തകയായ ജസ്ലീൻ കൗറിനോട് സർവജീത് കൗർ എന്ന ചെറുപ്പക്കാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ നടത്തിയ ചർച്ചയിലുടനീളം സർവജീതിനെ ലൈംഗിക വൈകൃതം പ്രവർത്തിക്കുന്നയാൾ എന്ന അർത്ഥത്തിൽ പെർവേർട്ട് എന്ന് വിളിച്ചു പരിഹസിച്ചു. എന്നാൽ പിന്നീട് വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സർവജീത് തെറ്റുകാരനല്ലെന്ന് വ്യക്തമായിരുന്നു.

വിഷയം പഠിക്കാതെ സർവജീതിനെ ഏകപക്ഷീയമായി കുറ്റക്കാരനായി ചിത്രീകരിക്കുന്ന നിലപാടാണ് അർണാബ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അർണാബിന് പിഴ ചുമത്തിയത്. അടുത്തിടെ ജെ.എൻ.യു വിഷയത്തിലും ചാനൽ ചർച്ചയിൽ അർണാബ് ഗോസ്വാമി ഏകപക്ഷീയ നിലപാട് സ്വീകരിച്ചതായി ആരോപണം ഉയർന്നിരുന്നു.

ഈ മാസം 22ന് വ്യക്തമായ അക്ഷരത്തിലും ശബ്ദത്തിലും ക്ഷമാപണം സംപ്രേഷണം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. അടുത്തിടെ ജെഎൻയു വിഷയത്തിൽ നടന്ന ചർച്ചയിലും സമാനമായി വിധത്തിൽ അർണാബ് ഗോസ്വാമി പെരുമാറിയെന്ന ആക്ഷേപം ഉയർന്നിരുന്നു. വിദ്യാർത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാൻ അർണാബ് വെമ്പൽ കൊണ്ടു എന്നതായിരുന്നു ആരോപണം. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതു ചർച്ച ചെയ്യാൻ വെല്ലുവിളിച്ച് സാമൂഹ്യ പ്രവർത്തക കവിത കൃഷ്ണനും രംഗത്തുണ്ടായിരുന്നു.