മുംബൈ: ടൈംസ് നൗ ചാനലിന്റെ എഡിറ്റർ-ഇൻ-ചീഫും ഇടി നൗവിന്റെ പ്രസിഡന്റുമായ അർണാബ് ഗോസ്വാമി ചാനലിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. മൂന്ന് മിനുറ്റ് പത്ത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തായത്. കളി തുടങ്ങിയിട്ടേയുള്ളു (The Game has Just Begun) എന്നാണ് സഹപ്രവർത്തകരോട് അർണാബ് പറയുന്നത്.

ഇന്നലെയാണ് അർണബിന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ വീഡിയോ ഇന്റർനെറ്റിലൂടെ പുറത്തു വന്നത്. പ്രൈം ടൈം ചർച്ചകളിലെ തന്റെ ആക്രമണ ശൈലിയിലൂടെ പ്രസിദ്ധനാണ് അർണാബ് ഗോസ്വാമി. സ്വതന്ത്ര മാദ്ധ്യമങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അർണാബ് തന്റെ സഹപ്രവർത്തകരോട് പറഞ്ഞത്.

സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം ആർക്കും നമ്മളെ പഠിപ്പിക്കാനാകില്ല. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞത് നിങ്ങൾ കാരണമാണ്. തന്റെ പ്രസംഗത്തിനിടെ അർണാബ് വികാര നിർഭരനായി.തന്റെ സഹപ്രവർത്തകരോട് പലപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നതിന് അവരോട് അർണാബ് മാപ്പ് ചോദിച്ചു. നമ്മുടെ ചാനൽ ഒന്നാമതെത്തണം. അതിനു വേണ്ടി മാത്രമാണ് ഞാൻ അങ്ങനെ ചെയ്യുന്നത്.- അർണാബ് തന്റെ സഹപ്രവർത്തകരോടായി പറഞ്ഞു.

ന്യൂസ് അവർ ഡിബേറ്റിലെ തീപിടിച്ച ചർച്ചകൾ അവതരിപ്പിച്ചുകൊണ്ടാണ് അർണാബ് വാർത്തകളിൽ നിറയുന്നത്. പത്ത് വർഷത്തെ സേവനത്തിനു ശേഷമാണ് അർണാബ് ഗോസ്വാമി ടൈംസ് നൗ വിടുന്നത്.കൊൽക്കത്തയിലെ ദി ടെലിഗ്രാഫിൽ ചേർന്നുകൊണ്ടാണ് അർണാബ് തന്റെ മാദ്ധ്യമപ്രവർത്തനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പിന്നീട് 1995ൽ എൻഡിടിവിയിൽ ചേർന്നു. 2006ലാണ് അർണാബ് ഗോസ്വാമി ടൈംസ് നൗവിൽ ചേർന്നത്. ന്യൂസ് അവർ ഡിബേറ്റിന്റെ അവതാരകനായതോടെ ചാനലിന്റെ മുഖം തന്നെ അർണാബ് ഗോസ്വാമിയായി. അതി ദേശീയവാദി എന്ന ലേബലിലാണ് അടുത്തിടെ മുതൽ അർണാബ് ഗോസ്വാമി പ്രസിദ്ധിയാർജിച്ചത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ തന്റെ നിലപാടിനെതിരെ ഉറക്കെ സംസാരിക്കുന്നവരെ ഇറക്കി വിടാനും മടി കാണിക്കാത്തയാളായിരുന്നു അർണാബ്.

അർണാബ് ഗോസ്വാമിയുടെ വിടവാങ്ങൽ പ്രസംഗം...