'ബിജെപിക്കും സംഘപരിവാറിനും അനുകൂലമായി ഇന്ത്യൻ രാഷ്ട്രീയത്തിലും ഇന്ത്യൻ മധ്യവർഗത്തിനും ഇടയിൽ വലിയ മാറ്റം വരുത്തിയത് യഥാർഥത്തിൽ ഒരു പറ്റം മാധ്യമങ്ങളാണ്. 2000 തൊട്ട് തുടങ്ങിയ ഈ പ്രവണത 2010 ഓടേ അതിന്റെ മൂർധന്യത്തിൽ എത്തി. മോദി ഒരു കാലത്തും രാജ്യത്തിന്റെ മാധ്യമങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയോ പ്രിയപ്പെട്ട മുഖമായിരുന്നില്ല. പക്ഷേ കുറച്ചു ചാനലുകളുടെ അതിശക്തമായ ഇടപെടൽ വഴി എത്ര പെട്ടെന്നാണ് ഈ മനുഷ്യൻ വികസന നായകൻ ആയത് എന്നോർക്കുക. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉപോൽപ്പന്നമാണ് അർണാബ് ഗോസ്വാമി എന്ന മാധ്യമ പ്രവർത്തകൻ'- ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ രണ്ടുവർഷം മുമ്പ് എഴുതിയത് അക്ഷരം പ്രതി ഇന്ന് ശരിയാവുകയാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന അർണാബ് ഗോസാമിയുടെ വാട്‌സാപ്പ് ചാറ്റിൽ ഇന്ത്യൻ മാധ്യമ ലോകം മാത്രമല്ല രാജ്യം തന്നെ നടുങ്ങിയിരിക്കയാണ്. സൈനിക രഹസ്യങ്ങൾ അടക്കമുള്ളവ ചോരുന്നുവെന്നത് നടക്കത്തോടെ മാത്രമേ കേൾക്കാൻ കഴിയൂ. റിപബ്ലിക് ടിവി സിഇഒ അർണാബ് ഗോ സ്വാമിയും ബാർക് സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റുകളിൽ തെളിയുന്നത് നമ്മുടെ രാജ്യം കടന്നുപോകുന്ന അപകടകരമായ അവസ്ഥയാണ്.

നാൽപ്പത് സൈനികരുടെ ജീവൻ നഷ്ടപ്പെട്ട പുൽവാമ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്ന ഉടനെ 'നാം വിജയിച്ചിരിക്കുന്നു' എന്ന് അർണാബ് വാട്‌സാപ്പ് സന്ദേശം അയക്കുന്നു. അതീവ രഹസ്യമായി ഇന്ത്യൻ സേന നടത്തിയ ബാലക്കോട്ട് സ്ട്രൈക്കിന്റെ മൂന്ന് ദിവസം മുമ്പ് അക്കാര്യം സൂചിപ്പിച്ചു കൊണ്ട് അയാൾ വാട്‌സാപ്പ് ചെയ്യുന്നു. ഈ വാർത്ത പുറത്ത് വരുന്നതോടെ ജനവികാരം പാരമ്യതയിൽ എത്തുമെന്നും ഇലക്ഷൻ തൂത്തുവാരുമെന്നും അയാൾ ആവേശഭരിതനാകുന്നു. കാശ്മീരിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അർണാബ് മുൻകൂട്ടി പറയുന്നു. ആർട്ടിക്കിൾ 370 എടുത്ത് കളയുന്നതിന് രണ്ട് ദിവസം മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അയാൾ രഹസ്യ കൂടിക്കാഴ്ച നടത്തിയ കാര്യം പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അർണാബിനും ചാനലിനും ലഭിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശുപാർശകൾക്ക് ആളെ ഏർപ്പാട് ചെയ്യുന്നു.

റിപ്പബ്ലിക്ക് ചാനലിന്റെ റേറ്റിങ് കൃത്രിമമായി ഉണ്ടാക്കുന്നതിന് അർണാബ് ശ്രമിച്ചു എന്ന കേസായിരുന്നു ഇത് തുടക്കത്തിൽ. എന്നാൽ അവിടെ നിന്നൊക്കെ ബഹുദൂരം മുന്നോട്ട് പോയി ഇപ്പോൾ ഈ കേസ് എത്തിപ്പെട്ടിരിക്കുന്നത് രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന രൂപത്തിൽ സർക്കാറും മാധ്യമങ്ങളും തമ്മിലുള്ള അപകടകരമായ കൂട്ടുകെട്ടിന്റെ രഹസ്യങ്ങളിലേക്കാണ്. ഇന്ത്യ നടത്തുന്ന അതീവ രഹസ്യ സൈനിക നീക്കങ്ങൾ പോലും ഒരു സംഘപരിവാർ മാധ്യമ സ്ഥാപനത്തിന് മുൻകൂട്ടി ചോർത്തി നല്കപ്പെടുന്നുവെങ്കിൽ നമ്മുടെ രാജ്യം എവിടെ എത്തി നിൽക്കുന്നു എന്ന് ആലോചിക്കുക. വാട്‌സാപ്പിന്റെ പ്രൈവസിയെക്കുറിച്ചുള്ള ആശങ്കകളേക്കാൾ പതിന്മടങ്ങ് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണിവ . അധികാരം നിലനിർത്തുന്നതിനും അതിനു വേണ്ട ഒരു മാസ്സ് ഹിസ്റ്റീരിയ സൃഷ്ടിക്കുന്നതിനും വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്ന അത്യന്തം അപകടകരമായ ഒരു ഗെയിമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ടിആർപി തട്ടിപ്പ് സംഭവം പുറത്തുവരുന്നത്. ഇതേതുടർന്ന് അർണാബിനെയും പാർത്ഥോ ദാസിനെയും മുംബെയ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇത് ടിആർപി തട്ടിപ്പിൽനിന്ന് ഉപരിയായി ഉടനടി യുഎപിഎ ചുമത്തേണ്ട രാജ്യസുരക്ഷാ ചോർത്തൽ കുറ്റമായി വളർന്നിരിക്കുന്നു.

ജാവദേക്കർ യൂസ്‌ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്

ജാവദേക്കർ യൂസ്ലസാണ്... സ്മൃതി ഇറാനി നല്ല സുഹൃത്താണ്...എല്ലാ മന്ത്രിമാരും നമ്മുക്കൊപ്പമാണ്'. അർണാബ് ഗോസ്വാമി മുൻ 'ബാർക്ക്' സിഇഒയുമായി നടത്തിയ ചാറ്റിൽ ഇങ്ങനെ പറയുന്നു. വർഷങ്ങളായി പറഞ്ഞുകേട്ട അന്തപ്പുര രഹസ്യങ്ങൾ ഇപ്പോൾ അങ്ങാടിപ്പാട്ടാവുകയാണെന്ന് ചുരുക്കം. ഇരുവരും തമ്മിൽ നടന്ന വാട്‌സാപ്പ് സംസാരത്തിന്റെ അഞ്ഞൂറോളം പേജുകൾ നീളുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.മുംബയ് പൊലീസ് പുറത്തുവിട്ടതെന്ന് സംശയിക്കപ്പെടുന്ന വാട്‌സാപ്പ് ചാറ്റിന്റെ വിവരങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയ വഴിയും പങ്കുവയ്ക്കപ്പെടുകയും സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ നിരവധി പേർ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും മറ്റ് വിവരങ്ങളും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ടിആർപി അട്ടിമറി കേസിലെ പ്രതി കൂടിയായ ബാർക് സിഇഒ തന്റെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തുകൊണ്ട്, അർണാബുമായി ഗൂഢാലോചന നടത്തി, അദ്ദേഹത്തിന്റെ ചാനലിനെ ടിആർപി റേറ്റിംഗിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ കൂട്ടുനിന്നു എന്ന് മുംബയ് പൊലീസ് കണ്ടെത്തിയിരുന്നു. റിപ്പബ്ലിക്ക് ചാനലിനെ റേറ്റിംഗിൽ മുകളിലെത്തിക്കാനായി പാർത്ഥോ ദാസ് ലക്ഷങ്ങൾ കൈക്കൂലിയായി വാങ്ങിയിരുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന ചാറ്റ് വിവരങ്ങൾ സത്യമെങ്കിൽ, പ്രധാനമന്ത്രിയുടെ ഓഫീസുമായും, ബിജെപി നേതാക്കളുമായും മറ്റ് അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായും കേന്ദ്ര സർക്കാരുമായും അർണാബിന് അളവിൽ കവിഞ്ഞ അടുപ്പമുണ്ടെന്നാണ് തെളിയിക്കപ്പെടുക.

2019 മാർച്ച് മുതൽ ജൂലൈ മാസങ്ങളിൽ ആരംഭിച്ച് അതേ വർഷം ഒക്ടോബർ വരെ ഇരുവരും തമ്മിൽ നടന്ന ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചാറ്റിൽ, 'രാഷ്ട്രീയ കളികൾ ആരംഭിച്ചിട്ടുണ്ടെ'ന്നും 'മന്ത്രിമാർ അർണാബിന് എതിരാണെ'ന്നും പർത്ഥോ ദാസ് പറയുമ്പോൾ 'എല്ലാ മന്ത്രിമാരും നമ്മുക്കൊപ്പം ഉണ്ടെ'ന്ന് പറഞ്ഞുകൊണ്ട് അർണാബ് അതിനെ തള്ളിക്കളയുകയാണ് ചെയ്യുകേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി താൻ സംസാരിക്കുന്നുണ്ടെന്ന് അർണാബ് പറയുമ്പോൾ ജാവദേക്കർ 'യൂസ്ലെസ് ' ആണെന്നാണ് പർത്ഥോ ദാസ് മറുപടി നൽകുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ചും ചാറ്റിൽ പരാമർശമുണ്ട്.സ്മൃതി ഇറാനി തന്റെ നല്ല സുഹൃത്താണെന്നാണ് പർത്ഥോ ദാസ് പറയുന്നത്. 'എഎസ്' എന്നും ചാറ്റിൽ ഒരിടത്ത് കാണാം. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നാണ് ചിലർ അനുമാനിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു.

2019 ഫെബ്രുവരി രണ്ടിന് പുൽവാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിൽ അർണാബും പാർഥോസും നടത്തിയ ചാറ്റിൽ 20 മിനുട്ടിനുള്ളിൽ ഈ വർഷത്തെ വലിയൊരു ഏറ്റവും വലിയ ടെററിസ്റ്റ് അറ്റാക്ക് കശ്മീരിൽ നടക്കാൻ പോവുകയാണെന്നും അർണബ് പറയുന്നുണ്ട്. 'ഈ ആക്രമണത്തിൽ നമ്മൾ വിജയിച്ചു' എന്നും അർണബ് പറയുന്നുണ്ട്.അതേ വർഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റിൽ 'മറ്റൊരു വലിയ കാര്യം ഉടൻ സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്. അതിന് അർണാബിന് ബാർക്ക് സിഇഒ ആശംസ അറിയിക്കുന്നുമുണ്ട്.അതിന് മറുപടിയായി തന്റെ ഓഫീസിൽ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊർജ്ജമെന്നും തനിക്ക് ഒരു മാസം കൂടി ഡൽഹിയിൽ തുടരേണ്ടതുണ്ടെന്നും അർണബിന്റേതായി പുറത്ത് വന്ന ചാറ്റിൽ വിശദീകരിക്കുന്നു. ആ വർഷം ഫെബ്രുവരി 26നാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ട് ആക്രമണം ഇന്ത്യ നടത്തുന്നത്. ബിജെപി ആ വർഷവും തിരഞ്ഞെടുപ്പിൽ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റിൽ നൽകുന്നുണ്ട്.

ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവരടക്കം നിരവധി പേർ അർണബും പാർഥോ ദാസും തമ്മിൽ നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മാധ്യമങ്ങളെ സർക്കാർ എങ്ങനെ വിലക്കെടുക്കുന്നുവെന്നും, സർക്കാർ ചെവലിൽ എങ്ങനെ മാധ്യമങ്ങൾ വളരുന്നുവെന്നതും ഈ ചാറ്റ് വ്യക്തമാക്കുന്നു. ഇതിപ്പോൾ ഏതെങ്കിലും മുസ്‌ലീം നാമധാരിയായ മാധ്യമ പ്രവർത്തകൻ ആയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന പൊല്ലാപ്പുകൾ നോക്കുക. ഇത്രയും വിവരങ്ങൾ പുറത്തുവന്നിട്ടും ദേശസുരക്ഷാ നിയമത്തിന്റെ പേരിൽ അർണാബിനെതിരെ കേസ് ഉണ്ടാകുന്നില്ല.

'നേഷൺ നീഡ്സ് ടു നോ' കാമ്പയിൻ മറുകുന്നു

അർണാബിന്റെ ഈ തട്ടിപ്പിനെതിരെ 'നേഷൺ നീഡ്സ് ടു നോ' എന്ന പേരിലുള്ള കാമ്പയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അർണാബിന്റെ വിവാദ പരിപാടിയുടെ പേര് തിരിച്ചിട്ടാണ് ഈ പരിഹാസം. തൃണമൂൽകോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയാണ് ഈ കാമ്പയിൽ തുടങ്ങിവെച്ചത്.'ബാലക്കോട്ട് സ്‌ട്രൈക്കുകളെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും ടിവി അവതാരകനായ അർണബ് ഗോസ്വാമിക്ക് സർക്കാർ മുൻകൂട്ടി വിവരം നൽകിയെന്ന കാര്യം വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നതിൽ നിന്ന് വ്യക്തമാണ്.രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്തരം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണ്.- മുഹവ മൊയ്ത്ര പറയുന്നു. എന്നാൽ ദേശ സുരക്ഷയെക്കുറിച്ച് വലിയ ഗീർവാണങ്ങൾ അടിക്കുന്ന മോദി സർക്കാർ ഇക്കാര്യത്തിൽ മൗനം പുലർത്തുകയാണ്.

എന്നാൽ ഈ വിഷയത്തിൽ മുബൈ പൊലീസിന്റെ നീക്കങ്ങളും രാജ്യം ആകാക്ഷയോടെ കാത്തിരിക്കയാണ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്ത് വന്നതെന്ന് പറയുമ്പോഴും മുംബൈ പൊലീസ് പ്രതികരിച്ചിട്ടില്ല.
റേറ്റിങ് ഏജൻസിയാ ബാർക്കിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കാനായി കഴിഞ്ഞ വർഷം ട്രായ് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഇത് തിരിച്ചടിയാകുമെന്നും സഹായിക്കണമെന്നും അർണാബിനോട് ആവശ്യപ്പെടുന്ന ഭാഗവും വൻ വിവാദങ്ങൾക്ക് വഴിയൊരുക്കയാണ്.

ബാർക് അർണാബിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് പാർഥോ ദാസ് ഗുപ്ത പറയുന്നു. ട്രായുടെ ഇടപെടൽ തടയാൻ പ്രധാനമന്ത്രിയുടെ സഹായം അർണാബും ഉറപ്പ് നൽകുന്നു. ബാർക്ക് തട്ടിപ്പകേസിൽ 29ാം തിയ്യതിവരെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പൊലീസും കോടതിയെ അറിയിച്ചു. പിന്നാലെയാണ് ചാറ്റുകൾ പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. അറസ്റ്റിലായ പാർഥോ ദാസ് ഗുപ്തയ്ക്ക് അർണാബ് വൻ തോതിൽ പണം നൽകിയെന്ന് തെളിവുകൾ സഹിതം പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കോളടിച്ചത് ശിവസേനക്ക്

കൊടുത്താൽ കൊല്ലത്തും കിട്ടും എന്നത് ഇപ്പോൾ അർണാബും ഓർക്കുന്നത് നല്ലതാണ്. കാരണം പൊലീസിലെയും കേന്ദ്രത്തിലെയും അവിഹിത സ്വാധീനം ഉപയോഗിച്ച് ബോളിവുഡ് താരങ്ങളുടെയടക്കം വാട്‌സാപ്പ് ചാറ്റുകൾ ചോർത്തിയെടുത്ത് വലിയ ബോംബാക്കി അർണാബ് പൊട്ടിക്കുന്നത് നമ്മൾ, സുശാന്ത് സിങ്ങ് രജ്പുത്തിന്റെ കേസിലൊക്കെ കണ്ടതാണ്. ബോളിവുഡിലെ താരങ്ങളും സംവിധായകരുമൊക്കെ മുമ്പ് നടത്തിയ വാട്സാപ്പ് ചാറ്റുകൾ ദിനേന ടൈംസ് നൗ, റിപ്പബ്ലിക്ക് എന്നീ ചാനലുകൾക്ക് ബ്രേക്കിങ് ന്യൂസുകളായി. ടൈംസ് നൗ അവതാരക നാവിക കുമാർ, റിപ്പബ്ലിക്ക് അവതാരകൻ അർണാബ് ഗോസ്വാമി എന്നിവർക്കായിരുന്നു പ്രധാനമായി ചാറ്റുകൾ കിട്ടികൊണ്ടിരുന്നത്.ഇവർ രണ്ടു പേരും, ഇപ്പോൾ പുറത്തു വന്ന അർണാബ് ചാറ്റുകളിൽ തെളിയിക്കപ്പെട്ട പ്രകാരം ആദ്യം അരുൺ ജെയ്റ്റ്ലിയുടെയും പിന്നീട് പ്രകാശ് ജാവേദ്കറുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജെന്റുമാരായിരുന്നു. ഇതേ ജെയ്റ്റ്ലിയെയും ജാവേദ്കറെയും പുച്ഛിച്ചു കൊണ്ട് ഇതേ അർണാബ് ഗോസ്വാമി സംസാരിക്കുന്ന ഭാഗം ഇപ്പോൾ പുറത്തു വന്ന ചാറ്റുകളിൽ ഉണ്ടെന്നത് കാലത്തിന്റെ കാവ്യനീതി.

പ്രകാശ് ജാവേദ്കറെ വകക്ക് കൊള്ളാത്തവൻ എന്ന് വിശേഷിപ്പിച്ച അർണാബ് അരുൺ ജെയ്റ്റ്ലി പെട്ടെന്ന് മരിക്കാത്തതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. വർഗീയതയും അപരവിദ്വേഷവും പരത്തി പണമുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്ന ക്രിമിനൽ സംഘങ്ങളാണ് ഈ മാധ്യമ പ്രവർത്തകർ എന്ന് തെളിയിക്കുന്ന ഒരു പാട് വിവരങ്ങൾ ഇപ്പോൾ പുറത്തു വന്ന ചാറ്റുകളിലുണ്ട്.ബാർക്ക് മുൻ മേധാവിയുമായുള്ള ചാറ്റുകളെ പുറത്തു വന്നിട്ടുള്ളൂ, വന്നതിനേക്കാളും വരാത്തതായിരിക്കും കൂടുതൽ. ശിവസേനയുടെ സ്വഭാവം വച്ച് നോക്കുമ്പോൾ, ബാക്കിയുള്ള ചാറ്റുകളിൽ ആരൊക്കെയുണ്ടോ അവരെ ബ്ലാക്‌മെയ്ൽ ചെയ്തു നിർത്തുന്നതാവും ചാറ്റുകൾ പുറത്തു വിടുന്നതിനേക്കാൾ ലാഭം. അർണാബ് ഗോസ്വാമിയും കുറെ കേന്ദ്ര മന്ത്രിമാരും വേറെ കുറെ ബിസിനസ്സ്‌കാരുമൊക്കെ ശിവസേനയുടെ ബ്ലാക്‌മെയിലിന് വിധേയരായിട്ടായിരിക്കും ഇനി ജീവിക്കുകയെന്നും വ്യക്തം.

അർണാബ് എന്ന വിവാദ മാധ്യമ പ്രവർത്തകൻ

ഇന്ന് ഇന്ത്യയിൽ ഏറ്റവും സമ്പത്തുള്ള മാധ്യമ പ്രവർത്തകൻ ആരാണെന്ന് ചോദിച്ചാലുള്ള ഉത്തരവും അർണാബ് എന്നുതന്നെയാണ് ഉത്തരം. കാൽനൂറ്റാണ്ടുമുമ്പ് പ്രശസ്തമായ ടെലഗ്രാഫ് പത്രത്തിൽ ജോലിക്ക് കയറിയപ്പോൾ വെറും 1500 രൂപയായിരുന്നു അദ്ദേഹത്തിൻെ ശമ്പളം.1995 ൽ അർണാബ് കൊൽക്കൊത്തയിലെ പ്രശസതമായ ടെലഗ്രാഫിന്റെ ലേഖകനായത്. എന്നാൽ പ്രിന്റ് മീഡിയത്തോടായിരുന്നില്ല, താൻ അടിസ്ഥാമായി ഒരു വിഷ്വൽ ജേർണലിസ്റ്റ് ആണെന്നാണ് അർണാബ് പറച്ചിരുന്നത്. അതുകൊണ്ടുതന്നെ എൻഡിടിവി തുടങ്ങിയപ്പോൾ അദ്ദേഹം അവിടെയെത്തിയതിൽ അത്ഭുദമൊന്നും ആരും കണ്ടില്ല.

അതേ സമയത്ത് ദൂരദർശനിൽ ന്യൂസ് ടുനൈറ്റ് എന്ന വാർത്താ പത്രികയുടെയും അവതരണം ചെയ്തുപ എന്നാൽ പിന്നീട് എൻ.ഡി.ടി.വിയുടെ ന്യൂസ് എഡിറ്റർ സ്ഥാനം ലഭിക്കുകയും സ്ഥാപനത്തിന്റെ സുപ്രധാന അംഗങ്ങിലൽ ഒരാളുവുായും ചെയ്തു. 24 മണിക്കൂറും സംപ്രേഷണം തുടങ്ങിയതോടെ 1998 മുതൽ അദ്ദേഹം പരിപാടികളുടെ നിർമ്മാതാവായി ജോലി നോക്കി. പിന്നീട് എല്ലാ ആഴ്ചയും ന്യൂസ് ഹവർ എന്ന പരിപാടി അവതരിപ്പിച്ചു തുടങ്ങി. സ്യൂസ് ഹവർ ആയിരുന്നു ഇതുവരെ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ വാർത്താ അവലോകന പരിപാടി. ഇതാണ് അർണാബിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്.

എൻ.ഡി.ടി.വിയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടായിരുന്ന ന്യൂസ്‌നൈറ്റിന്റെ അവതാരകനും അദ്ദേഹമായിരുന്നു. 2004 ൽ ഏഷ്യയിലെ ഏറ്റവും മികച്ച വാർത്താവതാരകനുള്ള പുരസ്‌കാരം നേടിക്കൊടുത്തത് ഈ പരിപാടിയായിരുന്നു. 2006-ൽ തന്റെ ലാവണം ടൈംസ് നൗ എന്ന ചാനലിലേക്ക് മാറ്റിയ അദ്ദേഹം ചാനലിന്റെ എഡിറ്ററായി ഉയർന്നു. ടൈംസ് നൗവിനെ റേറ്റിങ്ങിൽ നമ്പർ വൺ ആക്കിയത് അർണബ് തന്നെയാണ്. പിന്നീട് ടൈസ് നൗ മനേജ്‌മെന്റുമായി തെറ്റിയ അർണാബ് സ്വന്തമായി റിപ്പബ്ബിക്ക് ടീവി തുടങ്ങിയപ്പോൾ അത് അബദ്ധമാണെന്ന് കരുതിയവർ ഒട്ടേറെയാണ്. പക്ഷേ അവിടെയും അർണാബ് അത്ഭുദങ്ങൾ കാട്ടി. റിപ്പബ്ലിക്ക് റേറ്റിങ്ങിൽ ഒന്നാമതെത്തി.

അതിനുനടത്തിയ കുതന്ത്രങ്ങൾ ആണ് ഇപ്പോൾ വിവാദ വിഷയമായതും അന്വേഷണം നേരിടുന്നതും. ആദ്യം ഏഷ്യാനെറ്റിന്റെ രാജീവ് ചന്ദ്രശേഖറുമായി സഹകരിച്ച് തുടങ്ങിയ റിപ്പബ്ലിക്കിന്റെ ഓഹരികൾ 1200 ഓളം കോടി രൂപ മുടക്കി അർണാബിന്റെ നേതൃത്വത്തിലുള്ള കമ്പനി തന്നെ വാങ്ങി. അനുബന്ധ മാധ്യമങ്ങളുമായി 1500 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കരുതുന്നത്. ഇപ്പോൾ ഒരു കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം എന്നാണ് അറിയതുന്നത്.എഴുത്തുകാരൻ ചേതൻ ഭഗത് ഇങ്ങനെ വിലയിരുത്തുന്നു. 'ഞാൻ അർണാബിന്റെ ശൈലിയോട് തരിമ്പും യോജിപ്പുള്ള വ്യകതിയല്ല. പക്ഷേ ഒരു ബിസിനസ് മാൻ എന്ന നിലയിൽ അദ്ദേഹം ഒരു വിജയമാണെന്ന് അംഗീകരിക്കാതെ വയ്യ'.

നിക്ഷ്പക്ഷനായി തുടങ്ങി കാവി പക്ഷത്തേക്ക്

2008ൽ തന്റെ പിതാവ് ബിജെപി സ്ഥാനാർത്ഥിയായി ഇലക്ഷനിൽ മൽസരിക്കുന്നതുവരെ താരതമ്യേനെ നിഷ്പക്ഷനായിരുന്നു അർണാബ്. അന്നും തികഞ്ഞ ദേശീയവാദിയായിരുന്നു അദ്ദേഹം. ഇന്ത്യ, ഇന്ത്യ എന്ന് ആർത്തിക്കുമ്പോൾ അർണബിന്റെ കണ്ണുകൾ നിറയും. പാക്കിസ്ഥാൻ എന്ന് പറയുമ്പോൾ രോഷവും. മന്മോഹന്റെ ഭരണകാലത്ത് അഴിമതിവിരുദ്ധ വേഷമായിരുന്നു അർണാബിന്. രണ്ടാം യു.പി.എ ഭരണകാലത്ത് നിരന്തരമായ അഴിമതിക്കഥകൾ പുറത്തെത്തിച്ചു കൊണ്ട് ആ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരിലൊരാളാണ് അർണോബ് ഗോസ്വാമി. ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെന്റിന് ആവശ്യത്തിന് ഇടം നൽകിക്കൊണ്ട് അർണബ് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. തനിക്കു ചുറ്റും ഒരു അഴിമതി വിരുദ്ധ പോരാളിയുടെ പരിവേഷവും ഉണ്ടാക്കിയെടുത്തു. നേഷൻ വാണ്ട്‌സ് ടു നോ എന്ന പരിപാടിയിലൂടെ സ്വയം ഇന്ത്യയുടെ പ്രതിനിധിയായി അർണാബ് സ്വയം പ്രതിഷ്ടിച്ചു.

അക്കാലത്തു നടത്തിയ ചാനൽ പ്രകടനങ്ങൾ മോദിയുടെ പബ്ലിക് റിലേഷൻസ് പണിയായിരുന്നുവെന്ന് പിൽക്കാലത്ത് വിമർശനം ഉയർന്നിരുന്നു. ഗുജറാത്ത് കലാപം സൃഷ്ടിച്ച മോശം ഇമേജിൽനിന്ന് നരേന്ദ്ര മോദിയെ വിടുതൽ ചെയ്യിച്ചു മോദി എന്ന ബ്രാൻഡ് സൃഷ്ടിച്ചതിനു പിന്നിലെ തലകളിലൊന്ന് അർണാബിന്റേതാണ്. ഇന്ന് സംഘികളുടെ ചെവികൾക്ക് സംഗീതമാണ് അർണാബിന്റെ അലർച്ച. ബാബ്‌റി മസ്ജിദുമുതൽ ഗോമാതാവുവരെ സംഘപരിവാറിന് അതിജീവന തന്ത്രങ്ങളായപ്പോൾ അർണാബും പുറകെയുണ്ട്. മുസ്ലിങ്ങൾ, കശ്മീർ, പാക്കിസ്ഥാൻ, ഭീകരവാദം ഇത്യാദി വിഷയങ്ങളിൽ അർണാബിന്റെ വാചകമടി വട്ടംകറങ്ങി. മതന്യൂനപക്ഷങ്ങൾ അംഗീകരിക്കപ്പെടരുത്, മോദി വിമർശിക്കപ്പെടരുത്. ആ വഴി നടക്കുന്നവർ മഹാപാപികൾ എന്നാണ് പ്രഖ്യാപനം.

കശ്മീരും പാക്കിസ്ഥാനും മുസ്ലിമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റും തുടർചർച്ചയുടെ വിഷയങ്ങളായി. മോദിയെ തുറിച്ചുനോക്കിയാൽ രാജ്യദ്രോഹം എന്നയാൾ വിധി കൽപ്പിച്ചു. ആക്രോശമാണ് കൊടിയടയാളം. ചർച്ചകളിലൂടെ വാർത്തയല്ല ബഹളമാണ് അർണാബ് സംപ്രേഷണം ചെയ്യുന്നത്. ടൈംസ്് നൗ എന്ന ചാനൽ കെട്ടി പടുക്കാൻ മുഖ്യ പങ്ക് വഹിച്ച അർണാബ് ടൈംസ് നൗ ഗ്രൂപ്പുമായ സ്വരച്ചേർചയെത്തുടർന്ന് അവിടുന്ന് രാജി വക്കുകയായിരുന്നു. പിന്നീട് കുറഞ്ഞ കാലയളവിൽ തന്നെ ഏഷ്യാനെറ്റ് മുൻ ചെയർമാൻ രാജീവ് ചന്ദ്രശേഖരിന്റെ കൂടി സഹായത്തോടെ റിപ്പബ്ലിക് ടി.വി തുടങ്ങുകയായിരുന്നു. എന്നാൽ ഒരു വർഷംകൊണ്ട് രാജീവ് ചന്ദ്രശേഖറിനെ ഒഴിവാക്കി ചാനൽ അർണാണബ് കൈയിലാക്കി. ഇതിനുള്ള കോടികൾ എവിടെനിന്ന് വന്നുവെന്നാണ് പ്രസക്തമായ ചോദ്യം. അതിനുപിന്നിൽ മോദിയും ബിജെപിയും തന്നെയാണെന്നാണ്് ആരോപണം.

മോദി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമാൻ താൻ ആണെന്ന് അർണബ് സ്വയം വിശ്വസിക്കുന്നതായാണ് റിപ്പബ്ലിക്ക് ടീവി വിട്ടവർ എല്ലാം ചൂണ്ടിക്കാട്ടുന്നത്. മോദിയുമായി അഗാധമായ ആത്മബന്ധമാണ് അർണാബിന് ഉള്ളതും. മാധ്യമ പ്രവർത്തകരെ കാണാൻ വല്ലാതെ മടിയുള്ള മോദി അപുർവമായി അഭിമുഖങ്ങൾ കൊടുക്കുന്നതും ഇദ്ദേഹത്തിന് തന്നെയാണ്.

കല്ലുവെച്ച നുണകൾ പ്രരിപ്പിക്കാൻ മിടുക്കൻ

എന്നെന്നും വിവാദ പുരഷനാണ് അർണാബ്. പ്രളയത്തിൽനിന്നും കര കയറാനായി കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ ധനസഹായം കേന്ദ്രത്തെ അവഹേളിക്കാൻ കേരളം മെനഞ്ഞെടുത്ത കെട്ട് കഥയാണെന്നും കേരളത്തിലെ ജനങ്ങളെല്ലാം നാണം കെട്ടവരാണെന്ന് പറഞ്ഞത് ആരും. മറന്നിട്ടില്ല. ഇതോടെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽപോലും പോയി മലയാളികൾ പൊങ്കലയിട്ടു. മലയാളികളുടെ പ്രതിഷേധത്തിൽ റിപ്പബ്ലിക്ക് ടീവിയുടെ റേറ്റിങ്ങും ഇടിഞ്ഞു. കല്ലൂവെച്ച നുണകൾ പറഞ്ഞതിന്റെ പേരിലും അർണാബ് കൈയോടെ പിടിക്കപ്പെട്ടിട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപത്തിൽ എൻ.ഡി.ടി.വി ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാനായി പോയ അർണാബിനേയും സംഘത്തേയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വസതിക്ക് 50 മീറ്റർ മാറി കലാപകാരികൾ ആക്രമിച്ചെന്നും വളരെ കഷ്ടപ്പെട്ടാണ് താൻഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതെന്നും പറഞ്ഞുകൊണ്ടുള്ള അർണബിന്റെ പരാമർശം ശ്രദ്ധ പിടിച്ച് പറ്റിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് വന്നത്.അർണബ് പറഞ്ഞ സംഭവങ്ങളെല്ലാം സത്യമാണ്, പക്ഷെ അത് സംഭവിച്ചത് അർണബിനായിരുന്നില്ല, തനിക്കായിരുന്നു എന്നായിരുന്നു ട്വീറ്റ്. അതിൽ നിന്നും തുടങ്ങിയ വിവാദത്തിനൊടുവിൽ അർണബിന്റെ വാദം തെറ്റായിരുന്നുവെന്ന് തെളിയുകയായിരുന്നു. മേൽപറഞ്ഞ സംഭവം രാജ്ദീപ് സർദേശായി തന്റെ പുസ്തകമായ ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

'ആക്രോശിക്കുന്ന ചാനൽ ചർചകളിലൂടെ വാർത്തയുടെ മൂല്യം കളഞ്ഞ് വാർത്ത ചാനലിനെ കച്ചവടമായി മാത്രം കാണുന്ന ബിസ്‌നസ് മാധ്യമപ്രവർത്തകനായി അർണാബ്. ഇന്ത്യൻ മാധ്യമങ്ങളിൽ കണ്ട് വരുന്നതിൽ വച്ച് ഏറ്റവും വെറുപ്പ് തോനിക്കുന്ന ചാനൽ ചർചകളാണ് അവ'- അരുദ്ധതീ റോയ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ജെഎൻയു വിഷയത്തിൽ നടത്തിയ ചർച്ചയായിരുന്നു അവർ പരാമർശിച്ചത്. ചർച്ചയിൽ പങ്കെടുത്ത വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദ് രാജ്യദ്രോഹിയെന്ന് അർണബ് ആക്രോശിച്ചതാണ്.ചർച്ചയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാതെ പ്രകോപനം തുടരുന്നപ്പോൾ അർണബിന് നേരെ നടുവിരൽ ഉയർത്തിക്കാട്ടി ടിഎംസി വനിതാ എംപി മാഹുവ മൊയിത്ര പ്രതിഷേധിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടു.

എന്റെ തല എന്റെ ഫുൾ ഫിഗർ

ശശി തരുരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കർ പണ്ടുതൊട്ടേ അർണബിന്റെ നോട്ടപ്പുള്ളിയാണ്. പണ്ട് ദുബായിൽവെച്ച് മോശം ചോദ്യം ആവർത്തിച്ച് ചോദിച്ചതിന് അർണബിന്റെ മുഖത്തേക്ക് തന്റെ മദ്യഗ്ലാസ് ഒഴിച്ചിരുന്നു വെന്ന് സുനന്ദ പറഞ്ഞിരുന്നു. അതേ സുനന്ദ മരിച്ചപ്പോൾ അർണാബിന്റെ രോഷം തരൂരിൻെ നേർക്കായി.

ചാനൽ ചർചയിൽ ശശി തരൂരിനെ അർണബ് കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശശി തരൂർ ഡൽഹി ഹൈ കോർട്ടിൽ ഒരു ഹരജി നൽകുകയും തരൂരിന് അനുകൂലമായി വിധി വരുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്ന ഒരു കേസിൽ വിധി വരും മുൻപ് ഒരാളെ കൊലയാളിയെന്ന് മുദ്ര കുത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. കേസുകളും പിഴകളും പുത്തിരിയ്യ അർണബിന്.മഹാരാഷ്ട്രയിലെ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക് ആത്മഹത്യ ചെയ്ത കേസിൽ അർണാബിനെതിരെ മഹാരാഷ്ട്ര പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. റിപ്പബ്ലിക് ടിവി ക്ക് കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാൽ അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്താലാണ് അൻവായ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ അക്ഷത നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതിലാണ് മുംബൈ പൊലീസ് അർണാബിനെ അറസ്റ്റ് ചെയ്ത്.

അർണബ് ഗോസ്വാമിയും മറ്റ് ചിലരും മറ്റ് ചില എഡിറ്റർമാരും തനിക്ക് മാനസികമായി പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ റിപ്പബ്ലിക്ക് ടിവിയുടെ സീനിയർ എഡിറ്റർമാരിലൊരാളായിരുന്ന ശ്വേതാ കോത്താരി ചാനലിൽ നിന്നും രാജി വച്ചിരുന്നു. ശശി തരൂർ ഡൽഹി ഹൈ കോടതിയിൽ കൊടുത്ത ഹരജി അർണ്ണബിനെതിരായി വന്ന സാഹചര്യത്തിൽ, ട്വിറ്ററിൽ ശശി തരൂർ ശ്വേതയെ ഫോളോ ചെയ്യുന്നു എന്ന കാരണത്താൽ ശ്വേത ചാനലിൽ നിന്ന് കൊണ്ട് തരൂരിന് ചാരപ്പണി ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനമെന്ന് ശ്വേത പറയുന്നു.

അതുപോലെ ചാനലിൽ മറ്റൊരാളെയും വളരാൻ അനുവദിക്കാത്ത അർണാബിന്റെ പ്രവർത്തന ശൈലിയും ഏറെ വിമർശിക്കപ്പെട്ടു. എന്റെ തല എന്റെ ഫുൾ ഫിഗർ എന്നാണ് അർണാബിന്റെ ശൈലി. അതുകൊണ്ടുതന്നെ പ്രമുഖ ബ്യൂറോളിൽപ്പോലും റിപ്പബ്ലിക്കിന് ആളില്ല. അർണാബിന്റെ ശകാരവും പീഡനവും ഹിറ്റ് ജേർണലിസവും മടുത്ത് ആളുകൾ ഒന്നൊന്നായി കൊഴിഞ്ഞ് പോവുകയാണ്. അർണബ് ഇപ്പോൾ ഏറ്റവും അധികം വിചാരണ ചെയ്യപ്പെടുന്നത് മൂൻ ജീവനക്കാരിൽനിന്നാണ്. ഒന്നിനു പിറകെ ഒന്നായി റിപ്പബ്ലിക്ക് ടീവിയിൽ നിന്ന് പ്രമുഖർ രാജിവെക്കയാണ്. അതിൽ ഭൂരിഭാഗം പേരും പ്രതികരിക്കാൻ കൂട്ടാക്കാറില്ല. എന്നാൽ റിപ്പബ്ലിക്ക് ടീവിയുടെ മുൻ ജമ്മു കശ്മീർ ബ്യൂറോ ചീഫ് തേജീന്ദർ സിങ് സോധി മാത്രം മൗനിയായില്ല. ''മൂന്നര വർഷമായി ജേർണലിസത്തിന്റെ ആത്മാവിനെ കൊന്നതിന് ക്ഷമ ചോദിച്ചതിന് ശേഷം ഞാൻ റിപ്പബ്ലിക് ടിവിയിൽ നിന്ന് രാജിവെച്ചു,''ഓഗസ്റ്റ് 27 ന് ജമ്മു കശ്മീരിലെ റിപ്പബ്ലിക് ടിവിയുടെ ബ്യൂറോ ചീഫ് സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ച് സോധി ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയായിരുന്നു. അർണബിന് വേണ്ടത് റിപ്പോർട്ടർമാരെയല്ല കുറേ ക്വട്ടേഷൻ സംഘങ്ങളെയാണെന്നാണ് സോധി സ്വന്തം അനുഭവംവെച്ച് ചൂണ്ടിക്കാട്ടുന്നത്.

'2019ലെ മോദിയുടെ തെരഞ്ഞെടുപ്പ് ജയത്തിനുശേഷമാണ് അർണബ് ഈ രീതിയിൽ മാറിയത്.മോദി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമാൻ താൻ ആണെന്നാണ് അർണബ് കരുതുന്നത്. വസ്തുതകൾ അല്ല താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് അദ്ദേഹത്തിന് വേണ്ടത്. ഒരു പ്രത്യക പാർട്ടിയുടെ വാട്‌സാപ്പിൽ വരുന്ന സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ എഡിറ്റോറിൽ പോളിസി തീരുമാനിക്കുന്നത്. കാശ്മീർ ലേഖകനായിരുന്ന എന്റെ ജോലി മെഹബൂബ മുഫ്ത്തിയടക്കമുള്ള നേതാക്കൾ ദേശ വിരുദ്ധരാണെന്ന് സ്ഥാപിക്കുകയാണ്.

സുനന്ദപുഷ്‌ക്കറിന്റെ കുടുംബ വീട്ടിൽ ഒളിച്ചുകയറി വൃദ്ധനായ പിതാവിനെ കൊണ്ട് 'എന്റെ മകളെ കൊല്ലിച്ചത് തരൂർ' ആണെന്ന് പറയിപ്പാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. ഞാൻ വഴങ്ങിയില്ല. ഈ രീതിയിലുള്ള ഹിറ്റ് ജേർണലിസമാണ് അദ്ദേഹം എവിടെയും ലക്ഷ്യമിടുന്നത്'- തേജീന്ദർ സിങ് സോധി തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

' അർണാബ് സൃഷ്ടച്ചിരിക്കുന്നത് ഒരു വിജയിച്ച മാതൃകയാണ്. പക്ഷേ അത് പുർണ്ണമായും തെറ്റാണ്. ജേർണലിസത്തിൽ പലർത്തേണ്ട അടിസ്ഥാനപരമായ സത്യസന്ധതയും നിഷ്പക്ഷതയും ബലി കൊടുക്കയാണ് അദ്ദേഹം ചെയ്യുന്നത്. ഇതിന്റെ ഒരു കഴുപ്പം ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒരു വിജയിച്ച് മാതൃക പിന്നീട് വരുന്നവർ അനുകരിക്കും എന്നതാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ ജേർണലിസത്തെ വഴിതെറ്റിച്ച വ്യക്തി എന്ന രീതിയിലായിരിക്കും കാലം അർണാബിനെ അനുസ്മരിക്കുക'- അർണാബിന്റെ പഴയ സഹപ്രവർത്തകനും പ്രമുഖ മാധ്യമ പ്രവർത്തകനുമായ രാജ്ദീപ് സർ ദേശായി ചൂണ്ടിക്കാട്ടുന്നു.

കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തലിൽ തെളിഞ്ഞത്

എന്തിന് അർണാബിനെ മാത്രം പഴിക്കുന്നു. കോബ്രാപോസ്റ്റ് 2018ൽ നടത്തിയ വെളിപ്പെടുത്തലുകൾ ഇന്ത്യൻ മാധ്യമലോകത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനും വർഗീയകലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വാർത്തകൾ നിർമ്മിക്കാനും ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ തയ്യാറായി എന്ന കണ്ടെത്തലാണ്.

അന്വേഷണാത്മക വാർത്തകളിലൂടെ ശ്രദ്ധ നേടിയ ഓൺലൈൻ ടിവി സ്ഥാപനമായ കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷൻ '136' എന്ന പേരിലുള്ള സ്റ്റിങ് ഓപ്പറേഷനിലാണ് പ്രമുഖ മാധ്യമങ്ങൾ ബിജെപിക്കു മുന്നിൽ സ്വയം വിൽപ്പനയ്ക്ക് വച്ചതിന്റെ അമ്പരപ്പിക്കുന്ന ചിത്രം പുറത്തുവന്നത്. രണ്ട് ഡസനോളം മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളോ മാധ്യമ പ്രവർത്തകരോ ആയ പ്രമുഖരുമായി സംസാരിച്ചാണ് കോബ്രാ പോസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്ത്യ ടിവി, ദൈനിക് ജാഗരൺ, ഹിന്ദി ഖബർ, സബ് ടിവി, ഡിഎൻഎ, അമർ ഉജാല, വാർത്താ ഏജൻസിയായ യുഎൻഐ, 9എക്‌സ് തഷാൻ, സമാചാർ പ്ലസ്, എച്ച്എൻഎൻ 24ഃ7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യാ വാച്ച്, ആജ്, സാധ്‌ന പ്രൈം ന്യൂസ് തുടങ്ങിയവയുമായി നടത്തിയ ചർച്ചകളിൽ ആറുകോടി രൂപമുതൽ 50 കോടി രൂപവരെയാണ് വാഗ്ദാനം ചെയ്തത്. പണം കിട്ടിയാൽ എന്ത് വാർത്തയും നൽകാനുള്ള സന്നദ്ധതയാണ് പലരും പ്രകടിപ്പിച്ചത്. വർഗീയ പ്രചാരണവും കലാപസൃഷ്ടിയും നടത്തിക്കൊള്ളാമെന്നു പറയുന്ന മാധ്യമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള കോടാലിക്കൈകളായി മാറുന്ന ഭീകരാവസ്ഥയാണ് ഇവിടെ തെളിയുന്നത്.

പത്രങ്ങളും ചാനലുകളും ഓൺലൈൻ മീഡിയയും ഇതിൽ വേറിട്ട് നിൽക്കുന്നില്ല. പ്രതിഫലം കള്ളപ്പണമായി വാങ്ങാനാണ് താൽപ്പര്യം. വ്യാജ വാർത്ത നൽകുക, വർഗീയ പ്രസംഗങ്ങൾ പ്രചരിപ്പിക്കുക, ചില നേതാക്കളെ വ്യക്തിഹത്യ ചെയ്യാൻ നിരന്തരം തെറ്റായ വാർത്തകൾ കൊടുക്കുക തുടങ്ങി ഏതിനും മാധ്യമങ്ങൾ തയ്യാറാവുകയാണ്. സമരം ചെയ്യുന്ന കർഷകരെ മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്താൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ, സുപ്രീംകോടതി അഭിഭാഷകരായ ദുഷ്യന്ത് ദവെ, കാമിനി ജയ്‌സ്വാൾ, ഇന്ദിര ജയ്‌സിങ് തുടങ്ങിയവർക്കെതിരെ വ്യാജ വാർത്തകൾ സൃഷ്ടിക്കാനും നീതിന്യായ സംവിധാനത്തിന്റെ ചില വിധികളെ ചോദ്യം ചെയ്യാനുള്ള ആവശ്യവും മാധ്യമ പ്രതിനിധികൾ അംഗീകരിച്ചതായി കോബ്ര പോസ്റ്റ് പറയുന്നുണ്ട്.

രാജ്യത്തെ മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഏൽക്കുന്ന ഗുരുതരമായ ആഘാതമാണ് ഈ വെളിപ്പെടുത്തലുകൾ. മാധ്യമങ്ങൾ അന്വേഷിക്കാറേയള്ളൂ. അന്വേഷണത്തിന് വിധേയമാകാറില്ല. വിധേയമാകുമ്പോൾ ഇത്തരം കാര്യങ്ങളാണ് പുറത്തുവരിക എന്നതിലേക്ക് ഈ റിപ്പോർട്ട് വെളിച്ചംവീശുന്നു. മാധ്യമ സ്ഥാപനങ്ങൾ ഇങ്ങനെ എല്ലാ പരിധിയും വിടുമ്പോൾ നിർഭയമായി സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്താനുള്ള മാധ്യമ പ്രവർത്തകരുടെ പരിമിതമായ അവസരംപോലും തട്ടിയെടുക്കപ്പെടുകയാണ്.

ബിജെപി നേതൃത്വവുമായി ബന്ധമുള്ള മണൽ മാഫിയ പൊലീസ് അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിനാണ് മധ്യപ്രദേശിലെ കോട്വാലിയിൽ സന്ദീപ് ശർമയെ ട്രക്ക് കയറ്റി കൊന്നത്. തനിക്കെതിരെ മണൽ മാഫിയയുടെയും പൊലീസിന്റെയും വധഭീഷണിയുണ്ടെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രക്ക് കയറ്റി കൊന്നത്. സന്ദീപ് ശർമ ഇരുന്ന ബൈക്കിൽ ട്രക്ക് മനഃപൂർവം ഇടിച്ചുകയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വില്ലേജ് കൗൺസിൽ മേധാവിക്കെതിരെ വാർത്ത കൊടുത്തതിനാണ് ദൈനിക് ഭാസ്‌കറിലെ നവീൻ നിശ്ചൽ, വിജയ് സിങ് എന്നിവരെ കൊലപ്പെടുത്തിയത്. വാർത്ത കൊടുക്കാനും മുക്കാനും മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുക, അഹിതമായ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകരെ കൊല്ലുക ഇതാണ് ഇന്നത്തെ മാധ്യമരംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളി. ഇത് ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ അവസ്ഥയല്ല.

അതായത് ഒന്നുകിൽ അർണാബിനെപ്പോലെ മുട്ടിൽ ഇഴയുക. അല്ലെങ്കിൽ ഭരണ കൂടത്തിന്റെ പീഡനത്തിന് വിധേയമാകാൻ തയ്യാറുടെക്കുക. ശരിക്കും ചെകുത്താനും കടലിനും നടുവിൽ തന്നെയാണ് ഇന്ത്യൻ മാധ്യമ ലോകവും.