ദിവസങ്ങൾ കഴിയുംതോറും ചൂടുപിടിക്കുന്ന മീ ടൂ ക്യാമ്പയിൽ ശക്തി പ്രാപിക്കുമ്പോൾ കുറ്റസമ്മതവുമായി അമേരിക്കൻ നടനും മുൻ കാലിഫോർണിയ ഗവർണറുമായിരുന്ന അർണോൾഡ് ഷ്വാർസ്നഗർ. താൻ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ടെന്നും അക്കാര്യത്തിൽ ഞാൻ എല്ലാവരോടും അത്മാർത്ഥമായി ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മെൻസ് ഹെൽത്ത് മാഗസിനു നൽകിയ അഭിമുഖത്തിലാണ് അർനോൾഡിന്റെ കുറ്റസമ്മതം.

'പലപ്പോഴും തന്റെ ഭാഗത്തു നിന്ന് സ്ത്രീകളോട് അതിരുവിട്ട പെരുമാറ്റമുണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഖേദം തോന്നുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കാലിഫോർണിയ ഗവർണറായിരിക്കെ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. സ്ത്രീകളോട് അതീവ ബഹുമാനമുണ്ടെന്നും താൻ ഏറ്റവും സ്നേഹിച്ച സ്ത്രീ സ്വന്തം മാതാവാണെന്നും' അദ്ദേഹം വ്യക്തമാക്കി.

ഒരു കാലത്ത് ശരീരസൗന്ദര്യത്തിന്റെ അവസാനവാക്കായിരുന്നു ഷ്വാസ്നഗർ. ബോഡി ബിൾഡിംഗിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം പോളിറ്റീഷ്യനായും ആക്ടിവിസ്റ്റായും ഫിലിം മേക്കറായും ശോഭിച്ചിട്ടുണ്ട്.

കോനൻ ദ ബാർബേറിയൻ എന്ന ചിത്രമാണ് ഹോളിവുഡിൽ അർണോൾഡിന്റെ വരവറിയിച്ചത്. അതുവരെ ശരീരസൗന്ദര്യത്തിന്റെ മാത്രം പേരിലായിരുന്നു അർണോൾഡ് അറിയപ്പെട്ടിരുന്നത്. തുടർന്ന് കമാന്റോ എന്ന ചിത്രത്തോടെ ഹോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിനായി. പിന്നീട് വന്ന ടെർമിനേറ്ററിലെ അർണോൾഡ് ഹോളിവുഡിൽ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു. സിനിമയിൽ നിന്ന് പിന്മാറിയ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ അർണോൾഡ് അവിടെയും സൂപ്പർ ഹിറ്റ് ആയി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിച്ച് കാലിഫോർണിയ ഗവർണർ വരെയായി അർണോൾഡ്.