- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു ആധിപത്യം ഉറപ്പിക്കാൻ എൽഡിഎഫിന് വിജയം കൂടിയേ തീരൂ; ഇനിയും ഒരങ്കത്തിന് ശേഷിയുണ്ടെന്ന് തെളിയിക്കാൻ യുഡിഎഫിനും വേണം വിജയം; കാൽച്ചുവട്ടിലെ മണ്ണൊലിപ്പു തടയാൻ എൻഡിഎഫക്കും ശക്തമായ മത്സരം കാഴ്ച്ചവെക്കണം; ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ പോരാട്ടം തീപാറും
അരൂർ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കം മികച്ച വിജയം നേടിയ എൽഡിഎഫ് പൊതു തിരഞ്ഞെടുപ്പിലും വിജയം കൊയ്യുന്ന കാഴ്ച്ച കേരളം കണ്ടു. ഇത് ആവർത്തിക്കാൻ അവസരം തേടുന്ന ഇടതു മുന്നണി ഇപ്പോൾ പോരാട്ടം മുറുക്കുന്നത് ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ ഡിവിഷനിലെ മത്സര വിജയത്തിലേക്കാണ്. മാസങ്ങളുടെ മാത്രം ഇടവേളയിൽ ദലീമ ജോജോ ജില്ലാ പഞ്ചായത്തിലേക്കും നിയമസഭയിലേക്കും ജയിച്ച മേഖലയാണ്. ഇത്, അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞൊന്നും തന്നെ എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല. മറുവശത്ത് ശക്തമായ മത്സരം കാഴ്ച്ച വെച്ച് അട്ടി മറി പ്രതീക്ഷയിലാണ് യുഡിഎഫും. അതുകൊണ്ട് തന്നെ ഇക്കുറി പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്.
ജില്ലാ പഞ്ചായത്ത് ഭരണത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ലെങ്കിലും അരൂർ ഡിവിഷനിൽ എൽഡിഎഫും യുഡിഎഫും വിജയം ലക്ഷ്യമിട്ടുള്ള പ്രവർത്തനം ഉറപ്പു തരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി ജയം നേടിയതിലൂടെ ഉറപ്പിച്ച അടിത്തറയുടെ ബലം യുഡിഎഫിനു കാട്ടേണ്ടതുണ്ട്. എൻഡിഎക്കും ഇതു വെറുമൊരു മത്സരമല്ല. കാൽച്ചുവട്ടിലെ മണ്ണൊലിപ്പു തടയാൻ അവർക്കും വിജയം കൂടിയേ തീരു.
ഇത്തവണ യുവനേതാവിനെ അവതരിപ്പിച്ച് ആവേശമുണർത്താനാണ് ഇടതു മുന്നണിയുടെ ശ്രമം. എന്നാൽ, നിയമസഭയിലേക്ക് എ.എം.ആരിഫ് നേടിയ റെക്കോർഡ് ഭൂരിപക്ഷം അട്ടിമറിച്ച് ഷാനിമോൾ ഉസ്മാൻ ജയിച്ചു കയറിയതിന്റെ ഊർജത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെയുണ്ടായ തരംഗത്തിൽ പതറിയെങ്കിലും അരൂരിലെ അടിത്തറ ഉറച്ചതാണെന്ന് നേതാക്കൾ കരുതുന്നു.
എൻഡിഎയ്ക്കു വേണ്ടി ഇത്തവണയും മത്സരിക്കുന്ന ബിഡിജെഎസും അരൂരിൽ പ്രതീക്ഷ വയ്ക്കുന്നുണ്ട്.യുവ നേതാവായ അനന്തു രമേശനെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയത്. നേരിടാൻ യുഡിഎഫ് നിയോഗിച്ചത് മുൻ ജില്ലാ പഞ്ചായത്തംഗം കെ.ഉമേശനെ. എൻഡിഎക്കു വേണ്ടി ഇത്തവണയും കെ.എം.മണിലാൽ മത്സരിക്കുന്നു. ഇത്തവണ മുന്നണി സ്ഥാനാർത്ഥികളെ കൂടാതെ ഒരാളേ മത്സര രംഗത്തുള്ളൂ. സ്വതന്ത്രനായ കൃഷ്ണകുമാർ. ഇന്നലെ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു. ആരും പിന്മാറിയിട്ടില്ല. ഡിസംബർ ഏഴിനാണ് വോട്ടെടുപ്പ്.
വെള്ളക്കെട്ടും ജലക്ഷാമവും പല തിരഞ്ഞെടുപ്പുകളിലായി പ്രധാന ചർച്ചാവിഷയങ്ങളായ അവ തന്നെ ഇത്തവണയും അരൂരിന്റെ പ്രശ്നങ്ങൾ. പരിഹാരമില്ലാതെ അവ തുടരുന്നതിന്റെ തെളിവ്. പ്രചാരണം സജീവമായിക്കഴിഞ്ഞു. എൽഡിഎഫിനു വേണ്ടി മന്ത്രി സജി ചെറിയാനും യുഡിഎഫിനു വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻഡിഎക്കു വേണ്ടി കേന്ദ്ര സഹമന്ത്രി വി.മുരളീധരനും എത്തിയിരുന്നു.1995 മുതൽ 3 തവണ തുടർച്ചയായി യുഡിഎഫ് ജയിച്ചിട്ടുണ്ട് ഇവിടെ.
95ൽ കെ.രാജീവൻ, 2000ൽ എം.കെ.അബ്ദുൽ ഗഫൂർ, 2005ൽ കനക കൃഷ്ണപിള്ള. കനക കൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.ജി.ബേബിയാണ് ആദ്യമായി എൽഡിഎഫിനു ജയം സമ്മാനിച്ചത്. എന്നാൽ, 2010ൽ യുഡിഎഫ് കെ.ഉമേശനിലൂടെ തിരിച്ചുവന്നു. 2015ൽ ദലീമ ജോജോ അരൂരിനെ ഇടതുപക്ഷത്തെത്തിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദലീമ ജയം ആവർത്തിച്ചു. 3498 വോട്ടിന്റെ ഭൂരിപക്ഷം. ഇക്കുറി പോരാട്ടം മുറുകുമ്പോൾ ചിത്രം മാറുമെന്നാണ് യുഡിഎഫ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ