- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വേലി തന്നെ വിളവ് തിന്നുക' എന്ന പഴം ചൊല്ല് പോലെ ആണ് മണ്ഡലവികസനകാര്യത്തിൽ ഷാനിമോൾ ഉസ്മാൻ എംഎൽഎയെന്ന് എ.എം.ആരിഫ് എംപി; സ്വന്തം ഇടപെടലിലെ പിഴവുകൾ മറയ്ക്കുന്നതിന് വേണ്ടി എംഎൽഎയെ ആക്ഷേപിക്കുന്നത് ശരിയാണോയെന്ന് ഷാനിമോളും; എംപിയും എംഎൽഎയും തമ്മിൽ പൊരിഞ്ഞ വാക് പോര്
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കൈവിട്ട്‌പോയ മണ്ഡലമാണ് അരൂർ. സിപിഎമ്മിന്റെ എ.എം.ആരിഫ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ വന്ന ഒഴിവിലുണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാൻ 2079 വോട്ടുകൾക്കാണ് മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ് എൽഡിഎഫ്. അറിയപ്പെടുന്ന പാട്ടുകാരിയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദലീമ ജോജോയാണ് ഷാനിമോൾക്കെതിരെ ഇവിടെ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ചൂടിന്റെ ഭാഗമായി ആലപ്പുഴ എംപി എഎം ആരിഫും അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാനും തമ്മിൽ ഫേസ്‌ബുക്കിൽ നടക്കുന്ന വാക്ക്പോരാണ് ഇപ്പോൾചർചച്ചാവിഷയം.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ചൊല്ലിയാണ് ഇരുവരുടെയും വാഗ്വാദം. 'വേലി തന്നെ വിളവ് തിന്നുക' എന്ന പഴം ചൊല്ല് പോലെ ആണ് സ്വന്തം മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസന വിഷയങ്ങളിൽ അരൂർ എംഎൽഎ തന്നെ ഇടങ്കോലിടുന്നത് എന്നാണ് ഏറ്റവും ഒടുവിൽ ആരിഫ് ഫേസ്‌ബുക്കിലൂടെ തുറന്നടിച്ചിരിക്കുന്നത്.
'അരൂർ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വിമുഖത കാണിക്കുന്ന എംഎൽഎ ഇനി വേണോ എന്ന് അരൂരിലെ വോട്ടറന്മാർ തീരുമാനിക്കണം.പള്ളിപ്പുറം മെഗാ ഫുഡ് പാർക്ക്, പെരുമ്പളം പാലം, നേരേ കടവ് പാലം, തുറവൂർ താലൂക്ക് ആശുപത്രി, ചന്തിരൂർ ട്രീറ്റ്മെന്റ് പ്ലാന്റ്, എന്നീ സുപ്രധാന പദ്ധതികളിൽ MLA യുടെ നിഷേധാത്മക നിലപാട് മണ്ഡലത്തിന്റെ താൽപ്പര്യത്തിനെതിരായാണ്.' എന്ന ആരിഫിന്റെ വിമർശനത്തിന് പിന്നാലെയായിരുന്നു ഈ വാക്പോരിന് തുടക്കം. കളക്ടർ വിളിക്കുന്ന യോഗത്തിൽ പോലും എംഎൽഎ എത്താറില്ലെന്ന് ആരിഫ് കുറ്റപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ തുടരെ തുടരെ നടത്തുന്നതിന് മറുപടി പറയേണ്ടതുണ്ടെന്ന് പറഞ്ഞ് ഷാനിമോൾ ഉസ്മാൻ രംഗത്തെത്തി. കഴിഞ്ഞ ഒന്നരവർഷകാലമായി 15 കോടി രൂപയുടെ പദ്ധതി തുടങ്ങിവെക്കാനോ പൂർത്തീകരിക്കാനോ കഴിഞ്ഞിട്ടുണ്ടെന്ന് ഷാനിമോൾ ഉസ്മാൻ മറുപടി നൽകി. എംപിയെ പങ്കെടുപ്പിച്ച് കൊണ്ട് തന്നെ മണ്ഡലത്തിൽ കിഫ്ബിയുടെ പ്രവർത്തനങ്ങളെകുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സ്വന്തം ഇടപെടലിലെ പിഴവുകൾ മറയ്ക്കുന്നതിന് വേണ്ടി എംഎൽഎയെ ആക്ഷേപിക്കുന്നത് ശരിയാണോയെന്ന് പരിശോധിച്ചാൽ മതിയെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ആരിഫ് എംപിയുടെ ഒടുവിലത്തെ ഫേസ്‌ബുക്ക് കുറിപ്പ്:
'വേലി തന്നെ വിളവ് തിന്നുക' എന്ന പഴം ചൊല്ല് പോലെ ആണ് സ്വന്തം മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസന വിഷയങ്ങളിൽ അരൂർ MLA തന്നെ ഇടങ്കോലിടുന്നത്.രാഷ്ട്രീയം വേണം. പക്ഷേ, വികസന വിഷയങ്ങളെ കക്ഷി രാഷ്ട്രീയത്തിൽ തളച്ചിട്ട് മുടക്കുമ്പോൾ, അതിനെ വിമർശിക്കുന്നത് അധിഷേപമായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് സ്വന്തം കഴിവില്ലായ്മ മറച്ചുവയ്ക്കാനാണ്.
പെരുമ്പളം, നേരേ കടവ്, കാക്കത്തുരുത്ത് പാലങ്ങളുടെ സ്ഥലമെടുപ്പിന് ഉൾപ്പെടെ മുന്നിൽ നിന്ന് ശ്രമിക്കേണ്ടത് സ്ഥലം MLA ആണ്. ഒന്നും ചെയ്യുന്നില്ല.താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ അനുമതി കിട്ടാൻ ഒന്നര വർഷം കാത്തിരിക്കേണ്ടി വന്നത് MLA യുടെ അലംഭാവമാണ്. മെഗാ ഫുഡ് പാർക്ക് നാടിന്റെ പ്രധാന വികസന പദ്ധതിയാണ്. അതിനെതിരെ സമരം നയിക്കാനല്ല , പ്രദേശവാസികളുടെ ആശയക്കുഴപ്പം പരിഹരിക്കാനാണ് MLA നിൽക്കേണ്ടത്.ഇതു പോലുള്ള വിമർശനങ്ങൾക്ക് മറുപടി പറയാൻ MLA തയ്യാറാകുന്നില്ല.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ അരൂർ മണ്ഡലത്തിന്റെ വികസനത്തിനുതകുന്ന ഒരു പുതിയ പദ്ധതി പോലും ആവിഷ്‌കരിക്കാനോ, തുടർന്ന് പോന്നിരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താനോ, കഴിഞ്ഞ 16 മാസക്കാലം ഉണ്ടായിരുന്ന MLA ക്ക് കഴിഞ്ഞിട്ടില്ല എന്നത് വളരെ ദുഃഖകരമാണ്. അത് എന്റെ മാത്രം പരാതിയല്ല. മണ്ഡലത്തിലാകെ അങ്ങനെ പറയുന്നവരുണ്ട്.നേരേ കടവ് - മാക്കേ കടവ് പാലം,പെരുമ്പളം പാലം, വിളക്കുമരം പാലം, കാക്കത്തുരുത്ത് പാലം,വയലാർ - ഇൻഫോ പാർക്ക് പാലം, കുമ്പളങ്ങി പാലം,എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും അനുബന്ധ റോഡുകളും,പൂർത്തിയാകുന്നതോടെ വ്യാവസായിക, ടൂറിസം രംഗങ്ങളിൽ അരൂരിന് വലിയ നേട്ടം കൈവരിക്കാൻ ഭാവിയിൽ കഴിയും.
2004 ൽ സ്ഥലം MLA ആയിരുന്ന ശ്രീ A.K.ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മുടങ്ങിപ്പോയി കിടന്ന വിളക്കുമരം -നെടുമ്പ്രക്കാട് പാലം 16 വർഷത്തിന് ശേഷം, 2021 ൽ തുറന്ന് കൊടുക്കാനാകും വിധം നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.വയലാർ കായലിന് കുറുകെ 136 മീറ്റർനീളത്തിൽ നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയിലൂമാണ് പാലം നിർമ്മിക്കുന്നത്. 20.37കോടിയാണ് പദ്ധതിക്കായി കിഫ്ബി അനുവദിച്ചിരിക്കുന്നത്.
ചേർത്തല-അരൂക്കുറ്റി റോഡിനു സമാന്തരമായി പള്ളിപ്പുറത്തെ ഇൻഫോ പാർക്കിനെയും, ഫുഡ് പാർക്കിനെയും, വ്യവസായ മേഖലയെയും, ചേർത്തലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് ഈ പാലവും.
വയലാർ - ഇൻഫോ പാർക്ക് പാലം NH 66 മായി പള്ളിപ്പുറം ഇൻഫോ പാർക്കിനെയും, ഫുഡ് പാർക്കിനെയും, വ്യവസായ മേഖലയെയും, എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ്. അതിനുള്ള പണം 2019 ലെ ബജറ്റിൽ ഉൾപ്പെടുത്തി പ്രാരംഭ നടപടികൾക്ക് ശേഷം ടെൻഡറിലേക്ക് പോയിക്കഴിഞ്ഞു.കാക്കത്തുരുത്തിലേക്ക് ആദ്യം നിർമ്മിച്ച പാലം സ്ഥലമെടുപ്പിന്റെ തർക്കത്തിൽ നിലച്ചുപോയിരുന്നു. ആ പാലത്തിന് പകരം 36 കോടി രൂപാ മുടക്കി പുതിയ പാലം നിർമ്മാണത്തിന് ടെൻഡറിലെത്തി. സർക്കാർ പണം അനുവദിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായിട്ടുണ്ട്.
നേരേ കടവ് - മാക്കേ കടവ് പാലം കോട്ടയം, എറണാകുളം ജില്ലകളെ ബസിപ്പിക്കുന്നതും, അരൂരിലെ വ്യവസായ മേഖലയിലൂടെ കടന്ന് പോകുന്നതുമാണ് എന്നതുകൊണ്ട്, അടിസ്ഥാന സൗകര്യ വികസന രംഗത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേസിൽപെട്ട്, കാലതാമസം വന്നില്ലായിരുന്നില്ലെങ്കിൽ 2019 ൽ തന്നെ പൂർത്തിയാകേണ്ട പദ്ധതിയാണിത്.നേരേ കടവ് - മാക്കേക്കടവ് പാലത്തിന് ഇരുവശവുമുള്ള ഭൂഉടമകളിൽ നിന്ന് അനുമതിപത്രം വാങ്ങിത്തന്നെയാണ് നിർമ്മാണമാരംഭിച്ചിരുന്നത്.നിർമ്മാണം അതിവേഗം പൂർത്തിയായി വരുന്ന സമയത്ത് സ്ഥലമുടമകളിൽ ചിലർ സ്ഥലം വിട്ടുതരുന്നതിൽ നിന്ന് പിന്മാറി ഹൈക്കോടതിയെ സമീപിച്ചിരുന്നു.അതോടെയാണ് പാലം നിർമ്മാണം സ്തംഭനാവസ്ഥയിലായത് . കുറച്ച് മാസങ്ങൾക്ക് മുമ്പ് ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയിൽ നിന്നും വിധി ഉണ്ടായി. അതനുസരിച്ച് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയുടെ ശുപാർശ കളക്ടർക്ക് നൽകി. സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായി .സ്ഥലം സർക്കാർ ഏറ്റെടുത്തു കൊണ്ടും, ഉടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുമുള്ള ഗസറ്റ് വിജ്ഞാപനം 22.02.2021 ൽ സർക്കാർ പുറപ്പെടുവിച്ചു കഴിഞ്ഞു.അധികം താമസിക്കാതെ തന്നെ നടപടികൾ പൂർത്തിയായി പാലം നിർമ്മാണം പുനരാരംഭിക്കാനും, പാലം യാഥാർത്ഥ്യമാക്കാനും കഴിയും എന്നതിൽ യാതൊരു തർക്കവുമില്ല.
പാലത്തിന് ആകെയുള്ള 100 പൈലുകളിൽ 96 എണ്ണവും 23 പൈൽ ക്യാപ്പുകളിൽ 21 എണ്ണവും പിയർ ക്യാപ്പുകളിൽ 21ൽ 21ഉം നാവിഗേഷൻ സ്പാനിന്റെ എട്ട് ബീമുകളിൽ അഞ്ചെണ്ണവും പൂർത്തീകരിച്ചിട്ടുണ്ട്. ഇതുവരെ 49,28,52,052 രൂപ ചെലവഴിച്ചിട്ടുണ്ട്. പാലത്തിനും അപ്രോച്ച് റോഡിനുമായി മാക്കേക്കടവിൽ 12.28 ആർസ് ഭൂമിയും വൈയ്ക്കം താലൂക്ക് വടക്കേമുറി വില്ലേജിൽ 8.725ആർസ് ഭൂമിയുമാണ് ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരം ഏറ്റെടുക്കുന്നത്.
ഈ പാലത്തിന്റെ കാര്യത്തിലോ മറ്റ് വികസന കാര്യങ്ങളിലോ ശ്രീമതി ഷാനിമോൾ എന്തെങ്കിലും ഇടപെടലുകൾ നടത്തിയിരുന്നോ എന്ന് പറയാൻ അരൂർ MLA ബാദ്ധ്യസ്ഥയാണ്. നിയമസഭയിൽ പാലം നിർമ്മാണത്തിന്റെ പുരോഗതിയെ കുറിച്ച് ചോദ്യം ചോദിക്കാൻ തയ്യാറായത് വൈക്കം MLA ശ്രീമതി CK ആശ ആണ്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട യോഗങ്ങൾ പലതും വിളിച്ചത് MLA പങ്കെടുക്കാത്തതിനാൽ മാറ്റി വയ്ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.അരൂരിൽ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി വന്ന ആദ്യ ദിനം മുതൽ മണ്ഡലത്തിന്റെ വികസന വിഷയങ്ങളിൽ താൽപ്പര്യം കാണിച്ചിട്ടില്ലാത്ത MLA എല്ലാത്തിലും രാഷ്ട്രീയം മാത്രം കാണുന്ന MLA, അരൂരിന്റെ വികസനം അട്ടിമറിക്കുകയാണ്.അരൂരിന്റെ ഐശ്വര്യ തുടർച്ചയ്ക്ക് ശ്രീമതി ദലീമ മുന്നിലുണ്ടാകും.
ഇടക്കാലത്തിനു ശേഷം അരൂരിന് വേണ്ടി ശബ്ദം ഉയർത്താൻ ഒരു MLA ഉണ്ടാവണം.
'വേലി തന്നെ വിളവ് തിന്നുക' എന്ന പഴം ചൊല്ല് പോലെ ആണ് സ്വന്തം മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസന വിഷയങ്ങളിൽ അരൂർ MLA...
ഇനിപ്പറയുന്നതിൽ AM Ariff പോസ്‌റ്റുചെയ്‌തത് 2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച
മറുനാടന് മലയാളി ബ്യൂറോ