ഷിക്കാഗോ: ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ, യു.എന്നിലെ 34-കാരിയായ ഇന്ത്യൻ - കനേഡിയൻ ഓഡിറ്റ് കോർഡിനേറ്ററായ അറോറ അകാൻഷാ 2021-ലെ ഐക്യരാഷ്ട്ര സഭയുടെ തെരഞ്ഞെടുപ്പിൽ യു.എൻ സെക്രട്ടറി ജനറലായി മത്സരിക്കുവാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഈ സ്ഥാനത്തേക്ക് വരുന്ന ആദ്യ വനിത എന്നതിനു പുറമെ യു.എന്നിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയുമാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ 76 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും, ആദ്യത്തെ വനിതാ സെക്രട്ടറി ജനറലുമായിരിക്കും അറോറ.

അഭയാർത്ഥികളുടെ കുടുംബത്തിൽ നിന്നുമാണ് അവർ വരുന്നത്. ഇന്ത്യയിൽ ജനിച്ച ഇവർ ഇന്ത്യയിലും സൗദി അറേബ്യയിലും വളർന്ന് കാനഡയിൽ സ്ഥിരതാമസമാക്കി. 2017-ലെ യു.എന്നിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളിൽ സേവനമനുഷ്ഠിക്കാൻ നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെ നിയമിച്ചു. അതിനു മുമ്പ് ടൊറന്റോയിലെ പി.ഡബ്ല്യു.സി മാനേജരായിരുന്നു. ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ ഓഡിറ്റ് പ്രഫസറായിരുന്നു. കൂടാതെ കാനഡയ്ക്കും അന്തർദേശീയ തലത്തിലും ഓഡിറ്റ് സ്റ്റാൻഡേർഡുകൾ എഴുതി. കാനഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ ധനസഹായത്തെക്കുറിച്ച് ഓഡിറ്റ് ഗൈഡുകൾ എഴുതി. 2021 ഫെബ്രുവരി ഒമ്പതിന് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള തന്റെ പ്രചാരണം പരസ്യമായി പ്രഖ്യാപിച്ചു.

'ലോകത്തോടുള്ള ഐക്യരാഷ്ട്രസഭയുടെ വാഗ്ദാനം നിറവേറ്റാനും, എല്ലാവർക്കുമായി ഐക്യരാഷ്ട്ര സഭയ്ക്ക് പ്രവർത്തിക്കുവാനും കഴിയണം. അതിനുവേണ്ടിയാണ് ഞാൻ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന്' അവർ പറഞ്ഞു.

ഐക്യരാഷ്ട്രസഭ ലിംഗ സമത്വം പറയുന്നുവെങ്കിലും കഴിഞ്ഞ 76 വർഷത്തെ ചരിത്രത്തിൽ ഒരു വനിതാ സെക്രട്ടറി ജനറലിനെ ലഭിച്ചിട്ടില്ല. അറോറ അകാൻഷയുടെ സ്ഥാനാർത്ഥിത്വം ഒരു മാറ്റത്തിനു തുടക്കംകുറിക്കുമെന്ന് പ്രത്യാശിക്കാം.