ദുബായ്: വ്യോമാക്രമണം രൂക്ഷമായ യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഒമാനിൽനിന്ന് ഇന്ന് കാലത്ത് പുറപ്പെട്ട രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾക്ക് യെമൻ തലസ്ഥാനമായ സനായിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ഇവിടെ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതാണ് കാരണം.

മലയാളി നഴ്‌സുമാർ ഉൾപ്പെടെ 360ലേറെപ്പേരാണ് നാട്ടിലേക്ക് തിരിച്ചു പോകാനായി ഇവിടെ കാത്തു നിൽക്കുന്നത്. അനുമതി ലഭിക്കാത്തതിനാൽ, അയൽ രാജ്യമായ ജിബൂട്ടിയിൽ ചെന്ന ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾ സനായിലേക്ക് പുറപ്പെട്ടത്. അനുമതി ലഭിക്കുന്നത് വൈകിയാൽ, ഇന്നത്തെ യാത്ര മുടങ്ങാനും സാധ്യതയുണ്ട്.

എമിഗ്രേഷൻ പരിശാധനകൾ കഴിഞ്ഞ 360ലേറെ ഇന്ത്യക്കാരാണ് സനാ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അതിനിടെ, 300ലേറെ പേരുമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ജിബൂട്ടിയിൽനിന്നും നാട്ടിലേക്ക് പുറപെട്ടിട്ടുണ്ട്. ഇവയിൽ ഒരു വിമാനം രാത്രി എട്ടു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. രണ്ടാമത്തെ വിമാനം രാത്രി പത്തോടെ മുംബൈയിൽ എത്തും. എയർഇന്ത്യാ വിമാനം മസ്‌കറ്റിൽ നിന്നുമാണ് ജിബൂട്ടിയിലേക്ക് തിരിച്ചത്. പിന്നീട് അവിടെ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിക്കുകയുമായിരുന്നു. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് സുമിത്ര എന്ന കപ്പൽ 350ലേറെ യാത്രക്കാരുമായി യെമനിലെ ഏദൻ തുറമുഖത്തുനിന്ന് ജിബൂട്ടിയിൽ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് ജിബൂട്ടിയിൽ എത്തിയിട്ടുണ്ട്.

നാലു വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മസ്‌കറ്റിലെത്തിയിരിക്കുന്നത്. ദിവസവും മൂന്നു മണിക്കൂർ വിമാനം പറത്തുന്നതിന് യെമൻ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യം പരമാവധി മുതലെടുക്കുന്നതിനാണ് ഇന്ത്യയുടെ ശ്രമം. വിമാനങ്ങൾ മസ്‌കറ്റിൽ നേരത്തെ തന്നെ എത്തിയിരുന്നുവെങ്കിലും പറക്കുന്നതിനുള്ള അനുമതി ലഭിക്കാതിരുന്നത് രക്ഷാപ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരുന്നു.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സിങ്ങിന്റെ ഇടപെടലാണ് അനുമതി ലഭിക്കാൻ കാരണം. അതേസമയം, കൊച്ചിയിൽ നിന്നുള്ള രണ്ടു കപ്പലുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നയച്ച നാലു കപ്പലുകൾ കൂടി ശനിയാഴ്ച ഏഡനിലെത്തും. യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് തർക്കാഷ്, കൊച്ചയിൽ നിന്ന് പുറപ്പെട്ട കവരത്തി, കോറൽ എന്നീ കപ്പലുകളാണ് ശനിയാഴ്ച ഏഡനിലെത്തുക. ഇതോടെ പരമാവധി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

എന്നാൽ, സനായിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തത് തിരിച്ചടി ആയിരിക്കുകയാണ്. ഇവിടെ മലയാളി നഴ്‌സുമാർ അടക്കം നിരവധി പേരാണ് നാട്ടിലേക്ക് പോകാനായി എത്തിയിരിക്കുന്നത്.

അതിനിടെ യെമനിലെ നഴ്‌സുമാരിൽ ഭൂരിപക്ഷവും മലയാളികൾ ആയതിനാൽ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തിൽ കൊണ്ടുവരാൻ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ജിബൂത്തിയിലെത്തിയ ആദ്യ ഇന്ത്യൻ സംഘത്തിൽ ഭൂരിപക്ഷവും മലയാളികളെന്ന് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. വിദേശകാര്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 350 പേരടങ്ങുന്ന സംഘത്തിൽ 206 പേർ മലയാളികളാണ്. തമിഴ്‌നാട് 40, മഹാരാഷ്ട്ര31, പശ്ചിമ ബംഗാൾ23, ഡൽഹി22, കർണാടക15, ആന്ധ്രാപ്രദേശ്‌തെലുങ്കാന13 മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. ഇവർ രാത്രിയോടെ നാട്ടിലെത്തുമെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്‌ബറുദ്ദീൻ ട്വിറ്ററിലൂടെ അറിയിച്ചു.