- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർപിതയുടെ പേരിൽ ഫ്‌ളാറ്റുകളും ഭൂമിയും; കല്യാണ മണ്ഡപം, അപ്പാർട്ട്മെന്റ്; മിക്കതും പാർഥ ചാറ്റർജി 'നൽകിയത്'; ഒപ്പം വ്യാജവിലാസത്തിൽ മൂന്ന് കടലാസ് കമ്പനികളും; അന്വേഷണം തുടർന്ന് ഇ.ഡി
കൊൽക്കത്ത: ബംഗാളിൽ അദ്ധ്യാപക നിയമന അഴിമതിക്കേസിൽ ഇ.ഡി അന്വേഷണം തുടരുന്നതിനിടെ നടി അർപ്പിത മുഖർജിയുടെ പേരിലുള്ള മൂന്ന് കമ്പനികൾ പേപ്പർ കമ്പനികളെന്ന് കണ്ടെത്തി. അർപ്പിതയുടെ പേരിലുള്ള മൂന്ന് കമ്പനികൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഈ കമ്പനികൾ പേപ്പർ കമ്പനികളാണെന്ന് കണ്ടെത്തിയത്.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് കമ്പനികളുടെ ഡയറക്ടറാണ് അർപിതയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിംബയോസിസ് മർച്ചന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സെൻട്രി എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ഇച്ഛേ എന്റർടൈന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികൾ. പാർഥ ചാറ്റർജിയുമായി ബന്ധം രൂപപ്പെട്ടതിന് ശേഷമാണ് ഈ കമ്പനികളുടെ ഡയറക്ടറായി അർപിതയെ നിയമിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇച്ഛേ എന്റർടൈന്മെന്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കെട്ടിടം ഒരു കല്യാണ മണ്ഡപമാണ്. 2011 മുതൽ അർപിത ഡയറക്ടറായുള്ള സിംബയോസിസ് മർച്ചന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന ബെൽഗാരിയ വിലാസത്തിൽ അർപിതയുടെ മാതാവാണ് താമസിക്കുന്നത്. ഈ കെട്ടിടത്തിൽ ഒരു തരത്തിലുള്ള കമ്പനികളും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ മാസം ഇ.ഡി കണക്കിൽപ്പടാത്ത പണം പിടിച്ചെടുത്ത കൊൽക്കത്തയിലെ ഫ്ളാറ്റിന്റെ വിലാസത്തിലാണ് മൂന്നാമത്തെ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അർപ്പിതയുടെ പേരിലുള്ള കൂടുതൽ ഫ്‌ളാറ്റുകളുടെയും ഭൂമിയുടെയും വിവരങ്ങൾ ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ശാന്തിനികേതനിലെ ഭൂമി ഇപ്പോൾ അർപ്പിതയുടെ പേരിലാണെങ്കിലും ആദ്യം വാങ്ങിയത് അർപ്പിതയും പാർഥയും ചേർന്നാണെന്ന രേഖകളും പുറത്തുവന്നിരുന്നു. അതിനിടെ, അർപ്പിതയുടെ പേരിലുള്ള മൂന്നു ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി. മരവിപ്പിച്ചിരുന്നു. രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമുള്ള അക്കൗണ്ടുകളാണിവ.
ടോളിഗഞ്ചിലെ ഡയമണ്ട് സിറ്റി ക്‌ളബ്ബ് സമുച്ചയത്തിലെ അർപ്പിതയുടെ ഫ്‌ളാറ്റിൽനിന്നാണ് ആദ്യ റെയ്ഡിൽ 21 കോടി കണ്ടെടുത്തത്. ഈ ഫ്‌ളാറ്റ് കൂടാതെ ഇതേ സമുച്ചയത്തിൽ രണ്ട് ഫ്‌ളാറ്റുകളും ഒരു പെന്റ് ഹൗസും അർപ്പിതയ്ക്കുണ്ടെന്നാണ് ഇ.ഡി. അവകാശപ്പെടുന്നത്. ഓഫീസുകൾ, നയാബാദ്, ബെൽഘാേരിയ, ആനന്ദപുർ, ചിനർപാർക്ക് എന്നിവിടങ്ങളിൽ ഫ്‌ളാറ്റുകൾ എന്നിവയും ഇവരുടെ പേരിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അർപ്പിതയുടെ ഉടമസ്ഥതയിലുള്ള നാല് ഫ്ളാറ്റുകളിലും മൂന്ന് സലൂണനുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവിടെ നിന്ന് എന്താണ് ലഭിച്ചതെന്ന് ഇ.ഡി. വ്യക്തമാക്കിയിരുന്നില്ല. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അർപ്പിതയേയും പാർഥ ചാറ്റർജിയേയും കോടതിയിൽ ഹാജരാക്കും. ഇവർക്കെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ ഏജൻസി ഈ ഘട്ടത്തിൽ ഹാജരാക്കുമെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്