- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർപ്പിതയുടെ ജീവന് ഭീഷണിയുണ്ട്; ജയിലിൽ നൽകുന്ന വെള്ളവും ഭക്ഷണവും പരിശോധിക്കണം; ഡിവിഷൻ-ഒന്ന് തടവുകാരുടെ വിഭാഗത്തിലേക്ക് മാറ്റണമെന്നും ഇ.ഡി. കോടതിയിൽ; പാർഥയുടെ ജാമ്യഹർജി തള്ളി; ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: പശ്ചിമബംഗാളിലെ അദ്ധ്യാപക നിയമന അഴിമതിക്കേസിൽ അറസ്റ്റിലായ നടി അർപ്പിത മുഖർജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കഴിഞ്ഞദിവസം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ഇ.ഡി. അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ സഹായിയാണ് അർപ്പിത.
ജയിലിൽ കഴിയുന്ന അർപ്പിതയ്ക്ക് ജീവന് ഭീഷണിയുണ്ടെന്ന് നടിയുടെ അഭിഭാഷകൻ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. അർപ്പിതയെ ഡിവിഷൻ-ഒന്ന് തടവുകാരുടെ വിഭാഗത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് നടിയുടെ അഭിഭാഷകന്റെ വാദങ്ങളെ ഇ.ഡി. അഭിഭാഷകനായ ഫിറോസ് എദുൽസിയും അംഗീകരിച്ചത്.
'അർപ്പിത മുഖർജിക്ക് ഭീഷണിയുണ്ടെന്നാണ് രഹസ്യ വിവരം. എന്നാൽ പാർഥ ചാറ്റർജിയുടെ കാര്യത്തിൽ അത്തരമൊരു ഭീഷണിയുള്ളതായി റിപ്പോർട്ടില്ല'- ഇ.ഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അർപ്പിതയുടെ ജീവന് ഭീഷണിയുണ്ട്, അതിനാൽ ജയിലിൽ നൽകുന്ന വെള്ളവും ഭക്ഷണവുമെല്ലാം അവർക്ക് കൊടുക്കുന്നതിന് മുമ്പ് പരിശോധിക്കണമെന്നും ഇ.ഡി. അഭിഭാഷകൻ പറഞ്ഞു. നാലിൽ കൂടുതൽ തടവുകാരെ ഇവർക്കൊപ്പം താമസിപ്പിക്കരുതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേസമയം, അദ്ധ്യാപകനിയമന അഴിമതിക്കേസിൽ മുൻ മന്ത്രി പാർഥ ചാറ്റർജി, അർപ്പിത മുഖർജി എന്നിവരെ 14 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പാർഥയുടെ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ വിട്ടത്. ഓഗസ്റ്റ് 16-ന് വീണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കണം.
സിബിഐ. കേസിലും ഇ.ഡി കേസിലും പാർഥ ചാറ്റർജിക്കെതിരേ ഒരു സാക്ഷി പോലും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. മുൻ മന്ത്രി കോഴ ചോദിച്ചെന്ന് പറഞ്ഞ് ഒരാൾപോലും ഇതുവരെ രംഗത്തുവന്നിട്ടില്ല. അദ്ദേഹം കോഴ ആവശ്യപ്പെട്ട ഏതെങ്കിലും സാക്ഷിയെ അന്വേഷണ ഏജൻസികൾക്ക് കാണിക്കാൻ കഴിയുമോ?, അതിനാൽ സിബിഐ. ഉന്നയിക്കുന്ന കുറ്റകൃത്യത്തിലും ആരോപണങ്ങളിലും പാർഥയ്ക്ക് പങ്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.
ഇ.ഡി. കേസിൽ ജൂലായ് 22-ന് നടന്ന റെയ്ഡിൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. അദ്ദേഹം ഇപ്പോൾ ഒരു രാഷ്ട്രീയ നേതാവും അല്ല. ആവശ്യപ്പെട്ടാൽ എംഎൽഎ. സ്ഥാനവും രാജിവെയ്ക്കും. അതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പാർഥയുടെ അഭിഭാഷകന്റെ വാദം. കുറ്റകൃത്യത്തിൽ പങ്കില്ലാത്ത ഒരാളോട് എത്രതവണ ചോദ്യം ചോദിച്ചാലും അദ്ദേഹം സഹകരിക്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
2012 നവംബർ 1ന് പാർഥ ചാറ്റർജിയും അർപ്പിത മുഖർജിയും പങ്കാളിത്തത്തോടെ ഒരു കമ്പനി രൂപീകരിച്ചെന്ന് ഇ.ഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ സ്ഥാപനവും കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ചുവരികയാണ്. 50 അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണ്. ഫോൺ ഡാറ്റ വീണ്ടെടുത്തിട്ടുണ്ട്. പാർഥ ചാറ്റർജിയിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയണം. അതിനാൽ പാർഥ ചാറ്റർജിയെയും അർപ്പിതയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്. കോടതി ഇ.ഡി അഭിഭാഷകന്റെ വാദം കേട്ടശേഷം ഹർജി തള്ളുകയായിരുന്നു.
അദ്ധ്യാപക നിയമന അഴിമതിക്കേസിൽ ജൂലായ് 23-നാണ് മുൻ മന്ത്രി പാർഥ ചാറ്റർജിയെയും സുഹൃത്ത് അർപ്പിത മുഖർജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തത്. അർപ്പിതയുടെ ഫ്ളാറ്റുകളിൽ നടത്തിയ റെയ്ഡിൽ അമ്പതുകോടിയോളം രൂപയും ഇ.ഡി. പിടിച്ചെടുത്തിരുന്നു.
ന്യൂസ് ഡെസ്ക്