കൊൽക്കത്ത: ബംഗാളിലെ അദ്ധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് തന്റെ ഫ്‌ളാറ്റുകളിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്ത പണം അറസ്റ്റിലായ മുൻ മന്ത്രി പാർഥ ചാറ്റർജിയുടേതാണെന്ന് അർപിത മുഖർജിയുടെ വെളിപ്പെടുത്തൽ. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അർപിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. തന്റെ ഫ്‌ളാറ്റുകളെ പാർഥ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അർപിത പറഞ്ഞതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

തന്റെ രണ്ട് ഫളാറ്റുകളിൽ ഇത്രയധികം പണവും മറ്റ് മൂല്യമുള്ള വസ്തുക്കളും ഒളിപ്പിച്ചുവെച്ചിരുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. പൂട്ടിയിട്ട മുറികളിൽ പ്രവേശിക്കാൻ പാർഥാ ചാറ്റർജി തന്നെ അനുവദിച്ചിരുന്നില്ലെന്നും അർപിത മുഖർജി ഇ.ഡിയോട് പറഞ്ഞു. കേസിൽ അറസ്റ്റിലായ അർപിതയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

ഫ്‌ളാറ്റുകളിൽ കണക്കിൽപ്പെടാത്ത പണമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ തുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അർപിത ഇഡിയോടു പറഞ്ഞതായാണ് വിവരം. പാർഥയുടെ ആളുകൾ ഇടയ്ക്കിടെ ഫ്‌ളാറ്റിൽ വരുമായിരുന്നെന്നും പണം സൂക്ഷിച്ച മുറികളിൽ തനിക്കു പ്രവേശനമുണ്ടായിരുന്നില്ലെന്നും അർപിത വെളിപ്പെടുത്തിയതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ഫ്‌ളാറ്റിൽനിന്ന് നോട്ടുകെട്ടുകൾക്കും സ്വർണാഭരണങ്ങൾക്കും പുറമേ സെക്സ് ടോയ്കളും കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. ഒരു വെള്ളിത്തളികയും കണ്ടെടുത്തു. ബംഗാളി കുടുംബങ്ങളിൽ പരമ്പരാഗതമായി നവവധൂവരന്മാർക്കു നൽകുന്നതാണ് ഇത്. ഇത്തരം തളികകൾ ഭാഗ്യം കൊണ്ടുവരുമെന്നാണ് സങ്കൽപം.

വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനിടെയാണ് അർപിത ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൂട്ടിയിട്ട മുറികളിൽ പ്രവേശിക്കാൻ പാർഥ തന്നെ അനുവദിച്ചിരുന്നില്ലെന്നും അർപിത കൂട്ടിച്ചേർത്തു. അർപിതയുടെ ഫ്ളാറ്റുകളിലൊന്നിൽ ബുധനാഴ്ച ഇ.ഡി. നടത്തിയ റെയ്ഡിൽ 27.9 കോടി രൂപയാണ് പിടിച്ചെടുത്തത്. ഏകദേശം 13 മണിക്കൂറുകൊണ്ടാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

ബേൽഘോരിയയിലെ ക്ലബ് ടൗൺ ഹൈറ്റ്സിൽ സ്ഥിതി ചെയ്യുന്ന അർപിതയുടെ മറ്റൊരു ഫ്ളാറ്റിലെ കിടപ്പുമുറിയിൽനിന്നും അതോടുചേർന്ന ശുചിമുറിയിൽനിന്നുമായി 4.3 കോടി വിലമതിക്കുന്ന ആഭരണങ്ങൾ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ അർപിതയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റിൽനിന്ന് 21.9 കോടിരൂപയും 54 ലക്ഷത്തിന്റെ വിദേശ കറൻസിയും 74 ലക്ഷത്തിന്റെ സ്വർണവും ഇ.ഡി. പിടികൂടിയിരുന്നു.

രണ്ടു ഫ്ളാറ്റുകളിലും പാർഥ വരാറുള്ളപ്പോഴെല്ലാം തനിച്ചായിരുന്നു പൂട്ടിയിട്ട മുറികളിൽ കയറിയിരുന്നത്- ചോദ്യംചെയ്ത ഉദ്യോഗസ്ഥരോട് അർപിത പറഞ്ഞു. സ്വത്തുക്കളെ കുറിച്ച് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ പലതവണ അർപിത പൊട്ടിക്കരഞ്ഞെന്നും നിരപരാധിയാണെന്ന് ആവർത്തിച്ചെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അതേ സമയം അറസ്റ്റിലായ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകളിൽ നിന്നും വൻതോതിൽ പണവും സുപ്രധാന രേഖകളും നേരത്തെ കടത്തിയതായി സംശയം ഉയർന്നിട്ടുണ്ട്. അർപിതയുടെ നാല് ആഡംബര കാറുകൾ കാണാനില്ലെന്നാണ് റിപ്പോർട്ട്. കൊൽക്കത്ത ഡയമണ്ട് സിറ്റി ഫ്‌ളാറ്റിൽ നിന്നാണ് നാലു കാറുകൾ കാണാതായത്. ഇവയിൽ പണവും രേഖകളും കടത്തിയിട്ടുണ്ടാകാമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നത്. അന്വേഷണം തുടരുകയാണ്.

ഓഡി എ-4, ഹോണ്ട സിറ്റി, ഹോൺ സിആർവി, മെഴ്സിഡസ് ബെൻസ് കാറുകളാണ് കാണാതായത്. അഴിമതിക്കേസിൽ അർപ്പിത അറസ്റ്റിലായ അന്നു രാത്രിയാണ് കാറുകൾ കാണാതായത്. അർപ്പിതയുടെ വെള്ള നിറത്തിലുള്ള മെഴ്സിഡസ് കാർ മാത്രമാണ് ഇ ഡി പിടിച്ചെടുത്തത്.

സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച ഇഡി ഉദ്യോഗസ്ഥർ, കാറുകൾ കണ്ടെത്തുന്നതിനായി വിപുലമായ തിരച്ചിൽ നടത്താനാണ് തീരുമാനം. അർപ്പിതയുടെ ഫ്‌ളാറ്റുകളിൽ നടത്തിയ റെയ്ഡിൽ 50 കോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകളും നിരവധി സ്വർണക്കട്ടികളും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു.

അർപിതയുടെ ഫ്‌ളാറ്റിൽ സെക്സ് ടോയ്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബംഗാളി നടി ശ്രീലേഖ മിത്ര പാർഥ ചാറ്റർജിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഈ വിഷയത്തിലും അർപിതയെ ഇഡി ചോദ്യം ചെയ്യും. ആരാണ് ഇവ അർപിതയ്ക്കു നൽകിയത്, ഓൺലൈനിൽ വരുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ ഇഡി ചോദിച്ചറിയും. അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുക.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പാർഥയെ കഴിഞ്ഞ 23നാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ബെൽഗാരിയ മേഖലയിലെ രണ്ടു ഫ്‌ളാറ്റുകളിൽ ബുധനാഴ്ചയാണ് ഇഡി തിരച്ചിൽ നടത്തിയത്. ഇവിടെ നിന്ന് ചില നിർണായകരേഖകളും ലഭിച്ചതായി ഇഡി അറിയിച്ചു. പാർഥയും അർപ്പിതയും ഇഡിയുടെ കസ്റ്റഡിയിലാണ്.

അതിനിടെ, അറസ്റ്റിലായ മുന്മന്ത്രി പാർത്ഥ ചാറ്റർജിയുടെ സൗത്ത് 24 പർഗാനയിലെ വീട്ടിൽ ബുധനാഴ്ച രാത്രി മോഷണം നടന്നു. കതകിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് മന്ത്രിയുടെ വസതിയിൽ കയറിയതെന്നാണ് സൂചന. മിനി ട്രക്കിലെത്തിയ നാലംഗ സംഘം മന്ത്രിയുടെ വീട്ടിൽനിന്ന് വലിയ ബാഗുകളിലാക്കി നിരവധി സാധനങ്ങൾ കൊണ്ടുപോയതായി സമീപവാസികൾ പറഞ്ഞു.

റെയ്ഡിന്റെ ഭാഗമായെത്തിയ ഇഡി ഉദ്യോഗസ്ഥരാണ് ഇതെന്നായിരുന്നു നാട്ടുകാർ വിചാരിച്ചത്. പാർത്ഥ ചാറ്റർജിയുടെ മകൾ സോഹിണി ചാറ്റർജിയുടെ പേരിലുള്ളതാണ് ഈ വീട്. സോഹിണി ഭർത്താവിനൊപ്പം വിദേശത്താണ്. ഈ വീട്ടിൽ അർപ്പിത പതിവ് സന്ദർശകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.