- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപർക്ക് വരുന്നത് ഇരട്ടിപ്പണി; കുട്ടികൾക്ക് ആകട്ടെ പരീക്ഷണവും; സ്കുളിലെ ക്ലാസുകൾക്കൊപ്പം സമാന്തരമായി ഓൺലൈൻ ക്ലാസുകളും; വിദ്യാർത്ഥികൾ കൂടുതൽ ഉള്ള സ്കുളുകളിൽ ക്ലാസ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ; മറ്റൊരു 'ചലഞ്ചായി സ്കുൾ തുറക്കൽ മാറുമ്പോൾ
തിരുവനന്തപുരം: സ്കുൾ നവംബർ ഒന്നിന് തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോൾ അത് സർക്കാറിന്റെ ചലഞ്ചുകളുടെ കൂട്ടത്തിൽ മറ്റൊന്നുകൂടിയാകുന്നു.വകുപ്പിനോട് ആലോചിക്കാതെയുള്ള തീരുമാനമെന്ന വാദത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻ കുട്ടി തള്ളിയെങ്കിലും മറ്റു കാര്യങ്ങളിലെ ആശയക്കുഴപ്പം മുഴച്ച് നി്ൽക്കുന്നുണ്ട്.കാരണം എല്ലാം വിദ്യാലയങ്ങൾക്കും ഏകീകരിച്ചൊരു മാതൃകയുണ്ടാക്കാൻ സർക്കാറും പെടാപ്പാട് പെടുകയാണ്. കുട്ടികൾ കൂടുതൽ ഉള്ള വിദ്യാലയങ്ങൾക്ക് ഒരു മാതൃക, കുറവുള്ള വിദ്യാലയങ്ങൾക്ക് മറ്റൊരു മാതൃക എന്ന നിലയിലാണ് ഇപ്പോൾ സർക്കാർ കാര്യങ്ങൾ മുമ്പോട്ട് നീക്കുന്നത്.
സ്്കുൾ തുറക്കുന്നത് സർക്കാരിനെക്കാൾ വെല്ലുവിളി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ്. സ്കുൾ തുറന്നാലും ഓഫ്ളൈൻ ക്ലാസുകൾക്കുമൊപ്പം സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടപ്പാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.ഇത് അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം ഇരട്ടിപ്പണിയാകുമെന്നതിൽ തർക്കമില്ല.ഇതിനുപുറമെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസ് എന്നും മന്ത്രി പറയുന്നു. സ്കുളിലെ കുട്ടികളുടെ എണ്ണമനുസരിച്ചാവും ഇത് ക്രമീകരിക്കുക.
ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ ക്ലാസുകൾ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിലായിരിക്കും പ്രധാനമായും ഇത് നടപ്പിലാക്കുക.ഏഴായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾ വരെയുള്ളത് കണക്കിലെടുത്താണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്. അദ്ധ്യാപക സംഘടനകളുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചർച്ചകൾ നടത്തും. കുട്ടികൾ സ്കൂളുകളിലെത്തുമ്പോൾ മാസ്ക്, സാനിട്ടൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ വിശദമായ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകൾ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളിൽ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കുന്നതെങ്കിലും ഒക്ടോബർ 15ന് മുൻപായി വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന് മുന്നോടിയായി ആരോഗ്യ വിദഗ്ദ്ധർ, ജില്ലാ കളക്ടർമാർ എന്നിവരുമായി ചർച്ച നടത്തും.
അതേസമയം സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുത്തതും തീയതി അടക്കം നിശ്ചയിച്ച് പ്രഖ്യാപനം നടത്തിയതും വിദ്യാഭ്യാസ വകുപ്പ് അറിയാതെയെന്ന വിവാദവും മന്ത്രി തള്ളി. നവംബർ 1 മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞത്. കോവിഡ് ഉന്നതതല യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കോ ക്ഷണമുണ്ടായില്ല.
വിഷയത്തിൽ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. ഇത് വലിയ തരത്തിൽ ചർച്ചയായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ശിവൻകുട്ടി തന്നെ രംഗത്ത് വന്നത്.വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് മുഖ്യമന്ത്രി സ്കൂൾ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചതെന്നും മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ