തൊടുപുഴ: വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്വകാര്യബസ്സിലെ ക്ലീനർ അറസ്റ്റിൽ. മന്നാംകണ്ടം മച്ചിപ്ലാവ് ചാറ്റുപാറക്കുടിയിൽ നാഗന്റെ മകൻ മനു (26)വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞാർ പൊലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞാർ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ബസ് യാത്രയ്ക്കിടെയാണ് തൊടുപുഴയിൽ ഡിഗ്രിവിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ബസ്സക്ലീനറുമായി പരിചയത്തിലായത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലെ ചാറ്റിംഗിലുടെ ബന്ധം കൂടുതൽ ദൃഡമായി. തുടർന്നാണ് വിവാഹവാഗ്ദാനം നൽകി പലസ്ഥലങ്ങളിലായി എത്തിച്ച് പീഡിപ്പിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ മൂന്നുവർഷമായി അടിമാലിയിലെ സ്വന്തം വീട്ടിൽവച്ചും സഹോദരന്റെ വീട്ടിൽ വച്ചും ഇടുക്കിയിലെ ലോഡ്ജിൽവച്ചും പെൺകുട്ടിയുടെ വീട്ടിൽ വച്ചും പലതവണ പീഡിപ്പിച്ചതായിട്ടാണ് പെൺകുട്ടിയുടെ മൊഴി. കല്യാണം കഴിക്കാൻ ആവശ്യപ്പെട്ടതോടെയാണ് മനുവിന്റെ തനിസ്വഭാവം പെൺകുട്ടിക്ക് ബോദ്ധ്യമായത്.ഒഴിവുകിഴിവുകൾ പറഞ്ഞ് പലതവണ മനുഒഴിഞ്ഞുമാറിയെങ്കിലും പെൺകുട്ടി വിട്ടുകൊടുക്കാൻ തയ്യാറായില്ല.തുടർന്നുനടന്ന അന്വേഷണത്തിലാണ് മനുവിന് ഭാര്യയും മൂന്നുമക്കളുമുണ്ടെന്ന് വ്യക്തമായത്.

തുടർന്നാണ് പെൺകുട്ടി പൊലീസിൽ പരാതിയുമായി എത്തിയത്.എസ് എച്ച് ഒ ശ്രീജേഷ് വി കെ യുടെ നേതൃത്വത്തിൽ എ എസ് ഐ സാംകുട്ടി,എ എസ് ഐ ബിജു,ഡബ്ളിയു എസ് സി പി ഒ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തി മനുവിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റും ചെയ്തു.