സൻഫ്രാൻസിസ്‌കോ : സൻഫ്രാൻസിസ്‌കോ ഡൗൺ ടൗണിലെ മാർക്കറ്റ് സ്ട്രീറ്റിൽ ബസ് കാത്തുനിൽക്കുകയായിരുന്ന രണ്ട് ഏഷ്യൻ വനിതകളെ കത്തികൊണ്ട് മാരകമായി കുത്തിപരിക്കേൽപ്പിച്ച പ്രതിയെ പിടികൂടിയതായി സൻഫ്രാൻസിസ്‌കോ പൊലീസ് അറിയിച്ചു.

മെയ്‌ 4 ചൊവ്വാഴ്ച പകലാണ് സംഭവം. കുത്തേറ്റ ഒരു വനിതയെ രക്തം വാർന്നൊലിക്കുന്ന സ്ഥിതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വനിതയുടെ കയ്യിൽ കുത്തികയറ്റിയ കത്തിയുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമം നടത്തിയ പ്രതിയെ രാത്രിയോടെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

കുത്തേറ്റ വനിതകൾ ഏഷ്യൻ വംശജരാണെന്ന് പൊലീസ് വെളിപ്പെടുത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. എന്താണ് അക്രമത്തിന് പ്രേരിപ്പിച്ച ഘടകമെന്ന് വ്യക്തമല്ലെങ്കിലും വംശീയതയാകുമെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ മാസ്‌ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഏഷ്യൻ വനിതകളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച സംഭവത്തിനു തൊട്ടടുത്ത ദിവസം തന്നെ ഇത്തരമൊരു കാര്യം നടന്നത് ഏഷ്യൻ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈയിടെ ഏഷ്യൻ വംശജർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വളരെ ഗൗരവത്തോടെ കാണണമെന്നും കർശന നടപടി വേണമെന്നും
ഏഷ്യൻ സമൂഹം ആവശ്യപ്പെടുന്നു.