ലബക്ക്(ടെക്സസ്): തിങ്കളാഴ്ച(മെയ് 10) രാത്രി ഔദ്യോഗീക ചുമതല നിർവഹിക്കുന്നതിനിടയിൽ വെടിയേററു കോൺജൊ കൗണ്ടി ഷെറീഫ് ഓഫിസിലെ ഡെപ്യൂട്ടികളായ സാമുവേൽ ലിയൊണാർഡ്, സ്റ്റീഫൻ ജോൺസ് എന്നിവർക്ക് ദയനീയ അന്ത്യം.വെടിവെച്ചു എന്നു വിശ്വസിക്കുന്ന പ്രതി ജെഫ്രി നിക്കൊളസിനെ(28) പൊലീസ് പിടികൂടി.

തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. കോൺഞ്ചെ, കൗണ്ടി 100 ബ്ലോക്ക് ബ്രയാൻ സ്ട്രീറ്റിലുള്ള പട്ടിയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് എത്തിയതായിരുന്നു ഡ്പ്യൂട്ടികൾ, അതേ സമയം വീടിനു മുമ്പിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ജെഫ്രിയുടെ വാഹനം തടഞ്ഞു കൈയുയർത്തുവാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ വാഹനത്തിൽ നിന്നും ഇറങ്ങിയോടിയ ജഫ്രി വീടിനുള്ളിൽ കടന്ന് പ്രതിരോധിച്ചു. പുറകിലെത്തിയ പൊലീസിന് നേർക്ക് ജഫ്രി പത്തു റൗണ്ടു നിറയൊഴിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസിനോടൊപ്പം എത്തിചേർന്ന സിറ്റി ജീവനക്കാരനും വെടിയേറ്റു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡെപ്യൂട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളോടെ സിറ്റി ജീവനക്കാരൻ ആശുപത്രിയിൽ കഴിയുന്നു.

അരമണിക്കൂറോളം വീടിനകത്ത് വാതിലടച്ചു കഴിഞ്ഞ ജെഫ്രി പിന്നീട് കീഴടങ്ങുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിക്കു 4 മില്യൺ ഡോളർ ജാമ്യം അനുവദിച്ചു. പിന്നീട് ഇയാളെ ടോം ഗ്രീൻ കൗണ്ടി ജെയിലിലേക്ക് മാറ്റി. രണ്ടു കാപിറ്റൽ മർഡറിന് ഇയാൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ഡെപ്യൂട്ടികളുടെ ആകസ്മിക വിയോഗത്തിൽ ഗവർണ്ണർ ഗ്രേഗ് ഏബട്ട് ദുഃഖം രേഖപ്പെടുത്തി. ടെക്സസ് റേജേഴ്സ് കേസിന്റെ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.