നെബ്രസ്‌ക്കൊ: അഞ്ചു വയസ്സുള്ള എമിലിയും, മൂന്നു വയസ്സുള്ള തിയോഡർ പ്രൈസും നെബ്രസ്‌ക്കെ ആൽബർട്ട് അവന്യൂവിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ പിതാവിനെ കാലിഫോർണിയ ഫെസഫിക്കായിൽ വെച്ചു അറസ്റ്റു ചെയ്തു. മെയ് 17 ഞായറാഴ്ച വൈകീട്ട് അറസ്റ്റു ചെയ്ത ആഡംപ്രൈസ്(35) നെ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ കാലിഫോർണിയ കോടതിയിൽ ഹാജരാക്കി.

ഭാര്യയും ഭർത്താവും വേർപിരിയലിന്റെ നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കെ കോടതി ഉത്തരവനുസരിച്ചു പിതാവിനെ സന്ദർശിക്കാനാണ് കുട്ടികൾ നെബ്രസ്‌ക്കായിലുള്ള വീട്ടിൽ എത്തിയത്. കുട്ടികളുടെ മാതാവ് ഇല്ലിനോയ്സിലാണ് താമസം.

കുട്ടികളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ആൽബർട്ടായിലെ പൊലീസിനെ വിളിച്ചു കുട്ടികളുടെ വെൽഫെയർ ചെക്കിനു വേണ്ടി അമ്മ അഭ്യർത്ഥിച്ചു.
ശനിയാഴ്ച വീട്ടിൽ എത്തിയ പൊലീസ് അസ്വാഭാവികമായി ഒന്നും കാണാതിരുന്നതും, വീട്ടിൽ ആരും ബലം പ്രയോഗിച്ചു കടന്നിട്ടില്ലെന്നും ബോധ്യമായതിനെ തുടർന്ന് തിരിച്ചുപോയിരുന്നു. ഞായറാഴ്ച രാവിലെ വീണ്ടും മാതാവ് വിളിച്ചപ്പോൾ പൊലീസ് വീട്ടിലെത്തി അന്വേഷിക്കുകയും, രണ്ടു കുട്ടികളേയും മരിച്ച നിലയിൽ വീടിനകത്തു കണ്ടെത്തുകയുമായിരുന്നു. ഉടനെ കുട്ടികളുടെ പിതാവിനെ അന്വേഷിക്കുന്നതിനിടയിൽ കാലിഫോർണിയ ഫെസഫിക്കായിൽ ആഡം പ്രൈസിനെ രാത്രി 7 മണിയോടെ പിടികൂടുകയുമായിരുന്നു.

കുട്ടികളുടെ മരണത്തെകുറിച്ചു ഫോറൻസിക്ക് റിപ്പോർട്ട് കിട്ടിയതിന്ശേഷം പിതാവിനെതിരെ കൂടുതൽ ചാർജ്ജുകൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്ന് ഫസഫിക്ക് പൊലീസ് പറഞ്ഞു. പ്രതിയെ കാലിഫോർണിയായിൽ നിന്നും നെബ്രസ്‌ക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളും അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ദാമ്പത്യ തകർച്ചയുടെ ഇരകളാണ് നിർദോഷികളും നിഷ്‌ക്കളങ്കരുമായ രണ്ടു കുട്ടികൾ.