ബംഗളൂരു: 10 വയസ്സുകാരിയെ ബലി നൽകാൻ ശ്രമിച്ചതിന് പൂജാരി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. കൃഷിയിടത്തിലെ ദോഷമകറ്റാൻ വേണ്ടി കുട്ടിയെ ബലി നൽകാൻ ശ്രമിച്ചെന്നാണ് കേസ്.

നെലമംഗല ഗാന്ധി ഗ്രാമത്തിലാണ് സംഭവം. കർണാടക അനാചാര നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിനു മുന്നിൽ കളിച്ചു കൊണ്ടു നിൽക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് കേസ്.

2 സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ജൂൺ 14നാണ് കേസിന് ആസ്പദമായ സംഭവം. അയൽവാസികളായ സാവിത്രമ്മയും സൗമ്യയും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലി നൽകാൻ ശ്രമിച്ചെന്നാണു രക്ഷിതാക്കളുടെ പരാതി. കുട്ടിക്ക് പ്രസാദം നൽകാനെന്ന വ്യാജേനയാണ് കൊണ്ടുപോയത്.

കൃഷിയിടത്തിനു നടുവിലിരുത്തിയ ശേഷം ബലി നൽകുന്നതിന്റെ ഭാഗമായി കഴുത്തിൽ ഹാരമണിയിച്ചു. കുട്ടിയെ തിരഞ്ഞെത്തിയ അമ്മൂമ്മ ഇതുകണ്ട് ബഹളം വച്ചതോടെ സംഭവം പുറത്തറിഞ്ഞു. എന്നാൽ കൃഷിയിടത്തിനു നടുക്ക് ക്ഷേത്രം നിർമ്മിക്കുന്നതിന്റെ ഭാഗമായി ബാലികാ പൂജ നടത്തണമെന്ന് പൂജാരി ആവശ്യപ്പെട്ടതിനെ തുടർന്നുള്ള ചടങ്ങുകളാണ് നടന്നതെന്നാണ് അറസ്റ്റിലായവരുടെ വാദം.