മുംബൈ: കള്ളപ്പണ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ പേഴ്സണൽ അസിസ്റ്റന്റിനേയും സെക്രട്ടറിയേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. പി.എ കുന്ദൻ ഷിൻഡെ, പി.എസ് സഞ്ജീവ് പണ്ഡാലെ എന്നിവരാണ് അറസ്റ്റിലായത്.

ദേശ്മുഖിന്റെ നാഗ്പൂരിലെയും മുംബൈയിലേയും വീടുകളിൽ അടക്കം അഞ്ചിടങ്ങളിൽ ഇന്നലെ ഇ.ഡി പരിശോധന നടത്തിയിരുന്നു.

തനിക്കെതിരെ മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിങ് നടത്തിയത് തെറ്റായ പ്രചാരണമാണെന്നും സംശയകരമായ പെരുമാറ്റത്തെ തുടർന്ന് പരംബീറിനെ ചുമതലയിൽ നിന്നു നീക്കിയതിന്റെ പ്രതികാരമാണ് തനിക്കെതിരായ ആരോപണമെന്നും അനിൽ ദേശ്മുഖ് ഇന്നലെ പറഞ്ഞിരുന്നു. 100 കോടി രൂപയോളം അന്യായമായി പരിച്ചെടുക്കാൻ പൊലീസിന് ദേശ്മുഖ് നിർദ്ദേശം നൽകിയെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം.

സിബിഐ കേസെടുത്തതിനു പിന്നാലെ ഇ.ഡിയും കള്ളപ്പണ കേസിൽ ദേശ്മുഖിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അഴിമതി നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്.