ലേക്ക്ലാന്റ്(ഫ്ളോറിഡ): മൂന്നുമാസമുള്ള കുട്ടി, കുട്ടിയുടെ മാതാവ്,(33), അമ്മൂമ്മ(62) നാൽപതു വയസ്സുള്ള ഒരു പുരുഷൻ എന്നീ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിൽ യു.എസ്.എക്സ് മറീസ് ബ്രയാൻ റൈലി(33)യെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ആക്ടീവ് ഷൂട്ടർ പരിസരത്തു ഉണ്ട് എന്ന് സന്ദേശം കിട്ടി സംഭവസ്ഥലത്ത് എത്തിയ പൊലീസും, പ്രതിയും തമ്മിൽ വെടിവെപ്പു നടന്നു. നിസ്സാര പരിക്കേറ്റ പ്രതി പിന്നീട് പൊലീസിന് കീഴടങ്ങി. പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി പൊലീസിന്റെ കൈയിൽ നിന്നും തോക്ക് തട്ടിയെടുക്കുന്നതിനുള്ള ശ്രമവും നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതി മയക്കുമരുന്നിനു അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിനുശേഷം നടത്തിയ പരിശോധനയിൽ 40 വയസ്സുള്ള പുരുഷനേയും 33 വയസ്സുള്ള സ്ത്രീയുടെയും, കുഞ്ഞിന്റേയും മൃതദേഹങ്ങൾ ഒരു വീട്ടിൽ നിന്നും, അതേ സ്ഥലത്തുള്ള മറ്റൊരു വീട്ടിൽ നിന്നും 62 വയസ്സുള്ള അമ്മൂമ്മയുടെയും മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെടുക്കുകയായിരുന്നു. 11 വയസ്സുള്ള കുട്ടിക്ക് നിരവധി വെടിയേറ്റിരുന്നു. കുട്ടിയെ റ്റാംമ്പ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചുവരുന്നു. മൂന്നു വയസ്സുള്ള കുട്ടിയെ കൈയിലേന്തിയ മാതാവ് ജീവനു വേണ്ടി കേണപേക്ഷിച്ചുവെങ്കിലും, പ്രതി നിർദാക്ഷിണ്യം ഇരുവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

ഇറാക്കിലും അഫ്ഗനിസ്ഥാനിലും 2008-2010 കാലഘട്ടത്തിൽ മറീനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രതി ഷാർപ് ഷൂട്ടറാണെന്നാണ് പൊലീസ് പറയുന്നത്.