അലാമെ (ജോർജിയ) : ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ പൊലീസ് ഓഫീസറെ സ്റ്റേഷന് സമീപം പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഞായറാഴ്ച ഉച്ചക്ക് ശേഷം പിടികൂടിയതായി അലാമെ പൊലീസ് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

26 വയസ്സുള്ള ഡൈലൻ ഹാരിസൺ എന്ന ഓഫീസറാണ് വെടിയേറ്റ് കൊല്ലപ്പെട്ടത് , നിരവധി കേസ്സുകളിൽ പ്രതിയായ ഡാമിയൻ ആന്റണി ഫെർഗൂസനാണ് (43) അറസ്റ്റിലായത് ഇയാളെ ഡബ്ലിനിലുള്ള ലോറൻസ് കൗണ്ടി ജയിലിലടച്ചു . അലാമയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് .

വെള്ളിയാഴ്ച രാത്രി വാഹന പരിശോധനക്കിടയിൽ ഓഫീസർ ഹാരിസൺ പിടികൂടിയ മറ്റൊരു പ്രതിയുടെ സഹപ്രവർത്തകനാണ് ഡാമിയൻ , ശനിയാഴ്ച പ്രതികാരം തീർക്കുന്നതിന് പൊലീസ് സ്റ്റേഷൻ പരിസരത്ത് പതിയിരുന്ന് ഓഫീസർക്ക് നേരെ വെടിയുതിർത്തത് . ഇയാളെ പിടികൂടുന്നതിന് പൊലീസ് പൊതുജന സഹകരണം അഭ്യർത്ഥിച്ചിരുന്നു .

വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയുടെ പേര് പൊലീസ് പുറത്തു വിട്ടിട്ടില്ല . ഈ വർഷം ഡ്യുട്ടിക്കിടയിൽ ജോർജിയ സംസ്ഥാനത്തുകൊല്ലപ്പെടുന്ന അഞ്ചാമത്തെയും അലാമയിലെ ആദ്യ പൊലീസ് ഓഫീസറുമാണ് ഹാരിസൺ .

വെടിയേറ്റ് കൊല്ലപ്പെട്ട ഓഫീസറുടെ കുടുംബ ചിത്രം ജോർജിയ ബ്യുറോ ഓഫ് ഇൻവസ്റ്റിഗേഷൻ പുറത്തുവിട്ടു . ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള മകനും ഉൾപ്പെടുന്നതാണ് ഹാരിസന്റെ കുടുംബം രാവിലെ ഷിഫ്റ്റിൽ പാർട്ട് ടൈം ഓഫീസറായി ജോലി ചെയ്ത വരികയായിരുന്നു ഹാരിസൺ