ന്യൂഡൽഹി : ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് ബിജെപിക്കാർകൂടി അറസ്റ്റിൽ. സുമിത് ജയ്‌സ്വാൾ, ശിശിപാൽ, നന്ദൻ സിങ് ബിഷ്ത്, സത്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. സത്യപ്രകാശിന്റെ കൈയിൽനിന്ന് തോക്കും തിരകളും പിടിച്ചെടുത്തു.

ഇതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആശിഷ് മിശ്ര ഉൾപ്പെടെ മറ്റ് ആറ് പേരെയും തിങ്കളാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഒക്ടോബർ മൂന്നിനാണ് നാലു കർഷകർ ആശിഷ് മിശ്രയുടെ എസ്യുവി ഇടിച്ച് കൊല്ലപ്പെട്ടത്.