തൃശൂർ: മെഡിക്കൽ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആലുവ തോട്ടുമുഖം മഹിളാലയത്തിനു സമീപം താമസിക്കുന്ന പള്ളിക്കുന്നത്ത് വീട്ടിൽ സിദ്ദിഖ് (52) ആണ് പിടിയിലായത്.ഇന്ന് രാവിലെ അങ്കമാലിയിൽ നിന്നുമാണ് ഇയാളഎ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചാലക്കുടിയിലെ മെഡിക്കൽ ഷോപ്പ് കുത്തി തുറന്ന് മോഷണം നടത്തിയതായും അടുത്തിടെയായി ഇരിങ്ങാലക്കുട, ആലുവ, പറവൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി എന്നിവിടങ്ങളിൽ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു.

മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനാൽ 'മെഡിക്കൽ ഷോപ്പ് സ്പെഷ്യലിസ്റ്റ്' എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. എറണാകുളം തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി നൂറിനടുത്ത് മോഷണ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ.

കഴിഞ്ഞ മാസം 26 ന് ചാലക്കുടി ആനമല ജംഗ്ഷനിലെ അന്ന എന്ന മെഡിക്കൽ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന അറുപതിനായിരത്തോളം രൂപ മോഷ്ടിച്ചു എന്നതാണ് കേസ്. കടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവ് സിദ്ദിഖാണെന്ന അനുമാനത്തിൽ ഇയാളെ തിരഞ്ഞ് ആലുവയിലെത്തിയ പൊലീസ് സംഘത്തിന് നീണ്ട നാളായി ഇയാൾ വീട്ടിൽ വരാറില്ലെന്നും അടുത്തിടെയാണ് ജയിൽ മോചിതനായ തെന്നും വിവരം ലഭിച്ചു. ഇതിനെ തുടർന്ന് ഇയാളെ തിരഞ്ഞ് റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും ബിവറേജ് ഷോപ്പുകളിലും ബാറുകളിലും നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിനെ പിടികൂടുന്നത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്‌പി സി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.