ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പത്ത് മാസം പ്രായമുള്ള മകൾ വാമികയ് ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയർത്തിയ സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ. 23-കാരനായ രാംനാഗേഷ് അലിബതിനിയെയാണ് മുംബൈ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

ട്വന്റ-20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ കോഹ്ലിയുടെ മകൾക്കെതിരെ ഇയാൾ ഭീഷണി മുഴക്കിയത്. ട്വിറ്റർ അക്കൗണ്ടിൽ വ്യാജ പേര് നൽകിയ രാംനാഗേഷ് പാക്കിസ്ഥാനിൽ നിന്നുള്ള വ്യക്തിയാണെന്ന് തെറ്റിധരിപ്പിക്കുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ച മുംബൈ പൊലീസ് ഈ അക്കൗണ്ട് ഹൈദരാബാദ് സ്വദേശിയുടേത് ആണെന്ന് തിരിച്ചറിയുകയും ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് മുംബൈ പൊലീസിന്റെ പ്രത്യേക വിഭാഗമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോയി. യുവാവ് ഒരു ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പ് കമ്പനിയിലായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നത്.

മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർന്നതിന് പിന്നാലെ കോഹ്ലിയേയും കുടുംബത്തേയും പിന്തുണച്ച് മുൻതാരങ്ങളും രാഷ്ട്രീയ നേതാക്കളും ആരാധകരും രംഗത്തെത്തിയിരുന്നു. പിഞ്ചുകുഞ്ഞിനെതിരേ ട്വിറ്ററിലൂടെ ഉയർന്ന ഭീഷണികൾ ലജ്ജാകരമാണെന്ന് ഡിസിഡബ്ല്യു ചെയർപേഴ്‌സൺ സ്വീതി മലിവാൾ പ്രതികരിച്ചിരുന്നു.