കോട്ടയം: പത്ത് രൂപയുടെ മൂന്ന് കള്ളനോട്ടുകൾ കൈവശം വെച്ച കേസിൽ 30 വർഷത്തിലധികം ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ. അതിരമ്പുഴ സ്വദേശിയായ കുന്നേപ്പറമ്പ് തോമസിനെയാണ് ക്രൈംബ്രാഞ്ച് വയനാട് ബത്തേരിയിൽ വെച്ച് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് എസ്‌പി കെ.എം. സാബു മാത്യു, ഡി.വൈ.എസ്‌പി എസ്. അമ്മിണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തോമസിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.

1990ലായിരുന്നു കള്ളനോട്ട് കേസിൽ തോമസ് അറസ്റ്റിലാവുന്നത്. എന്നാൽ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ തോമസ് കുടുംബത്തോടൊപ്പം ഒളിവിൽ പോവുകയായിരുന്നു. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നാടുമായി യാതൊരു ബന്ധവുമില്ലാതെയാണ് തോമസും കുടുംബവും കഴിഞ്ഞിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വർഷങ്ങൾ നീണ്ട നിരീക്ഷണം നടത്തിവരുമ്പോഴാണ് ബത്തേരിയിൽ കുടുംബമായി താമസിക്കുന്നതായി അറിഞ്ഞത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.