അങ്കമാലി: കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ നൂറനാട് മുനീർ മൻസിലിൽ മുനീർ (കാട്ടാളൻ മുനീർ 30) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഞ്ചാവ് കടത്തിയ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ്, ഒക്കൽ പടിപ്പുരക്കൽ ഫൈസൽ, ഭാര്യ ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് മുനീറാണ്. പല പ്രാവശ്യമായി ഇയാൾ പണം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയാ വഴിയാണ് ഇവർ ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വിശദാംശങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്നുപേരെ പിടികൂടിയതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നൂറനാട് നിന്നുമാണ് മുനീറിനെ പിടികൂടിയത്.

ആന്ധ്രയിലെ പഡേരുവിൽ നിന്ന് രണ്ട് വാഹനങ്ങളിൽ 123 പൊതികളിലായാണ് 225 കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയത്. റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. പ്രതികളെ ആന്ധ്രയിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു. മൂന്നുപേരും ഇപ്പോഴും റിമാൻഡിലാണ്. റൂറൽ ഡിസ്ടിക്ക് ആന്റി നർക്കോട്ടിക്ക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സ് ടിം, നർക്കോട്ടിക് സെൽ ഡി.വൈ.എസ്‌പി സക്കറിയാ മാത്യു, എസ്‌ഐമാരായ ടി.എം സൂഫി, എം.ജി.വിൻസന്റ്, ഏ.എസ്‌ഐമാരായ ആന്റോ, ദേവസി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. മുനീറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് എസ്‌പി കെ.കാർത്തിക്ക് പറഞ്ഞു.