പെരുമ്പാവൂർ: കാനഡയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസ്സിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ ചുനക്കര ആരാരത്ത് വീട്ടിൽ ഷിബു ഉമ്മൻ (48) എന്നയാളെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ്സിലെ മറ്റൊരു പ്രതിയായ ജിഷ്ണുവും, ഷിബു ഉമ്മനും കൂടി കാനഡയിൽ ജോലിക്കായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചേലാമറ്റം സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും പത്ത് ലക്ഷം രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

ഇവരുടെ സംഘത്തിൽ സത്യജ എന്ന സ്ത്രീ കൂടി പങ്കാളിയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പണം ഇവർ മൂന്നുപേരും കൂടി വീതിച്ചെടുക്കുകയായിരന്നു.
പ്രതികളായ ജിഷ്ണുവും, സത്യജയും ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജോസ്സി എം ജോൺസൺ, അനിൽകുമാർ, എസ്.സി.പി.ഒ മാരായ മനോജ്, ജമാൽ എന്നിവരാണ് ഉണ്ടായിരുന്നത്.