കൊല്ലം: സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് പിടിയിൽ. കണ്ണനല്ലൂർ കുളപ്പാടം ജാബിർ മൻസിലിൽ അൻവർ (33) ആണ് പിടിയിലായത്. ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദേശ പ്രകാരം കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി വിപിൻകുമാർ എസ്‌ഐമാരായ സജീവ്, എഎസ്ഐ ബിജു, സി.പി.ഒമാരായ ലിനു ലാലൻ, സിജോ കൊച്ചുമ്മൻ, ജോബിൻ ജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പങ്ക് വെക്കുന്നവരെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.