പത്തനംതിട്ട: ശബരിമലയിൽ ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ തീർത്ഥാടകൻ അറസ്റ്റിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ശ്രീറാമിനെ (32) പമ്പ പൊലീസ് പിടികൂടി സന്നിധാനം പൊലീസിന് കൈമാറുകയായിരുന്നു.ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. ഒരു മണിക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റു തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു.

ഇതിനിടിയിൽ ദർശനത്തിനെത്തിയ ഒരു കൂട്ടം തീർത്ഥാടകർ മാളികപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. അല്പസമയം കാത്തിരിക്കണമെന്നും ക്ഷേത്രനട വൃത്തിയാക്കുകയാണെന്നും ബിനീഷ് പറഞ്ഞു. അതോടെയാണ് സംഘത്തിലുണ്ടായിരുന്ന ശ്രീറാം കൈയിലുണ്ടായിരുന്ന തേങ്ങ എടുത്ത് ബിനീഷിന്റെ തലയിലേക്കെറിഞ്ഞത്. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ബിനീഷിനെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.