ചണ്ഡീഗഡ്: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ശ്രമിച്ച മൂന്ന് ഭീകരർ പൊലീസ് പിടിയിൽ. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിലെ പ്രവർത്തകരാണ് പിടിയിലായതെന്നാണ് സൂചന. ആരാധനാലയങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് പഞ്ചാബിലെ മോഗ ജില്ലയുടെ ക്രമസമാധാനം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ജില്ലയിലെ ചില ക്ഷേത്രങ്ങൾ ഇവർ സന്ദർശിച്ചിരുന്നുവെന്നും അവിടെ ഗ്രനേഡ് ആക്രമണം നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും മോഗ പൊലീസ് പറഞ്ഞു.ഗോപി എന്ന ഗുർപ്രീത് സിങ്, വിന്ദ എന്ന വരീന്ദർ സിങ്, ബൽജീത് സിങ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 2 ഗ്രനേഡുകളും, 2 പിസ്റ്റളുകളും, 3 വെടിമരുന്നറകളും, 18 ലൈവ് കാട്രിഡ്ജുകളും പൊലീസ് പിടികൂടി. പ്രതികളിലൊരാളായ ഗുർപ്രീത് അമൃത്സർ ടിഫിൻ ബോംബ് കേസിലെ പ്രതിയാണ്.

മോഗ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. പരിശോധനക്കിടെ കറുത്ത നിറത്തിലുള്ള ഒരു പിക്ക്അപ്പ് വാൻ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാൻ നിർത്താതെ പാഞ്ഞു. പിന്നീട് പൊലീസിന് നേർക്ക് ഗ്രനേഡ് എറിയാനും ഇവർ ശ്രമിച്ചു. എന്നാൽ ഇവരെ നിർത്താതെ പിന്തുടർന്ന പൊലീസ്, പ്രതികൾ സഞ്ചരിച്ച വാഹനം കൈയോടെ പിടികൂടുകയായിരുന്നു എന്ന് മോഗ പൊലീസ് എസ്എസ്‌പി ചരൺജീത് സിങ് പറഞ്ഞു.

ആരാധനാലയങ്ങളിൽ ആക്രമണം നടത്തി സംസ്ഥാനത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ടൈഗർ ഫോഴ്സുമായി ബന്ധമുണ്ടെന്നും ഇവർക്ക് സ്ഫോടക വസ്തുക്കളടക്കം നൽകിയത് ഭീകരസംഘടനയാണെന്നും പ്രതികൾ മൊഴി നൽകി. മാത്രമല്ല കൃത്യനിർവഹണത്തിനായി ഇവർക്ക് എണ്ണമറ്റ തുക കൈമാറിയതായും പ്രതികൾ പൊലീസിനോട് പറഞ്ഞു.