കൊല്ലം: കിഴക്കേ കല്ലടയിൽ അടിപിടി കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരും പ്രതിയുടെ കുടുംബാംഗങ്ങളും തമ്മിൽ കയ്യാങ്കളി. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മൂന്നു പേർക്കെതിരെ കേസെടുത്തു. എന്നാൽ പൊലീസിൽ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അകാരണമായി മർദനം അഴിച്ചുവിടുകയും ചെയ്‌തെന്നാണ് പ്രതിയുടെ കുടുംബാംഗങ്ങളുടെ പരാതി

ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കിഴക്കേ കല്ലടയിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. നാട്ടിലെ ബാറിലുണ്ടായ സംഘർഷവുമായി ബന്ധപെട്ടു കിഴക്കേ കല്ലട സ്വദേശി ആകാശ് മോഹനെ അന്വേഷിച്ച് എത്തിയതാണ് പൊലീസ്. സഹോദരൻ അനന്തുവിന്റെ ബൈക്കിൽ എത്തിയാണ് ആകാശ് ബാറിൽ പ്രശ്‌നമുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു. അനന്തുവിനെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം വീട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.

സഹോദരന്മാരെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്ത പൊലീസ് ഇവരുടെ പിതാവ് ശശി മോഹനെതിരെയും കൃത്യനിർവഹണം തടസപ്പെടുത്തിയത് കേസെടുത്തു. എന്നാൽ പൊലീസ് നിരപരാധിയായ ഇളയ മകനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെന്നും വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

പൊലീസിനെ ആക്രമിച്ചതിന് കേസ് ചുമത്തപ്പെട്ട ആകാശും അനന്ദുവും റിമാൻഡിലാണ്. മൂന്നാം പ്രതിയായ ശശി മോഹനും ഭാര്യ പ്രസന്നയും പൊലീസിൽ നിന്ന് മർദനമേറ്റെന്ന പരാതിയുമായി കുണ്ടറ ആശുപത്രിയിൽ ചികിൽസയിലുമാണ്.