മാരാരിക്കുളം : എട്ടു കിലോ കഞ്ചാവുമായി സ്ത്രീയുൾപ്പെടെ മൂന്നുപേർ പിടിയിൽ. എറണാകുളം ഞാറയ്ക്കൽ കളത്തിൽ സുകന്യ (25), മലപ്പുറം മേൽമുറി അണ്ടിക്കാട് ജുനൈദ്( 26) മലപ്പുറം വെസ്റ്റ് കോട്ടൂർ കൊയ്‌നി പറമ്പിൽ റിൻഷാദ് (28) എന്നിവരാണ് മതിലകം ആശുപത്രി ഭാഗത്ത് നിന്നും കണിച്ചുകുളങ്ങര ക്ഷേത്ര പരിസരത്തു നിന്നും പിടിയിലായത്. കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചേർത്തലഭാഗത്തെ ഇടപാടുകാർക്ക് കൈമാറാനായി കഞ്ചാവ് കാറിൽ എത്തിച്ചപ്പോളാണ് പിടിയിലായത്.

സംശയാസ്പദമായി കണ്ട കാർ പരിശോധിക്കുന്നതിനിടെയാണ് സുകന്യയും റിൻഷാദും പിടിയിലായത്. ഇരുവരുടെ പക്കൽ നിന്ന് 2 കിലോ കഞ്ചാവും പിടിച്ചു. കാറിൽ നിന്ന് ഇറങ്ങിയോടിയ ജുനൈദിനെ ക്ഷേത്രത്തിനു സമീപം വെച്ച് ആറുകിലോ കഞ്ചാവുമായി പിടിക്കുകയായിരുന്നു.

ജൂനൈദ് ഇടയ്ക്കിടയ്ക്ക് ആന്ധ്രയിൽ പോയി കഞ്ചാവ് വാങ്ങി മലപ്പുറത്ത് ആദ്യം എത്തിക്കും. അവിടെ നിന്ന് എറണാകുളം , ആലപ്പുഴ ജില്ലകളിലെ മൊത്ത വിൽപ്പനക്കാർക്ക് കൈമാറുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്.