മൻഹാട്ടൻ (ന്യുയോർക്ക്): കഴിഞ്ഞ വാരാന്ത്യത്തിൽ ഒറ്റ ദിവസത്തിൽ രണ്ടു മണിക്കൂറിനുള്ളിൽ ഏഴു ഏഷ്യൻഅമേരിക്കൻ സ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. മൻഹാട്ടനിൽ താമസിക്കുന്ന 28 വയസ്സുള്ള സ്റ്റീവൻ സജോനിക്കിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മാർച്ച് രണ്ട് ബുധനാഴ്ച വൈകിട്ട് മിഡ് ടൗണിലുള്ള പബ്ലിക്ക് ലൈബ്രറിക്ക് പുറത്തുവച്ചാണ് സ്റ്റീവനെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ഏഴ് അഗ്രവേറ്റഡ് ഹരാസ്മെന്റിന് കേസ്സെടുത്തു.

ആക്രമിക്കപ്പെടുകയോ, വംശീയ അധിക്ഷേപത്തിന് വിധേയരാക്കുകയോ ചെയ്ത ഏഴു സ്ത്രീകളുമായി സ്റ്റീവന് പ്രത്യേക ബന്ധമൊന്നും ഇല്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഏഷ്യൻ വംശജർക്കെതിരെ വർധിച്ചു വരുന്ന അക്രമസംഭവങ്ങളിൽ ഏഷ്യൻ അമേരിക്കൻ വംശജർ ഭയവിഹ്വലരാണ്.

മാഡിസൻ അവന്യുവിൽ ഞായറാഴ്ച വൈകിട്ട് ആറുമണിക്കാണ് ആദ്യ ആക്രമണം. 57 വയസ്സുള്ള സ്ത്രീയെ യാതൊരു പ്രകോപനവുമില്ലാതെ മുഖത്തിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പത്തു മിനിറ്റിനുശേഷം ഒരു ബ്ലോക്ക് അകലെ 25 കാരി ആക്രമിക്കപ്പെട്ടു. തുടർന്ന് നാലു പേർ കൂടെ അടുത്തടുത്ത സ്ഥലങ്ങളിൽ വെച്ച് ആക്രമിക്കപ്പെട്ടു. അവസാനമായി രാത്രി 8.40 ന് ന്യുയോർക്ക് യൂണിവേഴ്സിറ്റി 8വേ സ്ട്രീറ്റ് ബ്രോഡ്*!*!*!േവയിൽ വെച്ച് 20 വയസ്സുള്ള വനിതയായിരുന്നു ആക്രമിക്കപ്പെട്ടത്. ഇതിൽ രണ്ടു പേർ ആശുപത്രിയിൽ ചികിത്സ തേടി. സമീപത്തു സ്ഥാപിച്ചിരുന്ന കാമറയിലാണ് പ്രതിയുടെ ചിത്രം പതിഞ്ഞത്.

കോവിഡ് മഹാമാരിയുടെ കാലത്ത് 2021 ൽ മാത്രം ഏഷ്യൻ വശംജർക്കെതിരെ ന്യുയോർക്കിൽ 131 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ൽ 28 ആക്രമണങ്ങളും 2019 ൽ മൂന്നു കേസുകളും ഉണ്ടായിരുന്ന സ്ഥാനത്താണ് ആക്രമണങ്ങൾ വർധിച്ച് 131 ൽ എത്തിയിരിക്കുന്നത്.