കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയകേസിൽ ഒരാൾ അറസ്റ്റിൽ. കോതമംഗലം തങ്കളം മാളിയേലിൽ വീട്ടിൽ ജോസ് സ്‌കറിയ (43) യെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ഇയാൾ മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റിയത്. പരാതി ലഭിച്ച ഉടനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലും പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.

വ്യത്യസ്ത വിലാസങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ജോസിന് ചാവക്കാട്, പാലാ, വെള്ളതൂവൽ എന്നിവടങ്ങളിലും കേസുകൾ ഉണ്ട്. കഴിഞ്ഞ മാസം കോട്ടയത്ത് ജയിലിൽ നിന്നിറങ്ങിയ ഇയാൾ വീണ്ടും സമാനമായ തട്ടിപ്പ് നടത്തുകയായിരുന്നു. മൂവാറ്റുപുഴ ഇൻസ്‌പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.