ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കുടുംബ കലഹത്തിനിടെ പിതാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ 18 കാരി മരിച്ചു. ആക്രമണത്തിൽ പെൺകുട്ടിയുടെ രണ്ട് സഹോദരിമാർക്കും അമ്മക്കും പരിക്കേറ്റിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ഒരു സഹോദരിയെയും അമ്മയെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഏറ്റവും ഇളയ കുട്ടിയാണ് ചികിത്സക്കിടെ മരിച്ചത്. ഒരാൾ ചികിത്സയിലാണ്.

ആക്രമണം നടത്തിയ ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ സഹോദരനാണ് പരിക്കേറ്റ അമ്മയെയും മൂന്ന് പെൺമക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. വടക്കുകിഴക്കൻ ഡൽഹിയിലെ കരാവൽ നഗറിലെ ഭീംസെനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി വഴക്കിട്ട ഭീംസെൻ ജനൽച്ചില്ലു കൊണ്ട് അവരെ അടിക്കുകയായിരുന്നു. തടയാൻ ശ്രമിക്കവെ മക്കൾക്കും അടിയേറ്റു. ഒരാൾക്ക് വയറ്റിലാണ് കമ്പികൊണ്ട് അടിയേറ്റത്. പ്രതി ജോലിക്കൊന്നും പോകാറില്ലെന്നും പതിവായി മദ്യപിക്കുമായിരുന്നുവെന്നും സഹോദരൻ പൊലീസിനോട് പറഞ്ഞു.

കോവിഡിനു മുമ്പ് ഓട്ടോറിക്ഷ ഓടിച്ചാണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്. ലോക്ഡൗൺ വന്നശേഷം ഭാര്യക്കൊപ്പം പച്ചക്കറി വിൽപന നടത്തി. എന്നാൽ മൂത്ത മകൾക്ക് ബാങ്കിൽ ജോലി ലഭിച്ചതോടെ ജോലിക്കു പോകുന്നത് നിർത്തുകയായിരുന്നു. മദ്യപാനത്തിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ എന്നും വഴക്കായിരുന്നു.