ദുബയ്: 12 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവർ അറസ്റ്റിലായി. ഒന്നര വർഷക്കാലം കാറിൽവച്ചും വീട്ടിൽ വച്ചും വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായാണ് കേസ്, വിവരം പുറത്തു പറഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇന്ത്യക്കാരനായ ഇയാൾ ഇത്രയും കാലം പീഡനം തുടർന്നത്. ദുബായിലാണ് സംഭവം.

വീട്ടുടമയുടെ മകളെയാണ് 30കാരനായ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചത്. സ്‌കൂളിലേക്ക് കാറിൽ കുട്ടിയെ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യുമ്പോഴായിരുന്നു പീഡനം. കുട്ടിക്ക് വാട്‌സാപ്പ് വഴി അശ്ലീല ചിത്രങ്ങളയക്കുകയും ഇയാളുടെ പതിവായിരുന്നു.

പീഡനശ്രമങ്ങൾ കുട്ടി ചെറുത്തിരുന്നുവെങ്കിലും ഇയാളുടെ ആത്മഹത്യാഭീഷണി കാരണം വിവരം പുറത്തുപറയാൻ മടിക്കുകയായിരുന്നു. ഒരു ദിവസം സ്‌കൂളിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ കാറിൽവച്ചുള്ള പീഡനം സഹിക്കാനാവാതെ കുട്ടി കരഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടിലേക്ക് കരഞ്ഞുകൊണ്ട് വരുന്ന കുട്ടിയോട് കാരണം തിരക്കിയപ്പോൾ ഒന്നര വർഷമായി തുടരുന്ന പീഡനത്തിന്റെ കഥ കുട്ടി വിവരിക്കുകയായിരുന്നു.

പിതാവ് വിവരം പൊലീസിനെ അറിയിക്കുകയും ഉടനെയെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.