കോഴിക്കോട്: എസ്‌പി ഓഫീസിൽ നേരിട്ടെത്തി കൈക്കൂലി നൽകാൻ ശ്രമിച്ച ക്വാറിയുടമ പിടിയിലായത് പൊലീസിനെ പാട്ടിലാക്കാനുള്ള ശ്രമം പാളിയതോടെ ദുരന്തനിവാരണ അഥോറിറ്റി നിയന്ത്രണം കർശനമാക്കിയതോടെ ക്വാറിയിൽ കെട്ടിക്കിടക്കുന്ന അഞ്ഞൂറ് ലോഡോളം കല്ല് കടത്താനായി പൊലീസിനെ സ്വാധീനിക്കാൻ എത്തിയ അമ്പലവയൽ സ്വദേശിയും ക്വാറി ഉടമയുമായ കെപി ബാബു അറസ്റ്റിലായത്.

പെരിങ്ങം പള്ളിയിലാണ് ബാബുവിന്റെ ക്വാറി ഉള്ളത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള അമ്പലവയലിൽ പ്രവർത്തിക്കുന്നത് ഉൾപ്പടെ വയനാട് ജില്ലയിലെ ക്വാറികൾ നിർത്തണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ദുരന്ത നിവാരണ അഥോറിറ്റി ജില്ലയിലെങ്ങും ശക്തമായ പരിശോധനയാണ് നടത്തുന്നത്.

അഥോറിറ്റിയുടെ ശക്തമായ പരിശോധനയിൽ ജില്ലയിലെ മിക്ക ക്വാറികൾക്കും പൂട്ട് വീണു. ബാബുവിന്റെ ക്വാറിയും ഇക്കൂട്ടത്തിൽപ്പെടുന്നു. 500 ലോഡിലധികം കല്ലുകൾ ബാബുവിന്റെ ക്വാറിയിൽ കെട്ടിക്കിടക്കുകയാണ്. ഇത് കടത്താൻ നിവൃത്തിയില്ലാതായതോടെയാണ് ഇയാൾ പൊലീസിനെ സ്വാധീനിക്കാനായി ശ്രമം നടത്തിയത്. വയനാട് ജില്ലാ പൊലീസ് മേധാവിയെ തന്നെ സമീപിക്കാനായിരുന്നു തീരുമാനം.

ഇതുപ്രകാരമാണ് കഴിഞ്ഞ ദിവസം ഇയാൾ പൊലീസ് മേധാവി അരുൾ ആർ ബി കൃഷ്ണയെ കാണാൻ ചെന്നത്. നേരെ ജില്ലാ പൊലീസ് മേധാവിയുടെ ക്യാബിനിലേക്ക് കടന്നു. തുടർന്ന് കല്ലുകൾ നീക്കാനുള്ള തടസം നീക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതിനായി പാരിതോഷികം നൽകാനും തയ്യാറാണെന്ന് പറഞ്ഞ് ഇയാൾ കവറിലാക്കിയ പണം പുറത്തെടുക്കുകയായിരുന്നു.

ഇതോടെ പൊലീസ് മേധാവി പണം മേശപുറത്ത് വെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ബാബു പണമടങ്ങുന്ന കവർ മേശപ്പുറത്ത് വെച്ചു. തുടർന്ന് പൊലീസ് മേധാവി കൽപ്പറ്റ എസ്ഐയെ വിളിച്ചു വരുത്തി ബാബുവിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് പണമടങ്ങുന്ന കവർ പരിശോധിച്ചു. 25000 രൂപയാണ് കവറിലുണ്ടായിരുന്നത്. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സർക്കാർ ജീവനക്കാരന് കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് ബാബുവിനെതിരെ കേസ് എടുത്തത്. ഇയാൾക്കെതിരെ നേരത്തെയും കേസ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഇയാളുടെ ക്വാറിയുടെ എക്സ്പ്ലോസീവ് ലൈസൻസ് റദ്ദായിരുന്നു. തുടർന്ന് ഇയാൾ കോടതിയെ സമീച്ചു.

അടുത്തിടെ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലൈസൻസ് തിരികെ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ഈ സംഭവം. ഇനിയങ്ങോട്ട് ക്വാറിക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും പൊലീസ് മേധാവിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പിന്നിൽ ഉണ്ടായിരുന്നു.

ഹൈക്കോടതി വിധിയെ തുടർന്ന് മിക്ക ക്വാറികൾക്കും പൂട്ട് വീണിരുന്നെങ്കിലും ചില ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതേ തുടർന്ന് പൊലീസും ദുരന്തനിവാരണ അഥോറിറ്റിയും പരിശോധന ശക്തമാക്കിയിരുന്നു. പരിശോധനയിൽ അനധികൃതമായി പ്രവർക്കുന്നുവെന്ന് കണ്ടെത്തിയ ക്വാറികളുടെ ഉടമകൾക്കെതിരെ പൊലീസ് കേസ് എടുക്കുകയും വൻ തുക പിഴയായി ഈടാക്കുകയും ചെയ്തിരുന്നു.

ക്വാറി ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനെതിരെ പൊലീസിൽ വൻ സമ്മർദ്ദമുണ്ട്. രാഷ്ട്രീയ പാർട്ടികളെ കൂട്ട് പിടിച്ചാണ് ക്വാറി ഉടമകൾ പൊലീസിൽ വൻ സമ്മർദ്ധം ചെലുത്തുന്നത്. അനധികൃതമായി പ്രവർത്തിക്കാൻ ക്വാറി ഉടമകൾക്ക് യാതൊരു നിവൃത്തിയുമില്ലാതെയായിരിക്കുകയാണ്. ഇതിനിടയിലാണ് ജില്ലാ പൊലീസ് മേധാവിയെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നത്.