ലണ്ടൻ: അഞ്ച് ബ്രിട്ടീഷ് യുവാക്കൾ കമ്പോഡിയയിലെ പുരാതന ക്ഷേത്രമായ അംഗോർവാട്ടിന് സമീപത്ത് വച്ച് അറസ്റ്റിലായി. ഇവിടെ അർധനഗ്‌നരായി അഴിഞ്ഞാടിയെന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം മറ്റ് നിരവധി ചെറുപ്പക്കാരും തുണിയുരിഞ്ഞതിന്റെ പേരിൽ അകത്തായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ തങ്ങളെ എന്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇനിയും മനസിലായിട്ടില്ലെന്നാണ് ഇവർ പ്രതികരിച്ചിരിക്കുന്നത്.' പോണോഗ്രാഫിക്ക് ഡാൻസ്' ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ തങ്ങൾ നിരപരാധികളാണെന്നാണ് പിടിയിലായവർ പറയുന്നത്.

അൻഗോർ വാട്ടിന് സമീപത്തുള്ള പ്രശസ്തമായ ടൗണായ സിയം റീപ്പിൽ വച്ചാണ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പോഡിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണീ പ്രദേശം. അറസ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കുമന്നൊണ് പൊലീസ് പറയുന്നത്.19നും 35നും ഇടയിൽ പ്രായമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവരെ പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാക്കി. cambodiaexpatsonline.com അറസ്റ്റിലായവരുടെ നിരവധി അർധനഗ്‌ന ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. യുവതീയുവാക്കൾ അർധനഗ്‌നരായി അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങൾ ഇതിൽ കാണാം.

എന്നാൽ ഇത്തരത്തിൽ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് നിലവിൽ കസ്റ്റഡിയിൽ കഴിയുന്നവർ പറയുന്നത്. വ്യഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക് ഇവിടെ വില്ല പാർട്ടി ബാർബിക്യു നടന്ന് വരുമ്പോഴാണ് പൊലീസ് എത്തി പ്രകോപനമൊന്നുമില്ലാതെ അറസ്റ്റ് ചെയ്തതെന്നാണ് പിടിയിലായവർ പറയുന്നത്. അറസ്റ്റിനെക്കുറിച്ച് വ്യത്യസ്തരായവരിൽ നിന്നും തികച്ചും വ്യത്യസ്തമായ റിപ്പോർട്ടുകളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് പിടിയിലായവർ വെളിപ്പെടുത്തുന്നു. ഇവിടെ നൂറോളം പേരായിരുന്നു പാർട്ടിക്കെത്തിയിരുന്നതെന്നും അവരിൽ ചിലർ ടൂറിസ്റ്റുകളായിരുന്നുവെന്നും അറസ്റ്റിലായവർ സാക്ഷ്യപ്പെടുത്തുന്നു.

പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന ചിലരെ തെരഞ്ഞ് പിടിച്ചെന്നവിധത്തിലുള്ള അറസ്റ്റിന് 30ഓളം പൊലീസുകാരായിരുന്നു എത്തിയിരുന്നത്. തങ്ങളെ അറസ്റ്റ്ചെയ്തതിൽ കുടുംബക്കാർ പരിഭ്രാന്തരാണെന്ന് മെയ്ക്കഷിഫ്റ്റ് സെല്ലിൽ വച്ച് ശനിയാഴ്ച ഇവർ വെളിപ്പെടുത്തിയിരുന്നു.വിൻസെന്റ് ഹാർലെ റോബർട്ട് ഹുക്ക് (35), ഡാനിയേൽ റിച്ചാർഡ് ലീമിങ് ജോൺസ്(30), തോമസ് അലക്സാണ്ടർ ജെഫ്രീസ്( 22), ബില്ലി സ്റ്റീവൻസ്(21), പോൾ ഫ്രാൻസിസ് ഹാരിസ്(32) എന്നിവരാണ് അറസ്റ്റിലായിരിക്കുന്ന ബ്രിട്ടീഷുകാർ.ഇതിന് പുറമെ വിവിധ രാജ്യക്കാരായ 10 ടൂറിസ്റ്റുകളെ യും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നെതർലാൻഡ്സിൽ നിന്നുമുള്ള ജോബ് റോബർട്സ് വാൻ ഡെർ വെൽ (22), കാനഡക്കാരായ ജെസീക്ക് ഡ്രോലെറ്റ് (25), എഡൻ കോസോലീസ് (19), നോർവേയിലെ ഓസ്ലോവിൽ നിന്നുള്ള 22 വയസുള്ള ഡേവിഡ് നിക്കോളസ് അലക്സാണ്ടർ ബല്ലോവാരെ, ന്യൂസിലാൻഡിൽ നിന്നുമുള്ള പോൾ മാർട്ടിൻ ബ്രാസ്‌ക് (32) എന്നിവരാണിവർ.കുറ്റം തെളിഞ്ഞാൽ ഇവർ ഒരു വർഷം വരെ തടവിൽ കിടക്കേണ്ടി വരും.