തിരുവനന്തപുരം: കോവളത്ത് എത്തിയ വിദേശ വനിത ലിഗയുടെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള രണ്ടുപേർ കുറ്റസമ്മതം നടത്തിയെന്ന് സൂചന. ഇതോടെ ഇവരുടെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടായേക്കും. സാഹചര്യത്തെളിവുകൾ വിലയിരുത്തി നടത്തിയ ചോദ്യംചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്. ലിഗയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന സൂചനകൾ നേരത്തേ പുറത്തുവന്നിരുന്നു.

പീഡനശ്രമത്തിനിടെയാണ് ലിഗ കൊലചെയ്യപ്പെട്ടതെന്നും അല്ല പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നുമുള്ള വിരുദ്ധമായ മൊഴികളാണ് പിടിയിലുള്ളവർ നൽകുന്നത്. ഇത് പൊലീസിനെ കുഴക്കിയിട്ടുണ്ട്. എന്നാൽ സാഹചര്യത്തെളിവുകൾ വച്ചുള്ള ചോദ്യംചെയ്യലിൽ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും സമ്മതിച്ചതായാണ് സൂചന. കുറ്റം ചെയ്ത രണ്ടുപേരും പ്രദേശവാസികൾ തന്നെയെന്നാണ് വിവരം. ഇവരെ ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെടുത്തുന്ന ശാസ്ത്രീയ തെളിവുകൾ ലഭിക്കാനാണ് പൊലീസ് കാത്തിരുന്നത്. ഇതുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

പണത്തിന് വേണ്ടി ഒരാൾ ലിഗയെ കൊണ്ടുവന്നെന്നും എന്നാൽ അതിനെ ചൊല്ലി വഴക്കായി ബലപ്രയോഗത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങിയെന്നുമാണ് വിവരം. ഇന്ന് കൂടുതൽ ഫോറൻസിക് ഫലങ്ങൾ ലഭിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതുകൂടി ലഭിച്ചതിന് പിന്നാലെയാകും അറസ്റ്റ്. ആദ്യഘട്ടത്തിൽ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ മൂന്നുപേർക്ക് പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. ശേഷിക്കുന്ന നാലുപേരിൽ രണ്ടുപേരാണ് കൃത്യത്തിൽ പങ്കെടുത്തതെന്ന വിവരമാണ് ലഭിച്ചത്. ഇന്ന് വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കസ്റ്റഡിയിലുള്ള ഒരാളാണ് മാനഭംഗശ്രമം നടന്നതായ സൂചന നൽകിയത്. മറ്റേയാൾ പറയുന്നത് കയ്യിലെ പണം തട്ടിയെടുക്കാനായി കൃത്യം നടത്തിയെന്നാണ്. തുടക്കം മുതൽ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകുന്നത്. ഇന്നലെ മുതലാണ് കാര്യങ്ങൾ വ്യക്തമായി പറയാൻ പ്രതികൾ ആരംഭിച്ചത്. ബോട്ടിങ്ങിനെന്നുപറഞ്ഞ് ലിഗയെ കൊണ്ടുപൊയതെന്ന് ഇന്നലെ പ്രതികളിലൊരാൾ സമ്മതിച്ചിരുന്നു. രണ്ടുപേരും രണ്ടുകാരണങ്ങൾ പറഞ്ഞത് പൊലീസിനെ ഇപ്പോഴും കുഴക്കുന്നുണ്ട്. ആറു ദിവസത്തിലേറെ മാറിമാറിയും ഒരുമിച്ചും നടത്തിയ ചോദ്യംചെയ്യലിലാണ് കൊലക്കുറ്റം രണ്ടുപേർ സമ്മതിച്ചത്.

അതിനിടെ, കേസിൽ നിർണായകമാകുന്ന അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ മാത്രമേ മാനഭംഗശ്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാവു. മാനഭംഗ ശ്രമം നടന്നതായി സ്ഥിരീകരിച്ചാൽ അത് ചെറുത്തതാണ് കൊലയ്ക്ക് കാരണമെന്ന അനുമാനത്തിലേക്ക കാര്യങ്ങളെത്തും.

കാട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം. പ്രതികളുടെ ബന്ധം സംബന്ധിച്ച തെളിവിന് ഇത് നിർണായകമാണ്. ഇവ രണ്ടും ലഭിച്ചശേഷമായിരിക്കും അറസ്റ്റ്.