ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ, മാഞ്ചസ്റ്റർ, ലണ്ടൻ ബ്രിഡ്ജ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് ബ്രിട്ടനിലെ ചിലയിടങ്ങളിൽ മുസ്ലിം വിരോധം വർധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വോർസെസ്റ്റർഷെയറിൽ ഒരു പുരുഷൻ ഖുറാൻ കത്തിച്ചതിന്റെ പേരിലും ഈവ്ഷാമിൽ ഖുറാൻ കീറിയെറിഞ്ഞതിന്റെ പേരിൽ ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. വംശീയ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ് രംഗത്തെത്തിയിട്ടുമുണ്ട്. വോർസെസ്റ്റർഷെയറിലെ പുരുഷൻ ഖുറാൻ അടുക്കളയിൽ വച്ച് കത്തിക്കുകയും അതിന്റെ വീഡിയോ യൂട്യൂബിലും ഫേസ്‌ബുക്കിലും പോസ്റ്റ് ചെയ്യുകയുമായിരുന്നു.

മറ്റൊരാൾ ഖുറാൻ കീറുകയും പിന്നീട് അഗ്‌നികുണ്ഡത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് കടുത്ത ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നാണ് സൂപ്രണ്ട് കെവിൻ പുർസെൽ പറയുന്നത്. വംശീയവിദ്വേഷം ജനിപ്പിക്കുന്ന കുറ്റമായി കണക്കാക്കിയാണ് ഇതിനെ കുറിച്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തെ തുടർന്ന് ഇവിടുത്തെ പ്രാദേശിക മുസ്ലിം സമൂഹവുമായി കൗൺസിലറും വോർസെസ്റ്ററിലെ ഡെപ്യൂട്ടി മേയറുമായ ജബാ റിയാസ് വഴി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുപ്രണ്ട് പറയുന്നു.

നാഷണലിസ്റ്റ് ഗ്രൂപ്പായ ബ്രിട്ടീഷ് പോസ്റ്റ് ചെയ്യുന്ന വംശീയവിദ്വേഷം ജനിപ്പിക്കുന്ന വീഡിയോകൾ നീക്കം ചെയ്യുന്നതിൽ ഫേസ്‌ബുക്കും ട്വിറ്ററും പരാജയപ്പെടുന്നുവെന്ന് പ്രസ് അസോസിയേഷൻ നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു. ഏപ്രിൽ 19ന് ശേഷം ഈ ഗ്രൂപ്പ് ഇത്തരത്തിലുള്ള 10 വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോകൾ 7000 തവണ ഷെയർ ചെയ്യപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളെ ഹനിക്കുന്ന വിധത്തിലുള്ള വീഡിയോകളാണിവ. മുസ്ലീങ്ങളും കുടിയേറ്റക്കാരും പൊലീസിനെയും സ്ത്രീകളെയും ആക്രമിക്കുന്നുവെന്ന് വ്യാജപ്രചാരണം നടത്തുന്ന വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്.

അതിനിടെ മുസ്ലീങ്ങളെ കൊല്ലുമെന്ന് ഭീഷണി മുഴക്കി ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സിലുള്ള ഫൈസൻ ഇ മദിന മോസ്‌കിന് വെളിയിൽ കത്തിയുമായി നിലകൊണ്ടിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ലണ്ടൻ ഭീകരാക്രമണത്തിന്റെ പശ്ചാത്‌ലത്തിലായിരുന്നു അവരുടെ പ്രകോപനപരമായ ഈ നീക്കം. പ്രായമായവരും സ്ത്രീകളും തുണയില്ലാതെ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന കടുത്ത താക്കീത് സമീപത്ത് ഗ്രീൻബാങ്കിലുള്ള മറ്റൊരു മോസ്‌ക് കടുത്ത നിർദ്ദേശം നൽകിയിരുന്നു.