മലപ്പുറം: കേരള മന:സാക്ഷിയെ ഞെട്ടിച്ച എടപ്പാളിലെ തിയറ്റർ പീഡനം പുറത്ത് വന്നതിന് പിന്നാലെ കേസെടുക്കാൻ മടിച്ചതും കേസൊതുക്കാൻ ശ്രമിച്ചതുമായ പീഡന സംഭവങ്ങളിൽ നടപടി എടുക്കാൻ നിർബന്ധിതരായി പൊലീസ്. തിയറ്റർ പീഡനത്തിൽ ചൈൽഡ് ലൈൻ പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന സബ് ഇൻസ്‌പെക്ടർ, ഡിവൈഎസ്‌പി എന്നിവർക്കെതിരെ വകുപ്പ് തല നടപടി വന്നതോടെയാണ് പൊലീസ് നിലവിലുള്ള പരാതികളിൽ നടപടി തുടങ്ങിയിരിക്കുന്നത്.

ഇതോടെ വമ്പന്മാരടക്കമാണ് കേസിൽ കുടുങ്ങുന്നത്. എടപ്പാൾ മോഡൽ ഒതുക്കി തീർക്കാൻ ശ്രമിച്ച പൊന്നാനിയിലെ കേസിൽ അറസ്റ്റിലായത് സിപിഐ.എം മുൻ ബ്രാഞ്ച് സെക്രട്ടറി. വളാഞ്ചേരിയിലും നടപടിയില്ലാതിരുന്ന പീഡനക്കേസിലെ പ്രതിയും അറസ്റ്റിലായി.

എടപ്പാളിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് തൊട്ടടുത്ത പ്രദേശമായ പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ സി പി എം നേതാവ് അറസ്റ്റിലായത്. തണ്ണിത്തുറയിലെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോൾ സജീവ പാർട്ടി പ്രവർത്തകനുമായ ഷാജഹാൻ എന്ന ഷാജിയെയാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. എടപ്പാളിലുണ്ടായ പീഡന വിവാദവും തുടർന്ന് ചങ്ങരംകുളം എസ്‌ഐക്കെതിരെ കേസെടുത്തുകൊണ്ടുള്ള നടപടിയിലേക്കും കാര്യങ്ങൾ നീങ്ങിയതോടെയാണ് രണ്ട് മാസം മുമ്പ് പൊന്നാനി പൊലീസിൽ നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാൾ ഭാര്യയുടെ ആദ്യ ഭർത്താവിലുള്ള മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ കൃത്യം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തണ്ണിത്തുറയിൽ താമസിച്ചിരുന്ന ഇയാളുടെ സ്വഭാവദൂഷ്യങ്ങൾ കാരണം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി നേതൃത്വം മാറ്റിനിർത്തിയിരുന്നു. തുടർന്ന് പൊന്നാനിയിലേക്ക് താമസം മാറ്റി. അവിടെയും ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയതോടെ താമസം കറുകത്തിരുത്തിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മക്കളുള്ള ഒരു യുവതിയെയാണ് ഇയാൾ വിവാഹം ചെയ്തിരുന്നത്. നിരന്തരം പീഡനത്തിനിരയായ പെൺകുട്ടി ഒടുവിൽ ഉമ്മയോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു.

രണ്ട് മാസം മുമ്പ് പരാതിപ്പെട്ടിട്ടും ഇയാളെ പിടികൂടുന്നതിൽ പൊന്നാനി പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. സിപിഎം നേതാക്കൾ ഇടപെട്ട് കേസ് ഒതുക്കി തീർക്കാനും ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടയിൽ എടപ്പാൾ പീഡനവും തുടർന്നുണ്ടായ സംഭവങ്ങളും അറിഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊന്നാനി പൊലീസ് തയ്യാറായത്. വളരെ രഹസ്യമായായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് വിവരം പുറത്തായതോടെ പ്രതി മുഖ്യമന്ത്രി, സ്പീക്കർ എന്നിവരോടൊപ്പം കൈകൊടുത്ത് നിൽക്കുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങി.

പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങണമെന്നാവശ്യപ്പെട്ട് പതിനേഴുകാരന് വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും നഗ്‌നചിത്രങ്ങളും അയച്ച കേസിലാണ് മറ്റൊരു യുവാവ് അറസ്റ്റിലായത്. വളാഞ്ചേരി വൈക്കത്തൂരിലെ വടക്കേക്കര വീട്ടിൽ നൗഷാദിനെ (32)യാണ് സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന മറ്റൊരു കേസിൽ കൂടിയാണ് എടപ്പാൾ പീഡന വിവരം പുറത്തായതോടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

വളാഞ്ചേരിയിലെ ഒരു തുണിക്കടയില ജോലിക്കാരനായ നൗഷാദ് കടയിൽ തുണിയെടുക്കാൻ വന്ന കുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ വാങ്ങിയ ശേഷം വാട്‌സ് ആപ്പ് വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. ബന്ധുക്കൾ മലപ്പുറം ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിന് റിപ്പോർട്ട് കൈമാറിയിരുന്നു. എന്നാൽ കേസെടുക്കാൻ മടിച്ച പൊലീസ് എപ്പോൾ സംഭവത്തിനു ശേഷം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം മങ്കടയിൽ അമ്മയുടെ ഒത്താശയോടെ പെൺമക്കളെ പീഡിപ്പിച്ച സംഭവത്തിൽ 2017ൽ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിട്ടുണ്ടെന്നും കുട്ടികളുടെ മൊഴി ശേഖരിച്ചതായും പെരിന്തൽമണ്ണ സിഐ പറഞ്ഞു. പരാതിയില്ലെന്നും നിർബന്ധത്തിന് വഴങ്ങിയാണ് പരാതിപ്പെട്ടതെന്നുമാണ് പെൺകുട്ടികൾ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ നിലവിൽ അന്വേഷണമില്ലെന്നും പൊലീസ് അറിയിച്ചു.