കൊച്ചി: സോളാർ തട്ടിപ്പുകാരി സരിത എസ് നായർക്ക് അറസ്റ്റ് വാറണ്ട്. സോളാർ കമ്മീഷന്റേതാണ് ഉത്തരവ്. കമ്മീഷന്റെ താക്കീത് തുടർച്ചയായി അവഗണിക്കുകയും കമ്മീഷൻ മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ചതിനെയും തുടർന്നാണ് സരിതയെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. നേരത്തെ ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കണമെന്ന് സരിതയോട് സോളാർ കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇത് അവഗണിച്ച് ഇന്നും സരിത സോളാർ കമ്മീഷനിൽ ഹാജരായില്ല. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണ് കമ്മീഷനിൽ ഹാജരാകുന്നതിൽ നിന്നും സരിത മുങ്ങി നടന്നത്. ഇതോടെയാണ് സരിതയെ അറസ്റ്റു ചെയ്ത് വിചാരണ ചെയ്യാൻ സോളാർ കമ്മീഷൻ ജസ്റ്റിസ് ജി ശിവരാജൻ ഉത്തരവിട്ടത്.

സരിത ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്നതിന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും ക്രോസ് വിസ്താരം നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ സി.ഡി.ജോണി മുഖേനയാണു സരിത അപേക്ഷ നൽകിയിരുന്നു. എന്നാൽ, എന്നാൽ ക്രോസ് വിസ്താരത്തിനു ഹാജരാകില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ജി.ശിവരാജൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 11ന് സോളാർ കമ്മീഷനിൽ ഹാജരാകാനാണ് സരിതയോടെ സോളാർ കമ്മീഷൻ നിർദേശിച്ചിരുന്നത്. നേരത്തെ വിസ്താരത്തിന് തുടർച്ചയായി രണ്ടുതവണ ഹാജരാവാതിരുന്ന സരിതയ്ക്കെതിരെ കമ്മീഷൻ രൂക്ഷവിമർശനവും നടത്തിയിരുന്നു പ്രമുഖരായ പലർക്കെതിരെയും തെളിവ് നൽകിയെന്ന് മാദ്ധ്യമങ്ങളിലുടെ വിളിച്ചു പറഞ്ഞ് അവരെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് സരിത. എന്നാൽ ഇതേക്കുറിച്ച് വിശദമാക്കുന്നതിന് കമ്മീഷൻ മുമ്പാകെ ഹാജരാവണമെന്ന നിർദ്ദേശം അവർ അവഗണിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. കമ്മീഷൻ രാഷ്ട്രീയം കളിക്കാനുള്ളതാണെന്ന് ആരും ധരിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ശിവരാജൻ പറഞ്ഞിരുന്നു.

ഈ സമയത്ത് സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ തിരക്കിലായതിനാൽ സരിത കമ്മീഷനിൽ ഹാജരാവില്ലെന്ന് അഭിഭാഷകൻ അഡ്വ.സി.ഡി.ജോണി കമ്മീഷനെ അറിയിച്ചു. പിന്നീട് ഇത് മാറ്റി കൈക്ക് സുഖമില്ലെന്ന വാദമാണ് ഉന്നയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയും സരിത ഒളിച്ചുകളി തുടർന്നാൽ കർശന നിലപാട് സ്വീകരിക്കാനാണ് സോളാർ കമ്മീഷന്റെ തീരുമാനം. അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതോടെ പൊലീസ് സരിതയെ തേടി രംഗത്തിറങ്ങിയേക്കും.