ടോക്യോ: ഒളിമ്പിക്‌സ് ജാവലിൻ സ്വർണത്തോടെ ചരിത്ര നേട്ടത്തിലേക്ക് കുതിച്ച നീരജ് ചോപ്രയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ താരം അർഷാദ് നദീം. ട്വീറ്റിലൂടെയായിരുന്നു നദീമിന്റെ അഭിനന്ദനം.ഫൈനലിൽ നീരജ് ചോപ്രയ്ക്കൊപ്പം മെഡൽ സാധ്യത കൽപിക്കെപ്പെട്ടിരുന്ന താരമായിരുന്നു അർഷാദ് നദീം.

യാഗ്യതാ റൗണ്ടിൽ നദീം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഫൈനൽ റൗണ്ടിൽ നീരജ് ചരിത്രത്തിലേക്ക് ജാവലിൻ പായിച്ചപ്പോൾ നദീമിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ആ നിരാശയ്ക്കിടയിലും നീരജ് ചോപ്രയെ അഭിനന്ദിച്ചിരിക്കുകയാണ് പാക് താരം. ' സ്വർണം നേടിയതിൽ നീരജിന് അഭിനന്ദനം. എനിക്ക് മെഡൽ നേടാൻ കഴിയാത്തതിൽ പാക് ജനതയോട് ഞാൻ മാപ്പ് ചോദിക്കുന്നു.' നദീം ട്വീറ്റ് ചെയ്തു.

 

87.58 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. നദീം 84.62 മീറ്ററാണ് ജാവലിൻ പായിച്ചത്. ഒളിമ്പിക് അത്ലറ്റിക്സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് തന്നെയാണ്.