കൊച്ചി: കോവിഡ് കാലത്തെ അടച്ചിട്ട ലോകത്ത് പ്രതീക്ഷകൾ ഉടഞ്ഞു പോകാതെ കലയുടെ കൂട്ടായ്മ. അനിശ്ചിതമായ കാലത്തിനിടെ നടന്ന അഞ്ച് ക്യാമ്പുകൾ . അവിടെ നിർമ്മിച്ച ടെറാക്കോട്ട ശിൽപങ്ങളുടെ പ്രദർശനം എറണാകുളം ദർബാർ ഹാൾ ഗാലറിയിൽ തുടങ്ങി.ശിവദാസ് എടയ്ക്കാട്ടുവയൽ, സുഗതൻ പനങ്ങാട്, ജിനചന്ദ്രൻ നായരമ്പലം, അനിൽ തൊടുപുഴ രാജേന്ദ്രൻ സൗത്ത് പറവൂർ സിദ്ധാർത്ഥ് ഉദയംപേരൂർ എന്നിവരുടെ ടെറാക്കോട്ട ശില്പങ്ങൾ ഫെബ്രുവരി 16 വരെ പ്രദർശനത്തിനുണ്ടാവും.

തൃപ്പൂണിത്തറ ആർ.എൽ. വി. ഫൈനാർട്‌സ് കോളേജിൽ നിന്നും മൂന്ന് പതിറ്റാണ്ട് മുൻപ് കലാപഠനം പൂർത്തിയാക്കിയവരാണ് എല്ലാവരും . വിവിധ മേഖലകളിൽ കലാപ്രവർത്തനങ്ങൾ തുടർന്നു വന്നിരുന്ന ഇവർ കോവിഡ് കാലത്താണ് ശിൽപ്പചിത്ര ആർട്ട് എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. സൗത്ത് പറവൂരിലും ഉദയംപേരൂരിലും നടന്ന ക്യാമ്പുകൾ, ഓൺലൈനായി നടന്ന മൂന്ന് ക്യാമ്പുകൾ എന്നിവയിലാണ് സൃഷ്ടികൾ പൂർത്തിയാക്കിയത്.

കേരള ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളികൃഷ്ണൻ പ്രദർശനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ കെ.ടി മത്തായി കെ. ആർ കുമാർ, പ്രൊഫ: ആർ രവീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു.