ന്യൂഡൽഹി: 'പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ കൂരായണ' എന്ന ചൊല്ലുപോലെയായിരിക്കുകയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ കാര്യവും. ലോക സാംസ്‌കാരിക സമ്മേളനം എന്ന പേരിൽ യമുനാതീരത്തു നടത്തിയ പരിപാടി കഴിഞ്ഞുകിട്ടാൻ ദേശീയ ഹരിത ട്രിബ്യൂണലിനോട് അപേക്ഷിച്ച രവിശങ്കർ പരിപാടി കഴിഞ്ഞപ്പോൾ നിലപാടു മാറ്റി.

ട്രിബ്യൂണൽ വിധിച്ച പിഴ അടയ്ക്കാൻ കഴിയില്ലെന്നാണു രവിശങ്കറിന്റെ ഇപ്പോഴത്തെ വാദം. അടച്ച തുക നഷ്ടപരിഹാരമായി കണക്കാക്കിയാൽ മതിയെന്നാണു രവിശങ്കർ ഇപ്പോൾ പറയുന്നത്.

നിയമത്തെ വീണ്ടും വെല്ലുവിളിച്ചുള്ള നീക്കമാണു ശ്രീ ശ്രീ രവിശങ്കർ നടത്തുന്നത്. ഹരിത ട്രിബ്യൂണൽ വിധിച്ചത് 5 കോടി രൂപ പിഴ ശിക്ഷയാണ്. ഇത് അടയ്ക്കാൻ ആകില്ലെന്നാണു ശ്രീ ശ്രീ രവിങ്കറിന്റെ വാദം. നിലവിൽ അടച്ച പൈസ നഷ്ടപരിഹാരമായി കണക്കാക്കിയാൽ മതി. ലോക സാംസ്‌കാരികോത്സവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. ട്രിബ്യൂണൽ നിർദേശിച്ച പ്രകാരം 25 ലക്ഷം രൂപ അടച്ചിട്ടുണ്ട്. ഇതു ട്രിബ്യൂണൽ തന്നെ നിർദേശിച്ച പ്രകാരം നഷ്ടപരിഹാരമായി കണക്കാക്കിയാൽ മതിയെന്നും ശ്രീ ശ്രീ രവിശങ്കർ വ്യക്തമാക്കി.

ലോക സാംസ്‌കാരികോത്സവത്തോട് അനുബന്ധിച്ച് യമുനാതീരം അലങ്കോലമാക്കിയതിനും പാരിസ്ഥിതികനാശം വരുത്തിയതിനുമാണ് 5 കോടി രൂപ പിഴ അടയ്ക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ചത്. ആദ്യം പിഴയടയ്ക്കില്ലെന്നു പറഞ്ഞ ശ്രീ ശ്രീ രവിശങ്കർ പിന്നീട് നിലപാട് മാറ്റി. 25 ലക്ഷം ആദ്യം അടയ്ക്കാനും ബാക്കി നാലാഴ്ചയ്ക്കകം അടയ്ക്കാനും നൈിർദേശം നൽകി. ഈ നിലപാടും മാറ്റിയിരിക്കുകയാണ് ഇപ്പോൾ.