കേരളത്തിലെ വാഹനബാഹുല്യം ഇതിൽ കൂടുതൽ സഹിക്കാൻ പറ്റുമോ എന്ന കാര്യം സംശയമാണ്. ഓരോ മാസവും കേരളത്തിലെ റോഡുകളിൽ പുതുതായി ഇറങ്ങുന്ന വണ്ടികൾ വികസിത രാജ്യങ്ങളിലേക്കാൾ കൂടുതലാണ്. കേരളത്തിലെ ഇടുങ്ങിയ റോഡുകൾ കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. ഇതിനാൽ വളരെയധികം വാഹനാപകടങ്ങളും കേരളത്തിൽ സംഭവിക്കുന്നു. ഈ വാഹനബാഹുല്യത്തിനു പിന്നിൽ പല കാരണങ്ങളാണുള്ളത്.

ഒരു കാലത്ത് കേരളത്തിൽ സമ്പന്നകുടുംബങ്ങളിൽ മാത്രമാണ് വാഹനം ഉണ്ടായിരുന്നത്. പിന്നീടത് ഒരു കുടുംബത്തിൽ ഒരു വാഹനം എന്ന രീതിയിലേക്ക് മാറി. അതും പിന്നിട്ട് ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ വാഹനം എന്ന സ്ഥിതിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുകയാണ്.

അനിയന്ത്രിതമായി വർധിക്കുന്ന കേരളീയരുടെ ആഡംബര മോഹമാണ് വാഹന ബാഹുല്യത്തിന്റെ മറ്റൊരു കാരണം. ഇതിനെ നിയന്ത്രിച്ചില്ലെങ്കിൽ വളരെ അധികം സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കേരളീയർ അനുഭവിക്കേണ്ടി വരും.

വാഹന ബാഹുല്യം കുറയ്ക്കാൻ കഴിയുന്ന മാർഗങ്ങളിൽ ഒന്നാണ് കാർ പൂളിങ് അല്ലെങ്കിൽ വാൻ പൂളിങ്. വികസിത രാജ്യങ്ങളിൽ വളരെ വിജയകരമായി പിന്തുടർന്ന് പോകുന്ന ഒരു മാർഗമാണ് കാർ പൂളിങ്. ഒരേ സ്ഥലത്തേക്ക് പോകുന്ന മൂന്നോ നാലോ പേർ ചേർന്ന് ഒരു വണ്ടി ഷെയർ ചെയ്തു പോകുന്നതാണ് ഇത്. യാത്രയ്ക്കുള്ള ചെലവോ അല്ലെങ്കിൽ ഇന്ധനത്തിന്റെ ചെലവോ യാത്രക്കാർ ഷെയർ ചെയ്യും. അതിനാൽ നാലു വാഹങ്ങൾ എന്നത് ഒരു വാഹനമായി കുറക്കാൻ കഴിയും.

കേരളത്തിൽ ടെക്‌നോപാർക്കിലും മറ്റും ഇവ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. അവിടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും വാൻ പൂളിങ് അല്ലെങ്കിൽ കാർ ഷെയറിങ് ചെയ്യുന്നവരാണ്. അതു മൂലം അവിടേക്ക് ഉള്ള റോഡുകളിൽ തിരക്കും കുറവാണ്. ഇത് മറ്റു സ്ഥാപനങ്ങളും വ്യക്തികളും അനുകരിച്ചാൽ കേരളത്തിലെ വാഹന ബാഹുല്യം എന്ന അവസ്ഥയ്ക്ക് ഒരു പരിധിവരെ കുറവ് വരുത്താനാകും.

എന്തിനും ഏതിനും കേരളീയർക്ക് ഒരു തുടക്കത്തിന്റെ ആവശ്യം ഉണ്ട്. അത് തുടങ്ങിവയ്ക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ അനുസരിച്ച് ആ പദ്ധതി മുന്നോട്ടു പോകും. മെഗാ സ്റ്റാർ മമ്മൂട്ടി തുടങ്ങി വച്ച മൈ ട്രീ ചലഞ്ച് വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കേരളവും, ഇന്ത്യയും കടന്നു വിദേശരാജ്യങ്ങളിൽ വരെ അതിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. അതുപോലെ ഏതെങ്കിലും സൂപ്പർസ്റ്റാർ അല്ലെങ്കിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വം കാർ പൂളിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരു കാർ പൂളിങ് ചലഞ്ചിന് തുടക്കമിടും എന്ന് ആശിക്കുന്നു. ഈ ആർട്ടിക്കിൾ അവർക്ക് ഒരു പ്രചോദനം ആയി തീരട്ടെ ഒപ്പം തന്നെ ജനങ്ങൾക്കും.