ത്തിരി വേദന ഉണ്ടാക്കിയ ദിവസങ്ങൾ ആണ് കടന്നു പോയത്. കേരളത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ പോലും ചർച്ചാവിഷയം ആകുന്നു എന്നത് ഏറെ ഖേദകരംമാണ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടായി മാറിയോ എന്നൊരു സംശയം.

'ക്ഷീരമുള്ളോരകിടിൻചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം' എന്ന വരികൾ അന്വർതമാക്കുന്ന മാതിരി രാഷ്ട്രീയ പാർട്ടികൾ ഇതൊരു പ്രജരണ ആയുധമാക്കുന്ന നെറികെട്ട ഒരു കാഴ്ചയും പിന്നീട് കണ്ടു.. ഒരു പട്ടിപോലും തിരിഞ്ഞുനോക്കാതിരുന്ന ജിഷയുടെ വീട്ടിലേക്ക് വി.വി.ഐ.പികളുടെ ക്യൂ കാണുമ്പോൾ ലജ്ജ തോന്നുന്നു. പത്തു വോട്ടു കിട്ടാൻ ഏതു തീട്ടവും വാരാൻ തയ്യാറായി നില്ക്കുന്ന നേതാക്കൾ. എല്ലാവനുംകൂടെ ആദ്യം ഈ കേസ് ഒതുക്കാൻ നോക്ക. , ഓൺ ലൈൻ പത്രങ്ങളും, സോഷ്യൽ മീഡിയയും ഒന്നുണർന്നപ്പോൾ ഈ ന്യൂസ് കവർ ചെയ്യാൻ എല്ലാവരെ ക്കാളും മുമ്പിൽ അച്ചടിദൃശ്യ മാദ്ധ്യമങ്ങൾ തിരക്കു കൂട്ടുന്നു, മുഖ്യമന്ത്രി യുടെയും, പ്രതിപക്ഷ നേതാവിന്റെയും വരവിൽ തിക്കുംതിരക്കും അടിയുമുണ്ടാക്കുന്നു. കൊള്ളാം... നടക്കട്ടെ. ഇലക്ഷൻ കഴിയുമ്പോളും ഇവിടൊക്കെ തന്നെ ഉണ്ടാകണം.

വളരെ വേദനാ ജനകമായ കഥയാണ് ജിഷയുടെ. വണ്ടിക്കൂലി ലാഭിക്കാനായി നടന്നു പോയി പഠിക്കുന്ന കുട്ടി. ഭക്ഷണം കഴിക്കാൻ വകയില്ലാതെ ക്ലാസ്സിൽ പട്ടിണിയിരിക്കുന്നവൾ. ഒട്ടും സുരക്ഷിതമല്ലത്ത്ത ഷെഡ്ഡിൽ അക്രമത്തിന്റെ ഭീഷണിയിൽ പ്രായമായ അമ്മയുമൊത്ത് ഉറങ്ങുന്നവൾ. ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്ന ജീവിതം.

ഇവിടെ ഒരു സാധാരണ മനുഷ്യന് തോന്നുന്ന ചില സംശയങ്ങൾ ഉണ്ട്. 20 വർഷത്തിൽപരം ഇതുപോലെ ഒരവസ്ഥയിൽ ആ കുടുംബം എങ്ങിനെ അവിടെ താമസിച്ചു? ആ പരിസരത്തെങ്ങും ആരും ഇവരെ ശ്രദ്ധിച്ചിരുനുന്നില്ലേ?

ഇതിന്റെ ആദ്യ ഉത്തരവാദിത്വം ജിഷയുടെ അയൽപക്കത്തുള്ളവർക്ക് തന്നെയാണ്. ആ കുടുംബത്തിന്റെ അവസ്ഥ അവർ അറിഞ്ഞശേഷമേ മറ്റുള്ളവർ അറിയുള്ളല്ലോ. എങ്ങിനെ ആ കുട്ടി ഇത്രയും വർഷം ആ ഷെഡ്ഡിൽ കഴിഞ്ഞു കൂടി എന്ന് ആരെങ്കിലും നാട്ടുകാർ അന്വേഷിച്ചോ? അവർക്ക് ഭീഷണി ഉണ്ടായിട്ടും എന്തുകൊണ്ട് എല്ലാവരും മൗനം പാലിച്ചു? ഇപ്പോൾ എന്തിനാണ് എല്ലാവരും മുതലകണ്ണീർ പൊഴിക്കുന്നത്. ചെറ്റത്തരം എന്നല്ലാതെ ഇതിന് വേറെ ഒന്നും പറയാനില്ല.

എല്ലാ പ്രദേശത്തും ഉണ്ട് ഇതുപോലെ ജിഷമാർ. അവരുടെ രക്ഷകരാകാൻ ജില്ലതലത്തിലോ സംസ്ഥാന തലത്തിലോ കേന്ദ്ര തലത്തിലോ പോകേണ്ട കാര്യം ഇല്ല. പഞ്ചായത്ത് തലത്തിൽ ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ആ നാട്ടുകാർക്ക് തന്നെ പ്രശ്‌നം പരിഹരിക്കാൻ കഴിയും. അവിടം കൊണ്ട് കഴിഞ്ഞില്ലേൽ പിന്നെ മതിയല്ലോ മറ്റുള്ളവരുടെ കാലുപിടിക്കുന്നത്.

നമ്മുടെ നാട്ടിൽ എല്ലായിടത്തും പള്ളിക്കും അമ്പലത്തിനും വാരി കോരി കൊടുത്ത് പേരെടുക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടല്ലോ. പെരുമ്പാവൂരും അതിൽ നിന്ന് വിഭിന്ന മായിരിക്കില്ല. എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഇവരാരും ഇടപെടുന്നില്ല? വെണ്ടയ്ക്ക അക്ഷരത്തിൽ അച്ചടിച്ചും, വലിയ ശബ്ദത്തിൽ വിളിച്ചു കൂവിയും കിട്ടാത്ത പ്രശസ്തികാരണം അല്ലേ? ഗ്രാമ പഞ്ചായത്ത് തലത്തിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി ജിഷയുടെ കുടുംബം പോലെയുള്ള പാവപെട്ടവരുടെ പുനരധിവാസം നാം ചിന്തിക്കേണ്ടതാണ്. വേണ്ട മുൻകരുതൽ എടുക്കുന്നതല്ലേ അസുഖം വന്നിട്ട് ചികിത്സിക്കുന്നതിലും ഭേദം? കതിരിൽ കൊണ്ട് വളം വച്ചിട്ട് എന്ത് കാര്യം? ആരും വേണ്ട. നമുക്ക് ചുറ്റുംഉള്ളവരെ നമുക്ക് നോക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പുറത്ത് നിന്ന് ആര് വന്ന് നോക്കാനാണ്? സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തു മാറ്റൂ... എന്നിട്ട് മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാൻ പോ..

ഒന്നിനൊന്നായി സ്ത്രീകൾക്കെതിരായി അക്രമങ്ങൾ പെരുകുന്നു. ശക്തമായ നിയമത്തിന്റെ കുറവ് ഒന്നുമല്ല. ഉള്ള നിയമം നടപ്പിലാക്കാനുള്ള ഇച്ചാശക്തി ഇല്ലാത്തതുകൊണ്ട് തന്നെയാണ്. നിയമം ശക്തമായി നടപ്പിലാക്കണം. ചെറ്റത്തരവും ക്രൂരതയും സ്ത്രീകളോട് കാണിക്കുന്നവന്മാരെ വെറുതെ വിടരുത്. അല്ലെങ്കിൽ ചപ്പാത്തിയും, ചിക്കനും ഒക്കെ കഴിച്ച് കൊഴുത്തുരുണ്ട് ഗോവിന്ദ ചാമി മാർ നമ്മുടെ മുന്നിൽ ചിരിച്ചുകൊണ്ട് നടക്കും. അത് കണ്ട് നാം നാല് ചുമരുകൾക്കുള്ളിലും ഫേസ്‌ബുക്കിലും വിപ്ലവം നടത്തി സായൂജ്യം അടയും. മാധമങ്ങൾക്ക് നല്ല സ്‌കൂപ്പ് കിട്ടും, റേറ്റിങ് കേറി വരും, പത്രക്കാർക്ക് വരി സംഖ്യയിൽ ഉണ്ടായ വർദ്ധന കാട്ടി സായൂജ്യം അടയാം.

അതുപോലെ നാടൊട്ടുക്കും അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറയുകയാണ്. ഇതിൽ നല്ല ഒരു ശതമാനം ആൾകാരും ക്രിമിനൽസ് ആണ് എന്ന് നമ്മൾ അറിയുന്നില്ല. പല കേസുകളിലുംപെട്ട് നമ്മുടെ നാട്ടിലേക്ക് ഒളിച്ചോടി വരുന്നവർ. ഇതൊക്കെ നാം കാണണം. ഇവരുടെ ഒക്കെ വിവരങ്ങൾ ശേഖരിക്കാൻ നമുക്ക് സംവിധാനം വേണം. വരുന്നിടത്ത് വച്ച് കാണാം എന്നൊരു അലംഭാവം നമുക്കുണ്ട്. അത് മാറണം.

ഈ ഗ്രാമ താലൂക് ജില്ലാ പഞ്ചായത്തുകൾ ഒക്കെ എന്തിനാണ്? സർട്ടിഫിക്കറ്റുകൾ കൊടുക്കാനും, കക്കൂസ് കെട്ടാനും, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി റോഡുവൃത്തിയാക്കാനും മാത്രമല്ല ഇത്തരം കാര്യങ്ങളിൽ കൂടി ഒന്ന് ശ്രദ്ദിക്കു ന്നത് നല്ലതാണ്. അല്ലെങ്കിൽ പാമ്പിന്റെ യും മനുഷ്യന്റെയും അക്രമം പേടിച്ച് ഉറങ്ങാതെയിരിക്കുന്ന സഹോദരിമാർ നമുക്ക് ചുറ്റും കൂടി വരും.

പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ, മതം, ജാതി, വർഗ്ഗം, രാഷ്ട്രീയം ഇതൊന്നും നോക്കാതെ ജിഷയുടെ കുടുംബത്തെ ഒന്ന് നോക്കാമോ? എങ്കിൽ ജനങ്ങൾ നിങ്ങളെ ഇഷ്ടപ്പെടും. നിങ്ങൾക്ക് വോട്ടു തരും. അല്ലാതെ പോളി-ട്രിക്‌സ് കളിക്കു വാണേൽ .... നമസ്‌ക്കാരം. പാക്കലാം.