- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഐസിസ് ആങ്ങള'മാർക്ക് നന്ദി; സൈബർ സ്പെയ്സിൽ സംഘടിത ശക്തികളെ ഭയപ്പെടേണ്ടി ഇരിക്കുന്നു
എന്റെ 'ബെസ്റ്റ്' സമയമാണ് ഇപ്പോഴെന്ന് തോന്നുന്നു. രണ്ട് ദിവസമായി എനിക്കെതിരെ ആങ്ങളമാരുടെ പൊങ്കാല മഹോത്സവം പൊടി പൊടിക്കുകയാണ്. അതുകൊണ്ട് ചില ഗുണങ്ങളുണ്ടായി. അതാദ്യം പറയാം. വള്ളിക്കുന്ന് ഡോട്ട് കോമിൽ കൂടുതൽ വായനക്കാർ എത്തുന്നു. എഫ് ബി പ്രൊഫൈലിൽ ഫോളോവേഴ്‌സിന്റെ തള്ളിച്ച. നന്ദിയുണ്ട് ആങ്ങളമാരേ നന്ദി. ഇനി വിഷയം ചുരുക്കി പറയാം. കഴിഞ്ഞ

എന്റെ 'ബെസ്റ്റ്' സമയമാണ് ഇപ്പോഴെന്ന് തോന്നുന്നു. രണ്ട് ദിവസമായി എനിക്കെതിരെ ആങ്ങളമാരുടെ പൊങ്കാല മഹോത്സവം പൊടി പൊടിക്കുകയാണ്. അതുകൊണ്ട് ചില ഗുണങ്ങളുണ്ടായി. അതാദ്യം പറയാം. വള്ളിക്കുന്ന് ഡോട്ട് കോമിൽ കൂടുതൽ വായനക്കാർ എത്തുന്നു. എഫ് ബി പ്രൊഫൈലിൽ ഫോളോവേഴ്‌സിന്റെ തള്ളിച്ച. നന്ദിയുണ്ട് ആങ്ങളമാരേ നന്ദി.
ഇനി വിഷയം ചുരുക്കി പറയാം. കഴിഞ്ഞ ദിവസം ഞാനൊരു സ്റ്റാറ്റസ് ഇട്ടിരുന്നു. ഒരു വായനക്കാരൻ എനിക്കയച്ച പ്രതികരണം അദ്ദേഹത്തിന്റെ സമ്മതത്തോടെ ഞാൻ എന്റെ എഫ് ബിയിലിട്ടു. ആയിരത്തിലധികം പേർ ലൈക്ക് ചെയ്ത ഒരു കുറിപ്പ്. അതിലദ്ദേഹം മത തീവ്രവാദത്തിനെതിരെയുള്ള എന്റെ പോസ്റ്റുകളെ അല്പം അതിശയോക്തി കലർത്തി പുകഴ്‌ത്തിയിട്ടുണ്ട് എന്നത് നേരാണ്. ഒരു എൻ ഡി എഫ് അനുഭാവിയായിരുന്ന അദ്ദേഹം തീവ്രവാദലൈനിൽ നിന്ന് മാറി എന്നതാണ് പോസ്റ്റിന്റെ ബോട്ടം ലൈൻ. അതായിരുന്നു അതിന്റെ കാതൽ.. അപ്പോഴേക്ക് ആങ്ങളമാർ ഇളകിപ്പുറപ്പെട്ടു. എൻ ഡി എഫിൽ നിന്ന് മാറുകയോ?.. ആരവിടെ, പിടിയവനെ എന്ന ലൈൻ.. എനിക്കെതിരെ കമന്റുകൾ, അസഭ്യവർഷങ്ങൾ, പോസ്റ്റുകൾ, കാർട്ടൂണുകൾ.. പൊടി പൂരം. ആങ്ങളമാർ വേണ്ടത്ര വിഹരിക്കുന്ന ഒരു എഫ് ബി ഗ്രൂപ്പിലായിരുന്നു കൂടുതലും പ്രത്യക്ഷപ്പെട്ടത് എന്നറിയാൻ കഴിഞ്ഞു.
ആ പ്രതികരണം ഞാൻ തന്നെ എഴുതിയുണ്ടാക്കിയതാണെന്ന മട്ടിലായിരുന്നു പരിഹാസങ്ങൾ.. സ്‌ക്രീൻ ഷോട്ട് വേണമെന്നായി ചിലർ. ആളുടെ പേര് ഒഴിവാക്കിക്കൊണ്ട് സ്‌ക്രീൻ ഷോട്ട് കൊടുത്തു. എനിക്ക് പ്രതികരണം അയച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതല്ലോ. പ്രാദേശിക തലത്തിൽ പൊതുരംഗത്ത് അറിയപ്പെടുന്ന ആ യുവാവിന് ഞാൻ വഴി പ്രയാസങ്ങൾ ഉണ്ടാകരുത് എന്ന് കരുതി മാത്രമായിരുന്നു പേര് ഒഴിവാക്കിയത്. അപ്പോൾ പേര് പറയണമെന്നായി മുറവിളി. ഇതേ ആവശ്യം ഉന്നയിച്ച, ഇത്തിരി മാന്യനെന്ന് കരുതിയിരുന്ന ഒരാൾക്ക് പേര് പരസ്യപ്പെടുത്തരുതെന്ന നിബന്ധനയോടെ അത് നല്കാൻ ഞാൻ തയ്യാറായപ്പോൾ വേണ്ട എന്ന് പറയുകയും പുള്ളി നേരെ പോയി മറ്റൊരു പരിഹാസപോസ്റ്റ് എനിക്കെതിരെ ഇടുകയും ചെയ്തു!!!.
അതിലൊന്നും എനിക്കൊട്ടും വിഷമമില്ല. നിശിതമായി നാം മറ്റുള്ളവരെ വിമർശിക്കുമ്പോൾ എന്നെയും തിരിച്ച് വിമർശിക്കാൻ അവർക്ക് അവസരമുണ്ട്. അതൊക്കെ ആ അർത്ഥത്തിൽ എടുക്കുന്ന ആളാണ് ഞാൻ. പ്രതികരിച്ചവരെല്ലാം ആങ്ങളമാരാണെന്ന അഭിപ്രായവും എനിക്കില്ല. പക്ഷേ 'ആങ്ങള'മാരായിരുന്നു ആ കോറസിന് നേതൃത്വം നല്കിയത് എന്ന് മാത്രം. പക്ഷേ വിഷയം അതൊന്നുമല്ല, സൈബർ സ്‌പേസിലെ ഇത്തരക്കാരുടെ സംഘടിത ശക്തിയെയാണ് നാം ഭയപ്പെടേണ്ടത്. ലോകം മുഴുക്കെ ഭ്രാന്തമെന്ന് വിലയിരുത്തിയ ഒരു കാട്ടാള ചെയ്തിയെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുന്ന നിരവധി പേർ നമുക്കിടയിൽ ഉണ്ടെന്ന ഭയം. ഒരെണ്ണം ഉണ്ടായാൽ മതിയല്ലോ ഒരു സമൂഹം നശിക്കാൻ. അത് നമ്മെ പേടിപ്പെടുത്തേണ്ടതുണ്ട്. കേരളീയ പൊതുസമൂഹം ശ്രദ്ധിക്കേണ്ട ഒന്ന്.
ഒരാഴ്ച മുമ്പ് ഞാനെഴുതിയ 'ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്' എന്ന പോസ്റ്റാണ് ഇവന്മാരെ വല്ലാതെ പ്രകോപിച്ചത് എന്ന് തോന്നുന്നു. എന്റെ പഴയ പല പോസ്റ്റുകളും ദഹിക്കാതെ കിടക്കുന്നുമുണ്ടാകാം. പരിമിതമായ എഴുത്തുകളിലൂടെ എല്ലാ മത തീവ്രവാദങ്ങളെയും എതിർക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും. അതിന് ഇരുപക്ഷത്ത് നിന്നും വേണ്ടത്ര കിട്ടാറുമുണ്ട്. ഓരോ മതവിഭാഗത്തിലും പെട്ടവർ അതാത് മതവിഭാഗങ്ങളിലെ തീവ്രതകൾക്കെതിരെ ശബ്ദിക്കുന്നത് കൂടുതൽ ഗുണം ചെയ്യും എന്നതിനാൽ മുസ്ലിംകൾക്കിടയിൽ ചിലർ വളർത്താൻ ശ്രമിക്കുന്ന ഇത്തരം പ്രവണതകളെക്കുറിച്ച് കൂടുതൽ എഴുതിയിട്ടുണ്ട് എന്ന് മാത്രം. പിന്നെ ഈ പൊങ്കാലകളോട് ഒന്നിനോടും നേരിട്ട് ഞാൻ പ്രതികരിച്ചിട്ടില്ല.
പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. നിങ്ങളവിടെ പോയി എന്താണ് പ്രതികരിക്കാത്തത് എന്ന്. മറ്റൊന്നും കൊണ്ടല്ല, പൊതുവെ ഇവന്മാർക്ക് വികാരം കൂടുതലും ബുദ്ധി കുറവുമാണ്. അതുകൊണ്ട് തന്നെ തർക്കിക്കാൻ പോയിട്ട് കാര്യമില്ല. നമ്മൾക്ക് പറയാനുള്ളത് നാം മുഖം നോക്കാതെ പറയുക. കേൾക്കേണ്ടവർ കേൾക്കും. വായിക്കേണ്ടവർ വായിക്കും. കുരക്കേണ്ടവർ കുരയ്ക്കും. അത്ര തന്നെ.. ഇന്ത്യാവിഷൻ സൈറ്റിൽ പസിദ്ധീകരിച്ച എന്റെ ഒരു കുറിപ്പിന് ഇരുപത്തിയൊന്ന് ലക്ഷം പേജ് വ്യൂസ് ഉണ്ടെന്നറിഞ്ഞു. അത്രയും കൂടുതൽ വായന ആ
ഒരൊറ്റ പോസ്റ്റിൽ മാത്രം നടന്നിട്ടുണ്ട് എന്നർത്ഥം. എന്റെ ബ്ലോഗിലും ഹിറ്റ് മുപ്പത്തിയെട്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ഏതാനും ചൊറിയന്മാർ കൂട്ടം കൂടി നിന്ന് ഓരിയിടുന്നത് അത്ര വലിയ കാര്യമാക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.
അവസാനിപ്പിക്കുന്നതിന് മുമ്പ്, കേരളീയ പൊതുസമൂഹം ഏറെ ആദരിക്കുന്ന മാദ്ധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് സാർ എന്റെ വാളിൽ എഴുതിയ ഒരു കമന്റ് കൂടെ ഇവിടെ പകർത്തുന്നു. മറ്റൊന്നിനും വേണ്ടിയല്ല, ആയിരം പരിഹാസങ്ങൾക്കിടയിലും മനസ്സിന് കരുത്ത് പകരുന്ന കുറച്ച് പേർ ഇവിടെയുണ്ടെന്ന് അറിയിക്കാൻ വേണ്ടി മാത്രം.
'മതത്തിന്റെ പേരിൽ പറഞ്ഞു പരത്തുന്ന മണ്ടത്തരങ്ങളെ വെല്ലുവിളിച്ചാൽ മന്ദബുദ്ധികൾ സഹിക്കില്ല. ഒരു ചാൻസ് കിട്ടിയാൽ കൂട്ടത്തോടെ വരും. അപ്പുറത്ത് സ്ത്രീകൾ മുഖം മുഴുവൻ മറയ്ക്കാൻ പ്രവാചകൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതിന് വേറെ പൊങ്കാല നടക്കുന്നു. നിങ്ങളൊക്കെ എഴുതുന്നത് വായിക്കുമ്പോഴാണ് സുടാപ്പിഎൻ ഡി എഫ് ഐ എസ് ക്രിമിനലുകൾ പറയുന്നതുപോലെയല്ല, കരുണ കൂടി പഠിപ്പിച്ച മതമാണ് ഇസ്ലാം എന്ന് ഉറപ്പിക്കുന്നത്. അഭിനന്ദനങ്ങൾ.'
പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റുകൾ ഇട്ട പ്രിയ സുഹൃത്തുക്കൾക്കും ഈ വിഷയം ചർച്ചയാക്കിയ വെബ്‌പോർട്ടലുകൾക്കും നന്ദി.. അതിലേറെ നന്ദി ആങ്ങളമാർക്കും.

